നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും 2023...
text_fieldsകാലയവനികക്ക് പിന്നിലേക്ക് ഒരുവർഷം കൂടി പിൻവാങ്ങുമ്പോൾ കാസർകോട് ജില്ലക്ക് നേട്ടങ്ങളോ കോട്ടങ്ങളോയെന്ന് വേർതിരിച്ചറിയാനാകാത്ത അനുഭവസാക്ഷ്യം. സംഭവബഹുലമായ ഒരുവർഷത്തെ പിന്നിലാക്കിയാണ് കാസർകോട് ജില്ല പുതുവർഷത്തെ വരവേൽക്കുന്നത്
കുഴിമന്തി കഴിച്ച് വിദ്യാർഥിനി ആത്മഹത്യചെയ്ത സംഭവം സൃഷ്ടിച്ച വിവാദത്തോടെയായിരുന്നു ജില്ലയിലേക്ക് 2023 കടന്നുവന്നത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന നിലയിലായിരുന്നു പെരുമ്പള ബേനൂരിലെ വിദ്യാഥിനി അഞ്ജുശ്രീ പാർവതിയുടെ മരണം സംസ്ഥാനതലത്തിൽ തന്നെ വിവാദമായത്. എന്നാൽ, വിശദാന്വേഷണത്തിൽ അഞ്ജുശ്രീ പാർവതിയുടെ മരണം വഴിത്തിരിവിലേക്ക് തിരിയുകയായിരുന്നു. ഹോട്ടലിൽനിന്ന് ഓർഡർ ചെയ്ത് വരുത്തിയ കുഴിമന്തിയിൽ നിന്നുള്ള വിഷബാധയല്ല മരണകാരണമെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് പെൺകുട്ടിയുടെ മരണം ആത്മഹത്യയാണെന്നതിലേക്ക് സംഭവം വഴിമാറിയത്.
നാടിന്റെ നൊമ്പരമായി ആയിഷത്ത് മിൻഹ
മരം ദേഹത്ത് വീണ് വിദ്യാർഥിനി മരിച്ച സംഭവവം ജില്ലയുടെ നോവായി മാറിയതും പിന്നിടുന്ന വർഷത്തിലാണ്. അംഗടിമുഗർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനി ആയിഷത്ത് മിൻഹയുടെ (11) മരണം നാടിന്റെയാകെ വേദനയായി മാറി. അപകടത്തിൽ രിഫാന എന്ന വിദ്യാർഥിനിക്കും പരിക്കേറ്റിരുന്നു. കുട്ടികൾ സ്കൂൾ വിട്ട് പടവുകളിറങ്ങി വരുമ്പോൾ കോമ്പൗണ്ടിലുള്ള മരം പെട്ടെന്ന് കടപുഴകുകയായിരുന്നു.
അഞ്ചുപേരുടെ ജീവനെടുത്ത വാഹനാപകടം
സ്കൂൾ ബസ് ഓട്ടോയിലിടിച്ച് ഓട്ടോയാത്രക്കാരായ ഒരു കുടുംബത്തിെല നാലുപേർ ഉൾപ്പെടെ അഞ്ചുപേർ ദാരുണമായി കൊല്ലപ്പെട്ട സംഭവം 2023ന്റെ നെഞ്ചകം പിളരുന്നതായി. ബദിയഡുക്ക പള്ളത്തടുക്കയിലുണ്ടായ ദാരുണ സംഭവത്തിൽ സഹോദരങ്ങളായ നാല് സ്ത്രീകളും ഓട്ടോഡ്രൈവറുമാണ് മരിച്ചത്. പുത്തൂരിലെ മരണവീട്ടിലേക്കുള്ള യാത്രയാണ് ഇവരെയും മരണത്തിലേക്ക് നയിച്ചത്.
ജില്ലയെ ഞെട്ടിച്ച് കൊലപാതകങ്ങളും
കൊലപാതകങ്ങളും ജില്ലയെ പിടിച്ചുലച്ച വർഷമാണ് ഓടിമറയുന്നത്. പൈവളിഗെ കൊമ്മങ്കളയില്‍ കൊലക്കേസ് പ്രതിയായ യുവാവിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് പോയവർഷമാണ്. കളായിയിലെ പരേതനായ നാരായണ നോണ്ട- ദേവകി ദമ്പതികളുടെ മകന് പ്രഭാകര നോണ്ട (42)യാണ് കൊല്ലപ്പെട്ടത്. വീടിനോട് ചേര്‍ന്ന വിറക് പുരയുടെ മച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തൽ കൊല്ലപ്പെട്ടയാളുടെ സഹോദരന് ജയറാം നോണ്ട ഉൾപ്പെടെ ആറു പേരാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട പ്രഭാകര നായക് കര്‍ണാടക വിട്ലയിലെ കൊലപാതകമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായിരുന്നു. അറസ്റ്റിലായ സഹോദരന് ജയറാം ഒമ്പതോളം കേസുകളിലും പ്രതിയാണ്.
