തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് ജില്ല
text_fieldsകാസർകോട്: ത്രിതലപഞ്ചായത്തിന്റെ രാഷ്ട്രീയചിത്രം രൂപപ്പെടുത്തുന്നതിന് ജില്ലയിൽ മുന്നണികളും പാർട്ടികളും തെരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക്. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളാണ് ജില്ലയിൽ പ്രധാനം. മുന്നണികളിൽെപടാത്ത പാർട്ടികളും സജീവമായി രംഗത്തിറങ്ങികഴിഞ്ഞു.
ഇടതുവലത് മുന്നണികൾക്കിടയിൽ 15 ഓളം പഞ്ചായത്തുകളിൽ എൻ.ഡി.എ പ്രധാന ശക്തിയുമാണ്. വെൽെഫയർ പാർട്ടി, എസ്.ഡി.പി.ഐ, പി.ഡി.പി എന്നിവരും തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഒരുക്കം തുടങ്ങിയിട്ടുണ്ട്.
എൽ.ഡി.എഫ്
എൽ.ഡി.എഫ് ജില്ല പഞ്ചായത്ത് ചിത്രം ഇന്ന് തെളിയും. സി.പി.എം, സി.പി.ഐ, ആർ.ജെ.ഡി, കേരള കോൺഗ്രസ് കക്ഷികളാണ് മുന്നണിയിൽ മത്സര രംഗത്തുള്ളത്. സി.പി.എം നാല്, സി.പി.ഐ, കേരള കോൺഗ്രസ്(എം.), ആർ.ജെ.ഡി സ്വതന്ത്രൻ എന്നിവർ ഒന്നുവീതം അംഗങ്ങളാണ് ജില്ല പഞ്ചായത്തിലുണ്ടായത്.
സി.പി.എം 11 സീറ്റിലും സി.പി.ഐ മൂന്ന് സീറ്റിലും മറ്റുള്ളവർ ഓരോ സീറ്റിലുമാണ് കഴിഞ്ഞ തവണ മൽസരിച്ചത്. സീറ്റുകളിൽ മാറ്റമുണ്ടാകുമെങ്കിലും സീറ്റുകളുടെ എണ്ണത്തിൽ മാറ്റമുണ്ടാകാനിടയില്ല. ജില്ല പഞ്ചായത്തിൽ വർധിച്ച ഒരു സീറ്റ് സി.പി.എം എടുത്തേക്കും. ഐ.എൻ.എല്ലും കഴിഞ്ഞതവണ മത്സരിച്ചിരുന്നു. ഇത്തവണ എൻ.സി.പി.എസ് ഒരു സീറ്റ് ആവശ്യപ്പെടുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ പ്രാദേശിക ഘടകങ്ങളിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
യു.ഡി.എഫ്
യു.ഡി.എഫിൽ 13ന് ചിത്രം വ്യക്തമാകും. കോൺഗ്രസ്, മുസ്ലിം ലീഗ്, സി.എം.പി എന്നീ കക്ഷികളാണ് കഴിഞ്ഞതവണ ജില്ല പഞ്ചായത്തിൽ യു.ഡി.എഫിൽ മത്സരിച്ചത്. കഴിഞ്ഞതവണ എട്ട് സീറ്റിൽ കോൺഗ്രസും ഏഴ് സീറ്റിൽ മുസ്ലിംലീഗും ഒരു സീറ്റിൽ സി.എം.പിയും മത്സരിച്ചിരുന്നു. ലീഗ് നാലിലും കോൺഗ്രസ് മൂന്നിലും വിജയിച്ചു. ഇത്തവണ കൂടുതൽ സീറ്റുകൾ ഘടകകക്ഷികൾക്ക് വിട്ടുനൽകിയേക്കും.
ഇത്തവണ ജില്ല പഞ്ചായത്തിലെ സീറ്റുകളുടെ എണ്ണം 17ൽനിന്ന് 18 ആയി വർധിച്ചിട്ടുണ്ട്. കോൺഗ്രസിനും മുസ്ലിംലീഗിനും ഉറച്ച വിജയസാധ്യതയുള്ള സീറ്റുകളിൽ അവർ മത്സരിക്കും. സി.എം.പി, കേരള കോൺഗ്രസുകളിലെ അനൂപ് വിഭാഗം, ജേക്കബ് വിഭാഗം, ജോസഫ് വിഭാഗം, മാണി സി. കാപ്പൻ വിഭാഗം എന്നിവർ യു.ഡി.എഫ് ഘടക കക്ഷികളാണ്.
എൻ.ഡി.എ
എൻ.ഡി.എയുടെ ജില്ലപഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥി ചിത്രം ഇന്ന് തെളിയും. ബി.ഡി.ജെ.എസാണ് മുഖ്യസഖ്യകക്ഷിയെന്ന് പറയുന്നുവെങ്കിലും മുന്നണി സംവിധാനം നിശ്ചലമാണ് എന്നാണ് ബി.ജെ.പി വൃത്തങ്ങൾ പറയുന്നത്. ജില്ലയിലെ 18 ഡിവിഷനിലും സ്ഥാനാർഥികളെ നിർത്താനാണ് ബി.ജെ.പി തീരുമാനം. ബി.ഡി.ജെ.എസ് ആവശ്യപ്പെടുന്ന പക്ഷം ചർച്ചയാകും.
കഴിഞ്ഞ ജില്ല പഞ്ചായത്തിൽ രണ്ട് സീറ്റുകളാണ് ബി.ജെ.പിക്കുണ്ടായിരുന്നത്. മൂന്ന് ഗ്രാമ പഞ്ചായത്തുകളിൽ അധ്യക്ഷ സ്ഥാനവുമുണ്ടായിരുന്നു. ഇത് വർധിപ്പിക്കാനുള്ള പരിശ്രമങ്ങൾ നേരത്തേ തന്നെ തുടങ്ങി.
വെൽഫെയർ പാർട്ടി
വെൽഫെയർ പാർട്ടി ജില്ല പഞ്ചായത്തിലെ മൂന്ന് ഡിവിഷനുകളിൽ മത്സരിക്കും. ഒമ്പത് ഗ്രാമപഞ്ചായത്തുകളിലും പാർട്ടി മത്സര രംഗത്തുണ്ടാകും.
എസ്.ഡി.പി.ഐ
എസ്.ഡി.പി.ഐ മൂന്ന് ജില്ല പഞ്ചായത്ത് ഡിവിഷനുകളിലാണ് മത്സരിക്കുക. നഗരസഭ, ഗ്രാമ പഞ്ചായത്തുകളിലാണ് 15 എണ്ണത്തിൽ മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

