മാനേജർമാർ വരുന്നു, പോകുന്നു ട്രെയിൻ യാത്രാദുരിതം പഴയപടിതന്നെ
text_fieldsനിറഞ്ഞുകവിഞ്ഞ കോച്ചുകൾക്കുള്ളിൽ കയറിപ്പറ്റാനുള്ള യാത്രക്കാരുടെ ശ്രമത്തെ റെയിൽവേ പൊലീസ് തടയുന്നു
കാസർകോട്: മാറിമാറിവരുന്ന ഡിവിഷനൽ റെയിൽവേ ജനറൽ മാനേജർമാരും ഉദ്യോഗസ്ഥരും പതിവ് സന്ദർശനങ്ങൾ കൊഴുപ്പിക്കുമ്പോഴും ട്രെയിൻ യാത്രാദുരിതം പഴയപടിതന്നെ. ട്രെയിനുകളിൽ കയറിപ്പറ്റാൻ ഇടമില്ലാതെ ടിക്കറ്റ് എടുത്തവർ മടങ്ങി പോകേണ്ട അവസ്ഥയാണുള്ളത്. തിങ്ങിനിറഞ്ഞ കമ്പാർട്മെന്റുകളിലേക്ക് കയറിപ്പറ്റാനുള്ള യാത്രക്കാരുടെ ശ്രമം അപകടത്തിലേക്ക് വഴുതിമാറാതിരിക്കാൻ റെയിൽവേ പൊലീസിന്റെ കാവൽ, വണ്ടിയുടെ വാതിൽപടിക്കൽ പതിവായി.
ഇത് യാത്രക്കാരും പൊലീസും തമ്മിലുള്ള തർക്കത്തിനും കാരണമാകുന്നു. പാലക്കാട് ഡിവിഷനിൽനിന്ന് സ്റ്റേഷൻ സന്ദർശിക്കുന്ന ഉദ്യോഗസ്ഥർക്കുമുന്നിൽ പാസഞ്ചേഴ്സ് അസോസിയേഷനുകൾ യാത്രാദുരിതത്തിന്റെ കെട്ടഴിച്ചുവിടുന്നുണ്ട്. എന്നാൽ, ഒരുതരിപോലും അയവ് ദുരിതത്തിനുണ്ടാകുന്നില്ല. കാസർകോടുനിന്ന് കോഴിക്കോട് ഭാഗത്തേക്കും തിരിച്ചും ചുരുക്കം ചില ട്രെയിനുകൾ മാത്രമാണുള്ളത്. രാവിലെയും വൈകീട്ടുമാണ് വലിയതോതിലുള്ള തിരക്ക് അനുഭവപ്പെടുന്നത്.
സൂചി കുത്താനിടമില്ലാത്ത തിരക്കിനിടയിൽ സ്ത്രീകളും കുട്ടികളും രോഗികളുമടക്കമുള്ള യാത്രക്കാർക്കാണ് ദുരിതമേറെയും. സർക്കാർ ജീവനക്കാരും ആശ്രയിക്കുന്നത് ഇത്തരം ട്രെയിനുകളെയാണ്. ട്രെയിനുകളിൽ കോച്ചുകൾ കുറച്ചുകൊണ്ടിരിക്കുന്നതാണ് ദുരിതം ഇരട്ടിക്കുന്നതിന് പ്രധാന കാരണം. യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കോച്ചുകൾ കൂടുന്നില്ല. റിസർവേഷൻ ടിക്കറ്റുകളും കിട്ടാനില്ല. തത്കാൽ ടിക്കറ്റുകളും വളരെ കുറവാണ്.
കണ്ണൂർ മുതൽ കാസർകോട് വരെയുള്ള സർക്കാർ ഉദ്യോഗസ്ഥരും, വിദ്യാർഥികളും മറ്റുയാത്രക്കാരും പ്രധാനമായും ആശ്രയിക്കുന്ന കണ്ണൂർ-മംഗളൂരു പാസഞ്ചർ ട്രെയിനിൽ കഴിഞ്ഞദിവസം ശ്വാസം മുട്ടിയാണ് പെൺകുട്ടികൾ അടക്കമുള്ളവർ യാത്ര ചെയ്തത്. ബോധരഹിതരായി വീഴുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അധിക കോച്ചുകൾ അനുവദിക്കുന്നതിനോ, കൂടുതൽ ട്രെയിനുകൾ ഓടിക്കുന്നതിനോ, റെയിൽവേയുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ല. ദുരിതത്തിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് പാസഞ്ചേഴ്സ് അസോസിയേഷനുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

