മൊഗ്രാലിൽ സർവിസ് റോഡിൽ ഹമ്പ് പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാർ
text_fieldsമൊഗ്രാൽ ടൗണിലെ സർവിസ് റോഡിൽ ഹമ്പ് ഒഴിവാക്കി
വേഗം നിയന്ത്രിക്കുന്നതിന് ബാരിക്കേഡ് സ്ഥാപിച്ചപ്പോൾ
കാസർകോട്: ദേശീയപാത നിർമാണ കമ്പനിക്കാരുടെ തലതിരിഞ്ഞ നടപടിയിൽ പൊറുതിമുട്ടി മൊഗ്രാലുകാർ. സർവിസ് റോഡിൽ നാട്ടുകാരുടെ അഭ്യർഥന മാനിച്ച് വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ സ്ഥാപിച്ചിരുന്ന ഹമ്പ് റോഡിന്റെ മിനുക്കുപണികൾ നടത്തിയപ്പോൾ ഒഴിവാക്കി ബാരിക്കേഡ് സ്ഥാപിക്കുകയായിരുന്നു.
എന്നാൽ, ഹമ്പ് മാറ്റിയതോടെ ജങ്ഷനിൽ മൂന്നുഭാഗത്തുനിന്നും അമിതവേഗത്തിലാണ് വാഹനങ്ങൾ വരുന്നത്. ഇത് വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്ന് നാട്ടുകാർ പറയുന്നു. പരാതി പരിഹരിക്കേണ്ടവർ പരാതി കരുതിക്കൂട്ടി ഉണ്ടാക്കുകയാണെന്ന ആക്ഷേപമാണ് നാട്ടുകാർക്കുള്ളത്. ഒന്നിനും ദീർഘവീക്ഷണമില്ലാതെയുള്ള നിർമാണപ്രവർത്തനങ്ങളും ജോലികളാകട്ടെ തോന്നുംപടിയെന്നുമാണ് ജനം പറയുന്നത്.
ഒരുഭാഗത്ത് സർവിസ് റോഡ് അടച്ചിട്ട് 20 ദിവസം പിന്നിടുകയാണ്. സ്കൂൾ തുറന്നാൽ റോഡ് മുറിച്ചുകടക്കാനുണ്ടാകുന്ന അപകടസാധ്യത മുൻകൂട്ടി കാണണമെന്നും ഹമ്പ് പുനഃസ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.
വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിന് ഹമ്പ് സ്ഥാപിക്കുമ്പോൾ രാത്രികാലങ്ങളിൽ വാഹനയാത്രക്കാരുടെ ശ്രദ്ധയിൽപെടുന്നതിന് സംവിധാനമൊരുക്കണമെന്നും നാട്ടുകാർ പറയുന്നുണ്ട്. അശാസ്ത്രീയമായി നിർമിക്കുന്ന ഹമ്പുകൾ പലയിടത്തും വാഹനാപകടങ്ങൾക്ക് കാരണമാകുന്നുവെന്ന പരാതിയും നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