ബദിയടുക്കയിൽ കുഴൽ കിണർ ഉടമയെ കൊലപ്പെടുത്തി ചാക്കിലാക്കി കക്കൂസ് കുഴിയിൽ തള്ളിയ സംഭവവും ജില്ലയെ ഞെട്ടിക്കുന്നതായി. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ സീതാംഗോളി ചൗക്കാട് പിരിപ്പള്ളത്തെ തോമസ് ക്രാസ്റ്റയെയാണ് (63) ചാക്കിൽ കെട്ടി അയൽവാസിയുടെ പറമ്പിലെ കക്കൂസ് കുഴിയിൽ തള്ളിയത്. കേസിൽഅയൽവാസികളായ മുനീർ (41), ഭാര്യ സഹോദരൻ അഷ്റഫ് (38) എന്നിവരാണ് അറസ്റ്റിലായത്.
പാണത്തൂർ ബാബു വധം
ഭാര്യ ഭർത്താവിനെ വീട്ടിനകത്ത് കൊലപ്പെടുത്തിയ സംഭവവും ജില്ലയെ ഞെട്ടിച്ചു. കേസിൽ ഭാര്യക്കൊപ്പം മകനും അറസ്റ്റിലായിരുന്നു. പാണത്തൂർ പുത്തൂരടുക്കത്തെ പനച്ചിക്കാട് വീട്ടിൽ പി.വി. ബാബു (54) വിനെ കൊല്ലപ്പെടുത്തിയ കേസിലാണ് ഭാര്യ സീമന്തനി (46), മൂത്ത മകൻ സബിൻ (19) എന്നിവർ അറസ്റ്റിലായത്. ഭാര്യയുമായുള്ള കലഹത്തിനിടയിലാണ് ബാബു കൊല്ലപ്പെട്ടത്.
മഞ്ചേശ്വരം എം.എൽ.എക്ക് ശിക്ഷ
വോട്ടർ പട്ടികയിൽ വോട്ട് ചേർക്കുന്നതുമായി ബന്ധപ്പെട്ട ഡെപ്യൂട്ടി തഹസിൽദാർ ഉൾപ്പെടെ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എം.എൽ.എയുമായ എ.കെ.എം. അഷറഫ് ഉൾപ്പെടെയുള്ള പ്രതികൾക്ക് ഒരുവർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചതും പിന്നിടുന്ന വർഷത്തെ ജില്ലയിലെ പ്രധാന സംഭവമായി.
കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) മജിസ്ട്രേറ്റ് അബ്ദുൽ ബാസിതാണ് ശിക്ഷ വിധിച്ചത്. ഒരുവർഷം തടവിനു പുറമെ മൂന്നു മാസം കൂടി തടവിന് ശിക്ഷിച്ചിരുന്നു.
2010 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടന്ന വോട്ടർ പട്ടികയിൽ പേരുചേർക്കൽ അപേക്ഷ പരിശോധനയിൽ ബങ്കര മഞ്ചേശ്വരത്തെ താമസക്കാരനും മൈസൂരു സ്വദേശിയുമായ മുനവർ ഇസ്മായിലിന്റെ അപേക്ഷ നിരസിച്ചതാണ് കേസിനാസ്പദമായ സംഭവത്തിലേക്ക് നയിച്ചത്.
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ജില്ലയിൽ രാഷ്ട്രീയ രംഗത്തെ പ്രധാന സംഭവമാണ്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉൾപ്പെട്ടതാണ് കേസ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പിൻവലിക്കാൻ ബി.എസ്.പി സ്ഥാനാർഥി കെ. സുന്ദരക്ക് പണം നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണുമാണ് നൽകിയത്.
സുന്ദര തന്നെ മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് അന്നത്തെ എൽ.ഡി.എഫ് സ്ഥാനാർഥി വി.വി. രമേശൻ ആണ് കോടതിയെ സമീപിച്ചത്. ഈ പരാതിയിലാണ് കെ. സുരേന്ദ്രനടക്കം പ്രതികൾക്കെതിരെ കേസെടുത്തത്. സുരേന്ദ്രന്റെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറും ബി.ജെ.പി ജില്ല പ്രസിഡന്റുമായ അഡ്വ. കെ. ബാലകൃഷ്ണ ഷെട്ടി, യുവമോർച്ച സംസ്ഥാന ട്രഷറർ സുനിൽ നായിക്, മണികണ്ഠറൈ, ലോകേഷ് നോണ്ട എന്നിവരാണ് മറ്റ് പ്രതികൾ.
