വോട്ട് മറക്കല്ലേ...
text_fieldsകാസർകോട്: മണ്ഡലത്തിലെ സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകളുടെ സൂക്ഷമപരിശോധന പൂര്‍ത്തിയായി. വരണാധികാരിയായ കലക്ടര്‍ കെ. ഇമ്പശേഖറിന്റെ നേതൃത്വത്തിലാണ് സൂക്ഷ്മപരിശോധന നടത്തിയത്. 13 സ്ഥാനാര്‍ഥികളുടെ പത്രികകളാണ് പരിശോധിച്ചത്. അതില്‍ രണ്ടു സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ മതിയായ രേഖകള്‍ ഹാജരാക്കാത്തതിനാല്‍ തള്ളി. ബാലകൃഷ്ണന് ചേമഞ്ചേരി (സ്വതന്ത്രന്), വി. രാജേന്ദ്രന് (സ്വതന്ത്രന്) എന്നിവരുടെ പത്രികകളാണ് തള്ളിയത്. സി.എച്ച്. കുഞ്ഞമ്പു (സി.പി.എം), എ. വേലായുധന് (ബി.ജെ.പി) എന്നിവരുടെ നാമനിര്‍ദേശ പത്രികകള്‍ ഔദ്യോഗിക സ്ഥാനാര്‍ഥികളുടെ പത്രികകള്‍ അംഗീകരിച്ചതിനാല്‍ പരിശോധിച്ച് തള്ളി.
ഇവരാണ് സ്ഥാനാർഥികൾ
എം.എല്‍. അശ്വിനി (ഭാരതീയ ജനത പാര്‍ട്ടി), എം.വി. ബാലകൃഷ്ണന് മാസ്റ്റര്‍ (കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- മാര്‍ക്സിസ്റ്റ്), രാജ്മോഹന്‍ ഉണ്ണിത്താന് (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്), എം. സുകുമാരി (ബഹുജന്‍ സമാജ് പാര്‍ട്ടി), അനീഷ് പയ്യന്നൂര്‍ (സ്വതന്ത്രന്), എന്‍. കേശവ നായക് (സ്വതന്ത്രന്), എന്‍. ബാലകൃഷ്ണന് (സ്വതന്ത്രന്), കെ. മനോഹരന് (സ്വതന്ത്രന്), കെ.ആര്. രാജേശ്വരി (സ്വതന്ത്ര) എന്നീ സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഏപ്രില്‍ എട്ടുവരെ നാമനിര്‍ദേശപത്രിക പിന്‍വലിക്കാം.
397 അവശ്യ സര്‍വിസ് വോട്ടര്‍മാര്‍
മണ്ഡലത്തില്‍ 397 അവശ്യ സര്‍വിസ് വോട്ടര്‍മാര്‍. പൊലീസ്, ഫയര്‍ ആൻഡ് റെസ്ക്യൂ സര്‍വിസ്, ജയില്‍, എക്സൈസ് ഡിപ്പാർട്ട്മെന്റ്, ട്രഷറി, കെ.എസ്.ആര്.ടി.സി, ആരോഗ്യവകുപ്പ്, വാട്ടര്‍ അതോറിറ്റി, ബി.എസ്.എന്‍.എല്‍, ഫോറസ്റ്റ് വകുപ്പ്, റെയില്‍വേ, മീഡിയ എന്നിവയാണ് അവശ്യ സര്‍വിസ് മേഖലയായി തെരഞ്ഞെടുപ്പ് കമീഷന് അനുവദിച്ച് മുന്‍കൂര്‍ വോട്ട് നല്‍കാനുള്ള സൗകര്യം നല്‍കിയത്.
അവശ്യ സര്‍വിസ് വോട്ടര്‍മാരുടെ മണ്ഡലം തിരിച്ചുള്ള കണക്ക്
മഞ്ചേശ്വരം-ഒന്ന്
കാസര്‍കോട്-23
ഉദുമ-50
കാഞ്ഞങ്ങാട്-81
തൃക്കരിപ്പൂര്‍-147
പയ്യന്നൂര്‍-80
കല്യാശ്ശേരി-15
വോട്ടിങ് പ്രക്രിയ മനസ്സിലാക്കാൻ വഴിയുണ്ട്
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ടിങ് പ്രക്രിയ എങ്ങനെയാണെന്ന് മനസ്സിലാക്കാം. ഓണ്‍ലൈനായി voters.eci.gov.in അല്ലെങ്കില്‍, വോട്ടര്‍ ഹെല്പ് ലൈന്‍ ആപ് മുഖേനയും ഓഫ്ലൈനായി ബി.എല്‍.ഒയെ ബന്ധപ്പെട്ടും അല്ലെങ്കില്‍, സമ്മതിദായക സേവനകേന്ദ്രം സന്ദര്‍ശിച്ചും രജിസ്ട്രേഷന് പ്രക്രിയ പൂര്‍ത്തിയാക്കാം. പുതിയ സമ്മതിദായകരായി എൻറോള്‍ ചെയ്യണമെങ്കില്‍ ഇന്ത്യൻ പൗരനായിരിക്കണം. പോളിങ് പ്രദേശത്തെ താമസക്കാരനായിരിക്കണം. 18 വയസ്സോ അതിനുമുകളിലോ പ്രായമുണ്ടായിരിക്കണം. പുതിയ വോട്ടറായി പേര് ചേര്‍ക്കാന്‍ ജനുവരി ഒന്ന്, ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബര്‍ ഒന്ന് എന്നിങ്ങനെ നാല് യോഗ്യത തീയതികള്‍ ലഭ്യമാണ്.
