മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ: കെ. സുരേന്ദ്രനെ ചോദ്യം ചെയ്തു
text_fieldsകാസർകോട്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കോഴ കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ബി.എസ്.പി സ്ഥാനാർഥിയായി പത്രിക നൽകുകയും കോഴ നൽകിയതിനാൽ പിൻവലിക്കുകയും ചെയ്തുവെന്ന കെ. സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. കാസർകോട് ഗവ. ഗെസ്റ്റ്ഹൗസിൽ നടന്ന ചോദ്യം ചെയ്യൽ ഒന്നരമണിക്കൂർ നീണ്ടു.
മഞ്ചേശ്വരം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രൻ പണം നൽകിയതിനാലാണ് പത്രിക പിൻവലിച്ചതെന്ന സുന്ദരയുടെ മൊഴി സുരേന്ദ്രൻ നിഷേധിച്ചു. സുന്ദരയെ അറിയില്ലെന്ന് അദ്ദേഹം അന്വേഷണ സംഘത്തോട് പറഞ്ഞു. പത്രിക പിൻവലിപ്പിക്കാനുള്ള അപേക്ഷയിൽ സുന്ദരയെ കൊണ്ട് ഒപ്പുവെപ്പിച്ചുവെന്ന് പറയുന്ന ഹോട്ടലിൽ താമസിച്ചിട്ടില്ല.
പത്രിക പിൻവലിക്കാൻ ഒപ്പിട്ടുവെന്ന് പറയുന്ന മാർച്ച് 22ന് കാസർകോട് വന്നിട്ടില്ല. യുവമോർച്ച സംസ്ഥാന മുൻ ട്രഷറർ ഉൾപ്പടെയുള്ളവർ സുന്ദരയുടെ വീട്ടിലെത്തി പണം കൈമാറിയെന്ന ആരോപണവും ശരിയല്ല. സുന്ദര നൽകിയ ഏറക്കുറെ മുഴുവൻ മൊഴികളും നിഷേധിക്കുകയാണ് സുരേന്ദ്രൻ ചെയ്തത്.