നിയമസഭ തെരഞ്ഞെടുപ്പ്; വോട്ടു യന്ത്രങ്ങളുടെ പരിശോധന ഇന്നുമുതൽ
text_fieldsകാസർകോട്: 2026ലെ കേരള നിയമസഭ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ ഉപയോഗിക്കുന്ന വോട്ടു യന്ത്രങ്ങളുടെയും വിവിപാറ്റുകളുടെയും ഒന്നാംഘട്ട പരിശോധന ജനുവരി മൂന്നിന് ആരംഭിക്കും.
കലക്ടറേറ്റിലെ ഇ.വി.എം വെയർഹൗസിൽ പ്രത്യേകം സജ്ജമാക്കിയ ഹാളിൽ നടക്കുന്ന പരിശോധന ജനുവരി 25 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ നിന്നുള്ള അംഗീകൃത എൻജിനീയർമാരുടെ നേതൃത്വത്തിൽ ജില്ല തെരഞ്ഞെടുപ്പ് ഓഫിസറുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധനകൾ നടക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷന്റെ നിലവിലുള്ള നിർദേശങ്ങൾ അനുസരിച്ച്, എഫ്.എൽ.സി വിജയിക്കുന്ന യന്ത്രങ്ങൾ മാത്രമേ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുകയുള്ളൂ.
ജില്ല തിരഞ്ഞെടുപ്പ് ഓഫിസർക്കുപുറമെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും വിവിധ തലങ്ങളിൽ ഈ പ്രക്രിയ നിരീക്ഷിക്കുന്നുണ്ട്. വോട്ടിങ് യന്ത്രങ്ങളുടെ പ്രവർത്തനക്ഷമതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനായി എല്ലാവിധ സുരക്ഷ ക്രമീകരണങ്ങളും ജില്ല ഭരണകൂടം പൂർത്തിയാക്കിയിട്ടുണ്ട്.
പരിശോധനാ പ്രക്രിയക്ക് സാക്ഷ്യം വഹിക്കുന്നതിനായി ജില്ലയിലെ അംഗീകൃത ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടികളോട് തങ്ങളുടെ പ്രതിനിധികളെ അധികാരപ്പെടുത്താൻ ഡിസംബർ 22ന് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.
രാഷ്ട്രീയ പാർട്ടികളുടെ ജില്ല ആസ്ഥാനങ്ങളിലും സംസ്ഥാന ആസ്ഥാനങ്ങളിലും ഇതുസംബന്ധിച്ച അറിയിപ്പുകൾ കൈമാറി. യന്ത്രങ്ങളുടെ പരിശോധന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇ.സി.ഐ വെബ്സൈറ്റിൽ ലഭ്യമായ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ മാനുവലിൽ ലഭ്യമാണെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

