ലിറ്റിൽ കൈറ്റ്സ്: പ്രവർത്തനത്തിന് ഇനി സ്റ്റുഡന്റ് മെന്റർമാരും
text_fieldsകാഞ്ഞങ്ങാട് ഐ.എച്ച്.എസ് അജാനൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ലിറ്റിൽ കൈറ്റ്സ് സ്റ്റുഡന്റ്സ് മെന്റർ പരിശീലനത്തിൽനിന്ന്
കാസർകോട്: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ‘ലിറ്റിൽ കൈറ്റ്സ്’ ഐ.ടി ക്ലബുകളുടെ പ്രവർത്തനം കൂടുതൽ ജനകീയവും ഫലപ്രദവുമാക്കാൻ ലക്ഷ്യമിട്ട് പുതിയ ‘സ്റ്റുഡന്റ് മെന്റർ’ പദ്ധതിക്ക് പൊതുവിദ്യാഭ്യാസവകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) തുടക്കം കുറിച്ചു. നിലവിൽ ജില്ലയിലെ 123 സ്‌കൂൾ യൂനിറ്റുകളിലായി 12066 കുട്ടികൾ ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളാണുള്ളത്. പദ്ധതിയുടെ ഭാഗമായി 246 അധ്യാപകർ ജില്ലയിൽ കൈറ്റ് മെന്റർമാരായി പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമെയാണ് 10 കുട്ടികൾക്ക് ഒരു വിദ്യാർഥി എന്ന നിലയിൽ ജില്ലയിലെ 123 യൂനിറ്റുകളിൽനിന്ന് 410 ‘സ്റ്റുഡന്റ് മെന്റർമാരെ’ ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്തത്.
കേവലം സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നതിനപ്പുറം, കുട്ടികളിൽ സഹാനുഭൂതിയും വിനിമയപാടവവും വളർത്തിയെടുക്കുകയാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യമെന്ന് സ്റ്റുഡന്റ് മെന്റർമാർക്കുള്ള ആദ്യ ശിൽപശാലയിൽ ഓൺലൈനായി സംവദിച്ച കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് പറഞ്ഞു. ലിറ്റിൽ കൈറ്റ്സ് യൂനിറ്റിലെ പ്രവർത്തന മികവ്, നേതൃത്വപാടവം, സഹജീവികളോടുള്ള താൽപര്യം, ആശയവിനിമയശേഷി, സാങ്കേതിക പരിജ്ഞാനം എന്നിവയുടെ അടിസ്ഥാനത്തിൽ ഒമ്പതാം ക്ലാസിലെ അംഗങ്ങളിൽനിന്നാണ് സ്റ്റുഡന്റ് മെന്റർമാരെ തെരഞ്ഞെടുത്തത്. യൂനിറ്റിലെ അംഗസംഖ്യക്കനുസൃതമായി രണ്ട് മുതൽ നാലുവരെ മെന്റർമാരാണ് ഓരോ സ്കൂളിലും ഉണ്ടാകുക. തങ്ങളുടെ ഗ്രൂപ്പിലുള്ള 10 കൂട്ടുകാർക്കും ഐ.ടി ഉൾപ്പെടെയുള്ള പാഠഭാഗങ്ങൾ കൃത്യമായി മനസ്സിലാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ക്ലാസുകളിൽ അധ്യാപകരെ സഹായിക്കുക, ക്ലബിന്റെ പൊതുപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക എന്നിവയാണ് ഇവരുടെ പ്രധാന ചുമതലകൾ. കൂടാതെ, ഡിജിറ്റൽ തുല്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി വീടുകളിൽ ലാപ്ടോപ്പോ സ്മാർട്ട്ഫോണോ ഇല്ലാത്ത കുട്ടികളെ കണ്ടെത്തി അവർക്ക് സ്കൂൾ ലാബുകളിൽ പ്രത്യേക സൗകര്യം ഒരുക്കാനും ഈ സ്റ്റുഡന്റ് മെന്റർമാർ മുൻകൈയെടുക്കും. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി നെറ്റ്‌വർക്കാണ് യുനിസെഫിന്റെ വരെ പ്രശംസ പിടിച്ചു പറ്റിയ ‘ലിറ്റിൽ കൈറ്റ്സ്’. സ്റ്റുഡന്റ് മെന്റർമാർക്ക് കൈറ്റ് തുടർ പരിശീലനങ്ങൾ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

