ഉല്ലാസ് സാക്ഷരത പക്ഷാചരണത്തിന് തുടക്കം
text_fieldsലോക സാക്ഷരതാദിനത്തിന്റെ ഭാഗമായി ജില്ല സാക്ഷരത മിഷന്റെ നേതൃത്വത്തില്‍ ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ ചെര്‍ളടുക്ക മുളിപ്പറമ്പ് ഉന്നതിയില്‍ നടത്തിയ ഭവന സന്ദര്‍ശനം
കാസർകോട്: ലോകസാക്ഷരതാദിനത്തിന്റെ ഭാഗമായി ഉല്ലാസ് സാക്ഷരത പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കമായി. കേന്ദ്രസര്‍ക്കാര്‍ നേതൃത്വത്തില്‍ ഇന്ത്യയിലെ നിരക്ഷരത നിര്‍മാര്‍ജനത്തിന് ആരംഭിച്ച പദ്ധതിയാണ് ഉല്ലാസ്. സാക്ഷരതയുടെയും തുടര്‍ വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുകയാണ് പക്ഷാചരണത്തിന്റെ ലക്ഷ്യം.
ജില്ല സാക്ഷരത മിഷന്റെ നേതൃത്വത്തില്‍ ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ ചെര്‍ളടുക്ക മുളിപ്പറമ്പ് ഉന്നതിയില്‍ ഭവന സന്ദര്‍ശനം നടത്തിയാണ് ജില്ലയിലെ സാക്ഷരത പക്ഷാചരണത്തിന് തുടക്കം കുറിച്ചത്. കാസര്‍കോട് ഗവ. കോളജിലെ ബിരുദ വിദ്യാര്‍ഥികളാണ് ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി ഭവനസന്ദര്‍ശനം നടത്തിയത്. സാക്ഷരത മിഷന്റെ വിവിധ കോഴ്‌സുകളെ പരിചയപ്പെടുത്തുകയും താൽപര്യമറിയിച്ചവരുടെ രജിസ്‌ട്രേഷന് പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിക്കുകയുമാണ് ഭവന സന്ദര്‍ശനത്തിലൂടെ ചെയ്തതെന്ന് ടീം ലീഡര്‍ എസ്.കെ. ദീക്ഷിത പറഞ്ഞു.
വിവിധ കോഴ്സുകളിലേക്ക് അമ്പതോളം പേര്‍ താൽപര്യം അറിയിച്ചു. കെ. അമൃത, യു.സി. അഞ്ജലി, വിനിത വിനോദ്, യജ്‌ന എ. ആള്‍വ, ഭരത് രാജ് ഷെട്ടി എന്നിവരടങ്ങിയ ടീമാണ് ഭവന സന്ദര്‍ശനം നടത്തിയത്. സാക്ഷരത മിഷന്‍ ജില്ല കോഓഡിനേറ്റര്‍ കെ.വി. രതീഷ്, ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രേരക് എസ്. ജ്യോതി എന്നിവരും ഭവന സന്ദര്‍ശനത്തില്‍ പങ്കാളികളായി. സെപ്റ്റംബര്‍ ആറിന് ജില്ലയിലെ തുല്യതാപഠന കേന്ദ്രങ്ങളില്‍ പഠിതാക്കളുടെ സംഗമം നടക്കും. തുടര്‍ വിദ്യാഭ്യാസത്തിന്റെ അനന്ത സാധ്യതകള്‍ എന്ന വിഷയം അവതരിപ്പിക്കും. പഠിതാക്കള്‍ അനുഭവസാക്ഷ്യം പങ്കുവെക്കും. മുതിന്ന പഠിതാക്കളെ ആദരിക്കും.
എട്ടിന് ലോക സാക്ഷരത ദിനത്തില്‍ ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും സാക്ഷരത പ്രതിജ്ഞ ചൊല്ലും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തുല്യതാ പഠിതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. സാക്ഷരത പ്രേരക്മാര്‍ നേതൃത്വം നല്‍കും. സംസ്ഥാനതല പരിപാടി എട്ടിന് തിരുവനന്തപുരത്ത് അയ്യന്‍കാളി ഹാളില്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

