തൊഴിലാളിക്ഷാമം; കേരകർഷകർ നിരാശയിൽ
text_fieldsകാസർകോട്: തെങ്ങിൽ കയറാൻ ആളിനെ അന്വേഷിച്ച് നെട്ടോട്ടമോടുന്ന കാലമാണിത്. ഓരോ തെങ്ങിൽനിന്ന് കിട്ടുന്ന തേങ്ങയുടെ വിലയെക്കാളും കൂടുതൽ തുകയാണ് തെങ്ങുകയറ്റത്തിന് കൂലിയായി ആവശ്യപ്പെടുന്നത്. പച്ചത്തേങ്ങക്ക് നല്ല വില ലഭിക്കുന്ന സന്ദർഭത്തിൽപോലും തെങ്ങുകയറ്റ തൊഴിലാളികളെ കിട്ടാത്തത് നാളികേരകർഷകരെ നിരാശയിലാക്കുന്നു. പച്ചത്തേങ്ങ പറിച്ചുവിൽക്കേണ്ട സമയത്ത് തെങ്ങുകയറ്റ തൊഴിലാളികളെ കിട്ടാത്തതിനാൽ തേങ്ങ ഉണങ്ങിവീഴുകയാണ്. ഇതിനാകട്ടെ വിലയുമില്ല. പരമ്പരാഗത തെങ്ങുകയറ്റ തൊഴിലാളികൾ ഇപ്പോൾ ഈ തൊഴിലിനോട് വിമുഖത കാണിക്കുന്നതും പുതുതലമുറ ഈ രംഗത്തേക്ക് വരാൻ മടിക്കുന്നതുമാണ് തൊഴിലാളിക്ഷാമം ഇത്രയും രൂക്ഷമാക്കിയത്.
സംസ്ഥാനത്ത് 15 കോടി തെങ്ങുകളുണ്ടെന്നാണ് നാളികേര വികസന കോർപറേഷൻ കണക്ക്. ഇതനുസരിച്ച് തേങ്ങ പറിക്കാനുള്ള നാമമാത്രമായ തൊഴിലാളികളാണ് രംഗത്തുള്ളത്. ഇപ്പോൾ ഒരു തെങ്ങിൽ കയറിയാൽ 50 രൂപയാണ് തൊഴിലാളിയുടെ കൂലി. നേരത്തെ ഇത് 30-40 രൂപയെന്ന ക്രമത്തിലായിരുന്നു. തൊഴിലാളിക്ഷാമം കൂലി കൂട്ടുന്ന അവസ്ഥയിലേക്കെത്തി. പച്ചത്തേങ്ങക്ക് 80 രൂപ വിപണിയിൽ വില ഈടാക്കിയപ്പോൾ തൊഴിലാളികളുടെ കൂലി 60 രൂപയായി വർധിപ്പിച്ചു.
തൊഴിലാളിക്ഷാമം പരിഹരിക്കാൻ തെങ്ങുകയറ്റയന്ത്രം ഉപയോഗിച്ചുള്ള പരിശീലനമൊക്കെ മുറപോലെ നടക്കുന്നുണ്ടെങ്കിലും തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥക്ക് പരിഹാരമായിട്ടില്ലെന്ന് നാളികേരക്കർഷകർ പറയുന്നു. തെങ്ങുകയറ്റ തൊഴിലാളികൾക്ക് സർക്കാറിൽനിന്ന് വേണ്ടത്ര സംരക്ഷണമോ സഹായമോ ലഭിക്കാത്തതാണ് ഈരംഗത്ത് വരാൻ ജോലിക്കാർ മടിക്കുന്നതെന്ന് പറയുന്നു.
തെങ്ങുകയറ്റ തൊഴിലാളികൾ തെങ്ങിൽനിന്ന് വീണുമരിക്കുന്നതും ഗുരുതരമായി പരിക്കേൽക്കുന്നതുമായ സംഭവങ്ങൾ ഉണ്ടായിട്ടും വിഷയം സർക്കാർ ഗൗരവത്തിലെടുത്തില്ലെന്ന ആക്ഷേപവും തൊഴിലാളികൾക്കുണ്ട്. തെങ്ങുകയറ്റ തൊഴിലാളികളുടെ ക്ഷാമം കണക്കിലെടുത്ത് നാളികേര വികസന ബോർഡ് തെങ്ങുകയറ്റ തൊഴിലാളികളുടെ
ഡയറക്ടറിതന്നെ തയാറാക്കിയിരുന്നു. ഇതുപ്രകാരം ജില്ലയിൽ മാത്രം 1500ലേറെ തെങ്ങുകയറ്റ തൊഴിലാളികളുണ്ടെന്ന് 2015ൽ പ്രസിദ്ധീകരിച്ച ഡയറക്ടറിയിലുണ്ട്. തെങ്ങുകയറ്റ പരിശീലനം നേരിടുന്ന ഓരോ തൊഴിലാളിക്കും ഒരുവർഷത്തേക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുമെന്നും വിജ്ഞാൻ കേന്ദ്രയുടെ സഹായത്തോടെ പദ്ധതി നടപ്പാക്കുമെന്നും നാളികേര വികസന കോർപറേഷൻ അറിയിച്ചിരുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