ഫാഷൻ ഗോൾഡ് കേസ്
ജില്ലയിൽ കോളിളക്കം സൃഷ്ടിച്ച ഫാഷൻ ഗോൾഡ് സ്വർണ നിക്ഷേപ തട്ടിപ്പ് കേസ് 2023ലും ശ്രദ്ധിക്കപ്പെട്ട സംഭവമാണ്. ഒമ്പതുമുതൽ 12 വരെ പ്രതികളാണ് എല്ലാ കേസുകളിലുമുള്ളത്.
കമ്പനി ചെയർമാൻ എം.സി. ഖമറുദ്ദീൻ, മാനേജിങ് ഡയറക്ടർ പൂക്കോയ തങ്ങൾ, മുഹമ്മദ് ഇഷാം, മാനേജർ സൈനുദ്ദീൻ എന്നിവർ എല്ല കേസുകളിലും പ്രതികളാണ്.
കന്നട വിവാദം
ഒട്ടേറെ സമരങ്ങൾ ജില്ല കണ്ടിട്ടുണ്ടെങ്കിലും വ്യത്യസ്ത സമരമാണ് അഡൂര്‍ ഗവ. ഹയർ സെക്കൻഡറി സ്കൂളില്‍ കന്നഡ വിദ്യാർഥികൾ നടത്തിയത്. ഈ സർക്കാർ സ്കൂളിൽ കന്നഡയില്‍ പ്രാഗല്‍ഭ്യമില്ലാത്ത അധ്യാപികയെ കന്നഡ പഠിപ്പിക്കാൻ നിയമിച്ച നടപടിയാണ് വിദ്യാർഥികളുടെ സമരം ക്ഷണിച്ചു വരുത്തിയത്. ഒരു മാസത്തിനുളളില്‍ മാറ്റി പകരം കന്നഡ അറിയാവുന്നവരെ നിയമിക്കണമെന്ന് കേരള ഹൈകോടതി നിർദേശം നൽകിയതോടെയാണ് രണ്ടു മാസത്തോളം നീണ്ട സമരം അവസാനിച്ചത്.
കഴിഞ്ഞ ജൂണ്‍ മൂന്നിനാണ് അഡൂര്‍ ഗവ. ഹയർ സെക്കൻഡറി സ്കൂളില്‍ കന്നഡ വിഭാഗത്തില്‍ കന്നഡ ഭാഷയില്‍ പ്രാവീണ്യമില്ലാത്ത അധ്യാപികയെ നിയമിച്ചത്. ഇതില്‍ പ്രതിഷേധിച്ചു കുട്ടികള്‍ അധ്യാപികയുടെ ക്ലാസ് ബഹിഷ്കരിക്കുകയും നാട്ടുകാരും രക്ഷിതാക്കളും കന്നഡ പോരാട്ടസമിതിയും ഹൈകോടതിയെ സമീപിക്കുകയുമായിരുന്നു.
കെട്ടടങ്ങാതെ എൻഡോസൾഫാൻ വിവാദം
എൻഡോസൾഫാൻ വിവാദം ഈ വർഷവും ജില്ലയിൽ സജീവമായിരുന്നു. പട്ടികയിൽ ഉൾപ്പെടുത്തി കാരണമില്ലാതെ 1031 എൻഡോസൾഫാൻ ദുരിതബാധിതരെ ഒഴിവാക്കിയ സംഭവമാണ് വിവാദത്തിന് വഴിവെച്ചത്. ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഡോസൾഫാൻ ദുരിതബാധിതർക്ക് വീണ്ടും സമരരംഗത്തിറങ്ങേണ്ടി വന്നു.
മാവേലി എക്സ്പ്രസ് പാളം മാറി ഓടി
മാവേലി എക്സ്പ്രസ് ട്രാക്ക് മാറി സഞ്ചരിച്ചത് കാഞ്ഞങ്ങാട് സ്റ്റേഷനിൽ പ്രധാന സംഭവമായതും പിന്നിടുന്ന വർഷമാണ്. ഒന്നാം ട്രാക്കിൽ നിർത്തിയിടേണ്ട ട്രെയിൻ പാളം മാറി സഞ്ചരിച്ചതിനെത്തുടർന്ന് മധ്യത്തിലുള്ള രണ്ടാം ട്രാക്കിൽ നിർത്തിയിടേണ്ടിവന്നു. മംഗളൂരു ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനാണ് ട്രാക്ക് മാറി സഞ്ചരിച്ചത്. സ്റ്റേഷനിൽനിന്ന് സിഗ്നൽ മാറി നൽകിയതാണ് ട്രെയിൻ രണ്ടാം ട്രാക്കിലൂടെ സഞ്ചരിക്കാൻ കാരണമായത്.
