തദ്ദേശ സംവരണം; നറുക്കെടുപ്പിൽ അട്ടിമറിഞ്ഞത് കരുനീക്കങ്ങൾ
text_fieldsകാസർകോട്: തദ്ദേശ സ്ഥാപനങ്ങളിൽ നറുക്കെടുപ്പിലൂടെ സംവരണം നിശ്ചയിച്ചപ്പോൾ അട്ടിമറിഞ്ഞത് നേതാക്കളുടെ കരുനീക്കങ്ങളും പ്രതീക്ഷകളും. പ്രാദേശിക രാഷ്ട്രീയ കരുനീക്കങ്ങളിൽ ഏറെ മുന്നേറിയവരാണ് നറുക്കെടുപ്പിൽ ഇടറിയത്. ഏറ്റവും കൗതുകം ചെങ്കള പഞ്ചായത്തിലാണ്. ജനറൽ വിഭാഗത്തിൽ മുസ്‍ലിം ലീഗിന്റെ ഖാദർ ബദരിയയാണ് നിലവിലെ അധ്യക്ഷൻ. വനിത സംവരണം പ്രതീക്ഷിച്ചായിരുന്നു നേതാക്കൾ കരുനീക്കിയത്.
മുൻമന്ത്രി ചെർക്കളം അബ്ദുല്ലയുടെ മരുമകൾ ജാസ്മിൻ ചെർക്കളത്തിനാണ് അധ്യക്ഷസ്ഥാനം ഉറപ്പിച്ചിരുന്നുത്. നറുക്കെടുപ്പിൽ പട്ടികജാതി സംവരണമായപ്പോൾ മുസ്ലിം ലീഗ് നേതൃത്വത്തിന് തിരിച്ചടിയായി. മുസ്ലിം ലീഗ് വാർഡുകൾ പട്ടികജാതി, പട്ടികവർഗ സംവരണ സീറ്റിലേക്ക് മാറുമ്പോൾ ലീഗിന്റെ പോഷക സംഘടനയായി ദലിത് ലീഗ് നേതാക്കൾക്കാണ് മുൻഗണന നൽകുക. ചെങ്കളയിൽ ദലിത് ലീഗ് ജില്ല വർക്കിങ് കമ്മിറ്റിയംഗം ശശിധരനെയാണ് ആദ്യം പരിഗണികുക.
ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് പദവി വീണ്ടും വനിത സംവരണമായി. സുഫൈജ അബൂബക്കറാണ് നിലവിലെ പ്രസിഡന്റ്. മുമ്പ് ജില്ല പഞ്ചായത്തംഗം കൂടിയായിരുന്നു അവർ. ഇത്തവണ അധ്യക്ഷ സ്ഥാനം വനിതക്ക് ലഭിച്ചതോടെ ചില ലീഗ് നേതാക്കളുടെ പ്രതീക്ഷയും പൊലിഞ്ഞു. മുസ്ലിം ലീഗ് നേതാവ് മജീദ് ചെമ്പിരിക്കയായിരുന്നു ചെമ്മനാട് പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്കുണ്ടായിരുന്നത്. ഇവിടെ വൈസ് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനാണ്. നിലവിലെ പ്രസിഡന്റ് സുഫൈജ അബൂബക്കർതന്നെ അധ്യക്ഷ സ്ഥാനത്ത് തുടർന്നേക്കുമെന്ന് പറയുന്നു. പ്രസിഡന്റ് എന്ന നിലയിൽ അവരുടെ പ്രവർത്തനം തൃപ്തികരമാണെന്ന വിലയിരുത്തൽ ലീഗിലുണ്ട്.
