ഇല്ലാത്ത ഭൂമിയിലേക്ക് കുടിയേറാൻ ലക്ഷ്മിയമ്മക്ക് നോട്ടീസ്
text_fieldsകാസര്‍കോട്: 90 വർഷമായി താമസിക്കുന്ന മണ്ണിൽനിന്ന് കുടിയിറങ്ങാൻ വില്ലേജ് ഓഫിസ് അധികൃതർ നോട്ടീസ് നൽകിയതായി വീട്ടുടമ ലക്ഷ്മിയമ്മയുടെ മകൾ കമല, പേരക്കുട്ടി അജിത് കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കാസര്‍കോട് നായ്കസ് റോഡിൽ താമസിക്കുന്ന കുടുംബത്തിന്റെ വീട് നിലനിൽക്കുന്ന സ്ഥലത്തിന് രേഖയുണ്ടായിരുന്നില്ല. ഇവർക്ക് വേറെ സ്ഥലമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പട്ടയമോ, ലൈഫ് പദ്ധതിയിൽ വീടോ അനുവദിച്ചിട്ടില്ല. ലക്ഷ്മിയമ്മക്ക് വേറെ സ്ഥലമുണ്ടെന്ന് കാണിച്ചാണ് വില്ലേജ് ഓഫിസർ കുടിയൊഴിയാൻ നോട്ടീസ് നൽകിയത്.
എന്നാൽ, തനിക്ക് വേറെ ഭൂമി ഉള്ളതായി ലക്ഷ്മിയമ്മക്ക് അറിയില്ല. അത് കാണിച്ചുകൊടുക്കാൻ റവന്യൂ അധികൃതർ തയാറുമല്ല. മാറിപ്പോകേണ്ട സ്ഥലത്തിന്റെ സര്‍വേ നമ്പര്‍ ഉള്‍പ്പെടെ നല്‍കിയിട്ടുണ്ടെങ്കിലും അങ്ങനെയൊരു സ്ഥലം ഇവര്‍ക്ക് അനുവദിച്ചതിന്റെ രേഖകള്‍ ഇല്ലെന്ന് ആർ.ഡി.ഒയും പറയുന്നു. 90 വര്‍ഷമായി കുടിയിരിക്കുന്ന ഭൂമിയില്‍നിന്ന് മൂന്ന് ദിവസത്തിനകം കുടിയൊഴിയണമെന്നും അല്ലെങ്കില്‍ ഒഴിപ്പിക്കല്‍ നടപടി സ്വീകരിക്കുമെന്നുമാണ് നോട്ടീസ്. ‘ഭൂമിക്കായി വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടമാണ് നടത്തിയത്. എന്നിട്ടും റവന്യൂ അധികൃതരില്‍നിന്ന് മനുഷ്യത്വ വിരുദ്ധമായ സമീപനമാണുണ്ടായത്.’ കാസര്‍കോട് വില്ലേജിലെ സര്‍വേ നമ്പര്‍ 89/11ല്‍പ്പെട്ട സ്ഥലത്താണ് 92 കാരിയായ ലക്ഷ്മിയമ്മയും മകള്‍ കമലാക്ഷിയും മകന്റെ ഭാര്യ ചിത്രയും അവരുടെ മൂന്ന് മക്കളും കഴിയുന്നത്.
വര്‍ഷങ്ങളായി കുടിയിരിപ്പുള്ള സ്ഥലത്തുനിന്ന് 122/1 പി.ടിയിൽ പെട്ട സ്ഥലത്തേക്ക് മാറാനാണ് ഉത്തരവ്. എന്നാല്‍, ഇതേ സര്‍വേ നമ്പര്‍ പ്രകാരമുള്ള സ്ഥലം സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞ് വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷക്ക് ജൂണ്‍ 28ന് ആർ.ഡി.ഒ നല്കിയ മറുപടിയില്‍ ഈ സര്‍വേ നമ്പറില്‍ ലക്ഷ്മിയമ്മക്ക് ഭൂമി അനുവദിച്ചതിന്റെ രേഖകള്‍ ഫയലില്‍ കാണുന്നില്ലെന്നും പറയുന്നു. കുടുംബം റവന്യൂ മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