മണിപ്പൂർ ഐക്യദാർഢ്യ സദസ്സും വിദ്വേഷ മുദ്രാവാക്യവും
മണിപ്പൂർ ഐക്യദാർഢ്യ സദസ്സിലെ വിദ്വേഷ മുദ്രാവാക്യം ഏറെക്കാലം നിലനിന്ന വിവാദമായിരുന്നു. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത മണിപ്പൂർ ഐക്യദാർഢ്യ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച റാലിയിലാണ് പ്രകോപനപരമായ മുദ്രാവാക്യം വിളിയുയർന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് നഗരസഭയിലെ അബ്ദുൽ സലാമിനെ സംഘടനയിൽനിന്ന് പുറത്താക്കിയിരുന്നു. മുസ്ലിം ലീഗിന്റെ ആശയങ്ങൾക്കു വിരുദ്ധമായ രീതിയിലും അച്ചടിച്ചു നൽകിയതിൽനിന്നു വ്യതിചലിച്ചും പ്രവർത്തിച്ചതിനാണ് ഇയാൾക്കെതിരെ നടപടിയുണ്ടായത്.
ഉത്സവമായി വന്ദേഭാരതിന്റെ വരവ്
ട്രെയിൻ യാത്രയിൽ ഏറെ പിന്നാക്കം നിൽക്കുന്ന ജില്ലയിൽ ഉത്സവാന്തരീക്ഷം തീർത്തായിരുന്നു വന്ദേഭാരത് എത്തിയത്. കാസർകോട് റെയിൽവേ സ്റ്റേഷനിൽനിന്ന് വന്ദേഭാരത് കന്നിയാത്ര ആരംഭിച്ചത് കാസർകോട് ജില്ലക്ക് ചരിത്രമായി. ഏറെ വൈകാതെ തന്നെ രണ്ടാമത്തെ വന്ദേഭാരത് ട്രെയിനും അനുവദിച്ചു കിട്ടിയതോടെ കാസർകോട് നിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ എണ്ണം രണ്ടായി.
തുടരുന്ന രാഷ്ട്രീയ യാത്രകൾ
മിക്ക രാഷ്ട്രീയ പാർട്ടികളുടെയും യാത്രകൾക്കും കാസർകോട്ടുനിന്ന് തുടക്കംകുറിക്കുന്ന പതിവിന് പിന്നിടുന്ന വർഷവും മാറ്റമൊന്നും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭ തന്നെ നടത്തിയ നവകേരള സദസ്സ് ബസ് യാത്രയാണ് ഇതിൽ പ്രധാനം.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ നയിച്ച ജനകീയ പ്രതിരോധ ജാഥ, എസ്.ടി.യു സംസ്ഥാന സന്ദേശ യാത്ര, ജോയന്റ് കൗൺസിൽ സംസ്ഥാന ജാഥ, കിസാൻ സഭ കർഷക രക്ഷാ സംസ്ഥാന യാത്ര എന്നിവയും കാസർകോട് ജില്ലയിൽനിന്ന് തുടങ്ങിയത് മറഞ്ഞുപോകുന്ന വർഷമാണ്. കേരള കോഓപ് ഫ്രണ്ട് സംസ്ഥാന സമ്മേളനം, കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം എന്നിവക്കും കാസർകോട് ജില്ല 2023ൽ വേദിയായി.
വ്യാജ സർട്ടിഫിക്കറ്റ് വിവാദം
രാഷ്ട്രീയ വിവദങ്ങൾക്ക് പുറമെ വ്യാജ സർട്ടിഫിക്കറ്റ് വിവാദവും ജില്ലയിൽ പോയവാർഷം പ്രധാന വാർത്തകളിൽ സ്ഥാനം പിടിച്ചു. മഹാരാജാസ് കോളജിലെ വ്യാജ തൊഴിൽപരിചയ സർട്ടിഫിക്കറ്റ് വിവാദം കാസർകോട് ജില്ലയെയാണ് ബാധിച്ചത്. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാ വിജയൻ കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായതാണ് വിവാദം ജില്ലയെയും പിടിച്ചുലച്ചത്.