പരിശോധിക്കാൻ
ഫോറം എട്ട് മുഖേന മേല്‍വിലാസം മാറ്റം, രേഖപ്പെടുത്തലുകള്‍ തിരുത്തുന്നതിന്, ഇ.പി.ഐ.സി മാറ്റി ലഭിക്കാന്‍, ഭിന്നശേഷി വോട്ടറായി അടയാളപ്പെടുത്താന്‍ എന്നിവ സാധിക്കും. ഫോറം ഏഴ് മുഖേന വോട്ടര്‍പട്ടികയില്‍ ചേര്‍ത്തിട്ടുള്ള പേരില്‍ കൂട്ടിച്ചേര്‍ക്കലിനോ ഒഴിവാക്കലിനോ ഉള്ള ഒബ്ജക്ഷന് അറിയിക്കാന്‍ സാധിക്കും. സമ്മതിദായകന്റെ പേര് വോട്ടര്‍പട്ടികയില്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ voters.eci.gov.in, ceo.kerala.gov.in വോട്ടര്‍ ഹെല്പ് ലൈന്‍ ആപ് ഉപയോഗിക്കാം. 1950 എന്ന നമ്പറിലേക്ക് ECI< space#$$< #EPIC No > എന്ന ഫോര്‍മാറ്റില്‍ എസ്.എം.എസ് അയക്കാം. വോട്ട് രേഖപ്പെടുത്തണമെങ്കില്‍ വോട്ടര്‍പട്ടികയില്‍ പേരുണ്ടായിരിക്കണം.
ഐ.ഡി കാർഡ് ഏതൊക്കെ?
വോട്ടെടുപ്പ് ദിനത്തില്‍ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം പരിഗണിച്ച് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഒഴിവു ദിനമല്ല. വോട്ട് രേഖപ്പെടുത്തേണ്ട ദിനമാണ്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ പോളിങ് ബൂത്തിനുള്ളില്‍ അനുവദനീയമല്ല. voters.eci.gov.in, വോട്ടര്‍ ഹെല്പ് ലൈന്‍ നമ്പറായ 1950ലേക്ക് വിളിക്കാം. വോട്ടര്‍ ഹെല്പ് ലൈന്‍ ആപ്പും ഉപയോഗിക്കാം. ഏതെങ്കിലും നിയമവിരുദ്ധ പ്രവൃത്തി കാണുന്നുവെങ്കില്‍ സി-വിജില്‍ ആപ് മുഖേന റിപ്പോര്‍ട്ട് ചെയ്യണം.
പോളിങ് സ്റ്റേഷനില്‍ വോട്ടര്‍ ഐ.ഡി കാര്‍ഡ് (ഇ.പി.ഐ.സി), ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, യുനീക് ഡിസെബിലിറ്റി ഐ.ഡി (യു.ഡി.ഐ.ഡി) കാര്‍ഡ്, സര്‍വിസ് ഐഡന്റിറ്റി കാര്‍ഡ്, ബാങ്കിന്റെയോ പോസ്റ്റ് ഓഫിസിന്റെയോ ഫോട്ടോ പതിപ്പിച്ച പാസ് ബുക്ക്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് (തൊഴിൽ മന്ത്രാലയത്തിന്റേത്), ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട്, എന്‍.പി.ആര് സ്കീമിന് കീഴില്‍ ആര്.ജി.ഐ നല്കിയ സ്മാര്‍ട്ട് കാര്‍ഡ്, പെന്ഷന് രേഖ, എം.പിക്കോ, എം.എല്‍.എക്കോ, എം.എല്‍.സിക്കോ നല്കിയ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും അംഗീകൃത തിരിച്ചറിയൽ രേഖ കൊണ്ടുപോകാം.
ആദ്യമായി വോട്ട് ചെയ്യുന്നവർക്ക്
സമ്മതിദായകന് ക്യൂവില്‍ നില്ക്കുന്നു. പോളിങ് ഓഫിസര്‍ വോട്ടര്‍പട്ടികയില്‍ സമ്മതിദായകന്റെ പേരും തിരിച്ചറിയൽ രേഖയും പരിശോധിക്കുന്നു. പോളിങ് ഓഫിസര്‍ സമ്മതിദായകന്റെ ഇടതുകൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടുകയും സ്ലിപ് നല്‍കുകയും ഒപ്പ് വാങ്ങുകയും ചെയ്യുന്നു. പോളിങ് ഓഫിസര്‍ സ്ലിപ് സ്വീകരിക്കുകയും വിരലിലെ മഷിയടയാളം പരിശോധിക്കുകയും ചെയ്യുന്നു. സമ്മതിദായകന് താൽപര്യമുള്ള സ്ഥാനാര്‍ഥിക്ക് നേരെ, നോട്ടക്ക് നേരെയുള്ള ബട്ടൺ ഇ.വി.എമ്മില്‍ അമര്‍ത്തുന്നു. ഒരു ചുവന്ന ലൈറ്റ് തെളിയുന്നു. നോട്ട എന്ന ഓപ്ഷന് ഇ.വി.എം മെഷീനില്‍ അവസാന ഓപ്ഷനായി ലഭിക്കും.
