പുലിഭീതിയിൽ രാവണീശ്വരം
text_fieldsകാഞ്ഞങ്ങാട്: രാവണീശ്വരത്തിന്റെ വിവിധ ഭാഗങ്ങളിൽ പുലിഭീതി. കളരിക്കാലിലും മാക്കി കല്ലുവരമ്പത്തുമാണ് പുലിയെ കണ്ടതായി പറയുന്നത്. കളരിക്കാലില്‍ ശശിയുടെ വീടിന് സമീപത്താണ് കഴിഞ്ഞദിവസം രാത്രി ഒമ്പതോടെ പുലിയെ കണ്ടത്. വിവരത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് റേഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജിതിന്, വാച്ചര്‍ വിജേഷ് എന്നിവര്‍ സ്ഥലത്തെത്തി കാല്പാടുകള് പരിശോധിച്ചു.
സംശയത്തെ തുടര്‍ന്ന് സ്ഥലത്ത് കാമറ സ്ഥാപിച്ചു. പിന്നാലെ മുക്കൂടിലും പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. അടുക്കത്തിൽ സമദിന്റെ വീടിനടുത്തുള്ള ക്വാർട്ടേഴ്സിന് പിറകിലൂടെ രാത്രി പുലി പോകുന്നത് കണ്ടുവെന്നാണ് പറയുന്നത്. ഇവിടെ പരിശോധനയിൽ കാൽപ്പാടുകൾ കണ്ടെത്തിയെങ്കിലും പുലിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് കാഞ്ഞങ്ങാട് ഫോറസ്റ്റ് ഓഫിസർ രാഹുൽ പറഞ്ഞു. ആഴ്ചകൾക്ക് മുമ്പ് മടിക്കൈ പഞ്ചായത്തിലെ പലഭാഗങ്ങളിലും കോട്ടപ്പാറക്കും നെല്ലിത്തറക്ക് സമീപവും പുലിയെ കണ്ടതായി പറഞ്ഞിരുന്നു. ഇവിടങ്ങളിൽ കണ്ട പുലി തന്നെയാകാം രാവണീശ്വരം ഭാഗത്ത് കണ്ടതെന്നാണ് സംശയം.
മടിക്കൈയിൽ ആഴ്ചകളോളം നാട്ടുകാരുടെ ഉറക്കംകെടുത്തിയ പുലി പട്ടികളെയും ആടുകളെയും കൊന്നിരുന്നു. മടിക്കൈയുടെ പല ഭാഗത്തും കാമറ സ്ഥാപിച്ചിരുന്നു.
ഒരിക്കൽ ഒരു ഭാഗത്ത് പുലിയെ കണ്ടാൽ പിന്നെ കിലോമീറ്ററുകൾ അകലെ മറ്റൊരിടത്താവും പ്രത്യക്ഷപ്പെടുക. ഒടയംചാലിനടുത്തും പുലിയെ കണ്ടതായി ചിലർ പറഞ്ഞു. എല്ലായിടത്തും വനപാലകർ പാഞ്ഞെത്തി തിരച്ചിൽ നടത്തും. നാട്ടുകാരുടെ കണ്ണിൽപ്പെടുന്ന പുലി വനപാലകർക്കിടയിലൂടെ വഴുതി മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

