കാസര്‍കോട് നഗരസഭ; ആധികാരികം യു.ഡി.എഫ് വിജയം
text_fieldsകാസർകോട് വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന ലീഗ് പ്രവർത്തകൻ
കാസര്‍കോട്: കാസര്‍കോട് നഗരസഭയിൽ പോരാട്ടം കടുക്കുമെന്ന രാഷ്ട്രീയവിലയിരുത്തൽ മറികടന്ന് ലീഗ് എളുപ്പത്തിൽ നഗരഭരണം നിലനിർത്തി. മുസ്‍ലിം ലീഗിന്റെ പാളയത്തിൽപടയൊന്നും ഇവിടെ പ്രശ്നമായതേയില്ല. വിമതരെ പാഠം പഠിപ്പിച്ചുള്ള ജൈത്രയാത്രയാണ് നഗരസഭയിൽ യു.ഡി.എഫ് നടത്തിയത്. എന്നാൽ, സ്വതന്ത്രയായി മത്സരിച്ച ഹൊന്നമൂലയിലെ ഷക്കീന മൊയ്തീൻ ഇക്കുറിയും തുടരും. തുടർച്ചയായി മൂന്നാം തവണയാണ് ഇവിടെ സ്വതന്ത്രൻ ജയിച്ചുകയറുന്നത്. മുമ്പ് ഷക്കീനയുടെ ഭർത്താവ് കമ്പ്യൂട്ടർ മൊയ്തീനാണ് ഇവിടെ സ്വതന്ത്രനായി ജയിച്ചിരുന്നത്.
ആകെയുണ്ടായിരുന്ന 39 സീറ്റിൽ 22 സീറ്റും ലീഗ് നേടി അധികാരത്തിന്റെ ഏണിയിൽ കയറി. ഒരു സീറ്റ് കോൺഗ്രസും ഒരു സ്വതന്ത്രനുമടക്കം 24 സീറ്റ് നേടിയാണ് യു.ഡി.എഫ് നഗരഭരണം കൈയാളുക. സി.പി.എം കഴിഞ്ഞപ്രാവശ്യത്തെ സീറ്റ് നിലനിർത്തുകയും ഒരു സ്വതന്ത്രനടക്കം തങ്ങളുടെ സീറ്റ് രണ്ടായി വർധിപ്പിക്കുകയും ചെയ്തു. ബി.ജെ.പി 12 സീറ്റാണ് നേടിയത്.
കഴിഞ്ഞതവണ ഇത് 14 ആയിരുന്നു. നഗരസഭയിൽ മുന്നേറാൻ ബി.ജെ.പി അടിത്തട്ടിൽതന്നെ നല്ല പണി എടുത്തിരുന്നെങ്കിലും രണ്ടു സീറ്റ് കുറഞ്ഞത് അവർക്ക് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. കടപ്പുറം സൗത്ത് വാർഡ് കോൺഗ്രസിലെ ആർ. രഞ്ജീഷയും ലൈറ്റ്ഹൗസ് വാർഡിലെ സി.പി.എം സ്വതന്ത്ര സ്ഥാനാർഥി കെ.എൻ. ഉമേശനുമാണ് ബി.ജെ.പിയുടെ വാർഡുകൾ പിടിച്ചെടുത്തത്.
നഗരസഭ രൂപവത്കരിച്ചതു മുതൽ രണ്ടുതവണ മാത്രമാണ് യു.ഡി.എഫിന് ഭരണം നഷ്‌ടമായത്. ആ രണ്ടുതവണയും ഇടതുപക്ഷമാണ് ഭരണം പിടിച്ചെടുത്തത്. നിലവിൽ നഗരസഭയിലെ വലിയ രണ്ടാമത്തെ കക്ഷി ബി.ജെ.പിയായിരുന്നു. വർഷങ്ങളായി നഗരസഭയിലെ പ്രതിപക്ഷമായ ബി.ജെ.പി ഭരണം ലക്ഷ്യമിട്ടിരുന്നെങ്കിലും ഇത്തവണ സീറ്റ് കുറഞ്ഞത് അവർക്ക് വലിയ ആഘാതമാണുണ്ടാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

