ലക്ഷം രൂപയും സ്വർണാഭരണങ്ങളും പിടികൂടി
text_fieldsപിടികൂടിയ സ്വർണവും മറ്റു വസ്തുക്കളും
കാസർകോട്: ലക്ഷം രൂപയും സ്വർണവും വെള്ളിയാഭരണങ്ങളും എക്സൈസ് പിടിച്ചു. എക്സൈസ് പിന്തുടർന്നപ്പോൾ ഉപേക്ഷിച്ച സ്വിഫ്റ്റ് കാറിൽനിന്നാണ് ലക്ഷം രൂപയും സ്വർണം, വെള്ളി ആഭരണങ്ങളും നാല് ഫോണുകളും തകർന്ന പൂട്ടും ഉൾപ്പെടെ കണ്ടെത്തി.
ബുധനാഴ്ച പുലർച്ച ആദൂർ എക്സൈസ് ചെക് പോസ്റ്റിൽ കെമു യൂനിറ്റിലെ പ്രിവന്റിവ് ഓഫിസർ എ.ബി. അബ്ദുല്ലയും സംഘവും നടത്തിയ വാഹന പരിശോധനയിൽ നിർത്താതെപോയ മാരുതി സ്വിഫ്റ്റ് കാറിലാണ് ദുരൂഹസാഹചര്യത്തിൽ പണവും ആഭരണങ്ങൾ ഉൾപ്പെടെ കണ്ടെത്തിയത്. കാറിനെ പിന്തുടർന്നപ്പോൾ മുള്ളേരിയ-ബദിയടുക്ക റോഡിൽ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ച് കാർ തകർന്നു.
ഇതോടെ വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർ കടന്നുകളഞ്ഞു. വാഹനം പരിശോധിച്ചപ്പോഴാണ് 140.6 ഗ്രാം സ്വർണാഭരണങ്ങൾ, 339.2 ഗ്രാം വെള്ളി, 1,01,700 രൂപ, നാലു മൊബൈൽ ഫോണുകൾ, രണ്ടു ചുറ്റിക, പൊട്ടിയ പൂട്ട്, രേഖകൾ ഉൾപ്പെടെ കണ്ടെത്തിയത്. ഇവ മോഷ്ടിച്ചതാണെന്ന സംശയത്തിൽ വാഹനവും മുതലുകളും ആദൂർ പൊലീസിന് കൈമാറി.
പ്രിവന്റിവ് ഓഫിസർമാരായ രാജേഷ്, മുഹമ്മദ് കബീർ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. അസി. എക്സൈസ് കമീഷണർ ജനാർദനൻ ഡ്യൂട്ടിയിലുണ്ടായിരുന്ന അജീഷിനൊപ്പം സ്ഥലത്തെത്തി. ആദൂർ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