സമ്മതിദായകന് വോട്ടിങ് കമ്പാർട്ട്മെന്റിന് മുന്നിലെത്തുമ്പോള്‍ മൂന്നാം പോളിങ് ഓഫിസര്‍ ബാലറ്റ് യൂനിറ്റ് വോട്ടിങ്ങിന് സജ്ജമാക്കുന്നു. ബാലറ്റ് യൂനിറ്റിലെ റെഡി ലൈറ്റ് പ്രകാശിക്കുന്നു. ബാലറ്റ് യൂനിറ്റില്‍ തിരഞ്ഞെടുത്ത സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നത്തിന് നേരെയുള്ള ബട്ടണിലോ നോട്ടക്ക് നേരെയുള്ളതോ ആയ നീല ബട്ടനില്‍ അമര്‍ത്തുക. ബട്ടൺ അമര്‍ത്തിയ സ്ഥാനാര്‍ഥിയുടെ പേരിനോ ചിഹ്നത്തിനോ നോട്ടക്ക് നേരെയുള്ളതോ ആയ ചുവന്ന ലൈറ്റ് പ്രകാശിക്കുന്നു.
തെരഞ്ഞെടുത്ത സ്ഥാനാര്‍ഥിയുടെ, നോട്ടയുടെ ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് സ്ലിപ് വിവിപാറ്റ് പ്രിന്റ് ചെയ്യുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. കണ്ട്രോള് യൂനിറ്റില്‍നിന്നുള്ള ബീപ് ശബ്ദം വോട്ട് വിജയകരമായി രേഖപ്പെടുത്തി എന്നത് ഉറപ്പുവരുത്തുന്നു. വിവിപാറ്റില്‍ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ഉയര്ന്നശബ്ദത്തിലുള്ള ബീപ് ശബ്ദം കേള്‍ക്കാതിരിക്കുകയോ ചെയ്യുകയാണെങ്കില്‍ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടുക.
വീട്ടിലിരുന്ന് വോട്ട് ചെയ്യാം
ഫോറം 12 ഡി പൂരിപ്പിക്കുക വഴി വോട്ടര്‍മാര്‍ക്ക് (85 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്ക്കും ബെഞ്ച്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുള്ള ഭിന്നശേഷി വ്യക്തികള്‍ക്കും) വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യവും പോസ്റ്റല്‍ വോട്ട് സൗകര്യവും വിനിയോഗിക്കാം. അവശ്യസേവന സര്‍വിസുകളില്‍ തൊഴിലെടുക്കുന്ന വോട്ടര്‍മാര്‍ക്കും ഫോറം 12 ഡി പൂരിപ്പിച്ച് പോസ്റ്റല്‍ വോട്ട് സൗകര്യം പ്രയോജനപ്പെടുത്താം.
തെരഞ്ഞെടുപ്പ് കമീഷന് നല്കുന്ന ആപ്പുകള്‍
സക്ഷം ഇ.സി.ഐ
ഭിന്നശേഷി സൗഹൃദം, ഭിന്നശേഷി വ്യക്തിയാണെങ്കില്‍ സ്വയം അടയാളപ്പെടുത്താം. പുതിയ ഭിന്നശേഷി വോട്ടറായി അപേക്ഷിക്കാം. വീല്‍ ചെയറിനായി അപേക്ഷിക്കാം.
വോട്ടര്‍ ഹെല്പ് ലൈന്‍ ആപ്
രജിസ്ട്രേഷനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കുമുള്ള ഏകജാലക പരിഹാരം. മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ പരിശോധിക്കാം. വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ് ജനറേറ്റ് ചെയ്യാം.
നോ യുവര്‍ കാന്‍ഡിഡേറ്റ് ആപ്
സമ്മതിദായകന്റെ നിയോജകമണ്ഡലത്തിലെ ഓരോ സ്ഥാനാര്‍ഥിയുടെയും സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്ന വിശദാംശങ്ങള്‍ പരിശോധിക്കാം. (യോഗ്യത, ക്രിമിനല്‍ പശ്ചാത്തലം, സ്വത്ത് വിവരങ്ങള്‍, ബാധ്യതകള്‍ എന്നിവ).
സി-വിജില്‍ ആപ്
തെരഞ്ഞെടുപ്പ് വിജ്ഞാപന ദിവസം മുതല്‍ ആപ് ആക്ടീവാകുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം എന്നിവ റിപ്പോര്‍ട്ട് ചെയ്യാം. മൊബൈല്‍വഴി ബന്ധിപ്പിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