അജാനൂർ ഗ്രാമപഞ്ചായത്തിൽ അധ്യക്ഷ സ്ഥാനം വനിത സംവരണമാണ്. ടി. ശോഭയാണ് പ്രസിഡന്റ്. രാഷ്ട്രീയരംഗത്ത് ശോഭക്ക് വലിയ പരിചയമില്ലാത്തതാണ് പഞ്ചായത്ത് ഭരണത്തിൽ പാർട്ടിയുടെ നിയന്ത്രണം ശക്തമാക്കാൻ ഡി.വൈ.എഫ്.ഐ ജില്ല നേതാവായ കെ. സബീഷിനെ പഞ്ചായത്തുതലത്തിൽ മത്സരിപ്പിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്തിരുത്തിയത്. അടുത്ത പ്രസിഡന്റ് കെ. സബീഷ് എന്നാകുമെന്ന ധാരണയായിരുന്നു. കണക്കുകൾ തെറ്റിച്ച് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വനിതക്ക് സംവരണം ചെയ്തു. സബീഷിനെ മത്സരിപ്പിക്കാനുള്ള ഇടംതേടുകയാണ് സി.പി.എം.
കിനാനൂർ കരിന്തളം പഞ്ചായത്ത് അധ്യക്ഷ സ്ഥാനം എസ്.ടി സംവരണമായത് സി.പി.എമ്മിലെ വനിതകൾക്ക് തിരിച്ചടിയായി. നിലവിൽ ടി.കെ. രവി പ്രസിഡന്റായ ജനറൽ പദവിയാണ്. വനിത സംവരണത്തിലേക്ക് മാറിയാൽ വൈസ് പ്രസിഡന്റ് ടി.പി. ശാന്ത, മഹിള നേതാവ് കെ.ഇ. എലിസബത്ത് എന്നിവരിൽ ആരെ പരിഗണിക്കുമെന്ന പ്രയാസത്തിലായിരുന്നു സി.പി.എം. കഴിഞ്ഞ തവണ ജില്ല പഞ്ചായത്ത് എൽ.ഡി.എഫിന് നേടികൊടുത്തത് മുൻ കോൺഗ്രസ് നേതാവ് പാദൂർ കുഞ്ഞാമു ഹാജിയുടെ മകൻ ഷാനവാസ് പാദൂരാണ്.
ചെങ്കള ഡിവിഷനിൽ സ്വതന്ത്രനായി മത്സരിച്ച് ലീഗിന്റെ സീറ്റ് പിടിച്ചെടുത്തു. അതിന്റെ ഉപകാര സ്മരണക്കാണ് വൈസ് പ്രസിഡന്റ് സ്ഥാനം ഷാനവാസിന് നൽകിയത്. ഇഞ്ചോടിഞ്ച് പോരാട്ടമുള്ള ജില്ല പഞ്ചായത്തിൽ യു.ഡി.എഫ് സീറ്റ് പിടിക്കുകയെന്നത് പ്രധാനമാണ്. ഇത്തവണ ഷാനവാസ് യു.ഡി.എഫ് സീറ്റിൽ ജയിച്ചാൽ പ്രസിഡന്റാകുമെന്ന് പറയുന്നു. എന്നാൽ, അദ്ദേഹത്തെ മത്സരിപ്പിക്കാൻ സീറ്റില്ലാത്ത സ്ഥിതിയാണ്. നിലവിലെ ചെങ്കള ഡിവിഷൻ വനിതക്ക് സംവരണം ചെയ്തു. ഷാനവാസിന് മത്സരിക്കാവുന്ന, ഉദുമ, പെരിയ ഡിവിഷനുകൾ എല്ലാം വനിത സംവരണ സീറ്റുകളായി മാറി. കാറടുക്ക ബ്ലോക്ക് അധ്യക്ഷസ്ഥാനം നിലവിൽ ജനറൽ വിഭാഗത്തിലാണ്. നറുക്കെടുപ്പിൽ വീണ്ടും ജനറൽ വിഭാഗത്തിന് ലഭിച്ചു. നിലവിലെ പ്രസിഡന്റ് സി.പി.എമ്മിന്റെ സിജിമാത്യൂ വീണ്ടും പ്രസിഡന്റാകാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