റൈസിങ് കാസർകോട്
വികസനം ലക്ഷ്യമിട്ട് ജില്ല പഞ്ചായത്തും ജില്ല വ്യവസായ കേന്ദ്രം സംഘടിപ്പിച്ച റൈസിങ് കാസർകോട് ജില്ലയിലെ വ്യവസായ മേഖലയിൽ പുതിയ ദിശാബോധം നൽകുന്നതായി. നിക്ഷേപക സംഗമത്തിലൂടെ ജില്ലയിൽ 282 കോടി രൂപയുടെ നിക്ഷേപമാണ് ജില്ലക്ക് സംഗമത്തിലൂടെ ലഭിച്ചത്.
പിണറായിയെ ചൊടിപ്പിച്ച അനൗൺസ്മെന്റ്
മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചു തീരുംമുമ്പ് അനൗൺസ്മെന്റ് വന്നതിനെ തുടർന്ന് മുഖ്യമന്ത്രി മൈക്കിനു മുന്നിൽനിന്ന് ചൊടിച്ച് ഇറങ്ങിപ്പോയ സംഭവം പ്രധാന രാഷ്ട്രീയ വിവാദമായതും പിന്നിടുന്ന വർഷമാണ്. കാസർകോട് ബേഡഡുക്ക സർവിസ് സഹകരണ ബാങ്കിന്റെ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. പ്രസംഗം അവസാനിപ്പിച്ച്, മൈക്കിനു മുന്നിൽനിന്ന് മാറുംമുമ്പ് നൊടിയിടയിൽ തന്നെ അനൗൺസ്മെന്റ് ഉണ്ടായതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.
പ്രിൻസിപ്പൽ -എസ്.എഫ്.ഐ ഏറ്റുമുട്ടൽ
കാസർകോട് ഗവ. കോളജ് ഏറെക്കാലം വാർത്തകളിൽ നിറഞ്ഞുനിന്ന വർഷമാണ് 2023. എസ്.എഫ്.ഐ പ്രവർത്തകരും പ്രിൻസിപ്പൽ ഡോ. എം. രമയും തമ്മിലുണ്ടായ പ്രശ്നമാണ് കോളജിനെ വാർത്തകളിൽ നിറച്ചത്. ഒടുവിൽ ഡോ. എം. രമ അവധിയിൽ പോയതോടെയാണ് പ്രശ്നത്തിന് പരിസമാപ്തിയായത്.
ജില്ലക്ക് പുതിയ കലക്ടറും പൊലീസ് മേധാവിയും
കാസർകോട് ജില്ലയുടെ പുതിയ കലക്ടറായി കെ. ഇമ്പശേഖറും ജില്ല പൊലീസ് മേധാവിയായി പി. ബിജോയിയും ചുമതലയേറ്റത് പിന്നിടുന്ന വർഷമായിരുന്നു. ജില്ല കലക്ടറായിരുന്നു സ്വാഗത് ഭണ്ഡാരി രൺവീർ ചന്ദ് കേരള ജല അതോറിറ്റി എം.ഡിയായി സ്ഥലംമാറി പോയ ഒഴിവിലാണ് കെ. ഇമ്പശേഖർ ചുമതലയേറ്റത്. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന എറണാകുളം റൂറൽ പൊലീസ് മേധാവിയായി പോയതിന് പകരമായാണ് തിരുവനന്തപുരം സ്വദേശിയായ പി. ബിജോയി ചുമതലയേറ്റത്.
ജില്ലയുടെ നഷ്ടം
സി.പി.എം നേതാവും മുൻ എം.എൽ.എയുമായ കെ. കുഞ്ഞിരാമൻ, സി.ഐ.ടി.യു നേതാവ് എ.കെ. നാരായണൻ എന്നിവരുടെ നിര്യാണം ജില്ലയിലെ രാഷ്ട്രീയ രംഗത്തെ പ്രധാന നഷ്ടങ്ങളാണ്. എഴുത്തുകാരായ ഇബ്രാഹിം ബേവിഞ്ച, ബിജു കാഞ്ഞങ്ങാട്, കേന്ദ്ര സർവകലാശാല വൈസ് ചാൻസിലർ എച്ച്. വെങ്കിടേശ്വർലു എന്നിവരുടെ മരണം കാസർകോടിന്റെ 2023ലെ നൊമ്പരങ്ങളാണ്. കന്നഡ എഴുത്തുകാരിയും മംഗളൂരുവിൽ താമസക്കാരിയുമായ നോവലിസ്റ്റ് സാറ അബൂബക്കറിന്റെ മരണവും കാസർകോടിനെ ദു:ഖത്തിലാക്കിയ വേർപാടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

