അന്വേഷണ മികവിന്‍റെ ഓർമകളുമായി കെ.വി. ദാമോദരൻ വിരമിക്കുന്നു
text_fieldsകെ.വി. ദാമോദരൻ
കാസർകോട്: ഏൽപിച്ച കുറ്റാന്വേഷണങ്ങളിൽ, എല്ലാ പ്രതികളെയും അറസ്റ്റുചെയ്ത് തിളക്കമാർന്ന സർവിസ് ഓർമകളുമായി സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.വി. ദാമോദരൻ വിരമിക്കുന്നു.
1995 എസ്.ഐ ബാച്ചിൽ പൊലീസ് ഓഫിസറായി സർവിസിൽ കയറിയ ദാമോദരൻ പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വിവിധ തസ്തികകളിൽ ജോലിചെയ്തു.
2016-18 വർഷത്തിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയായിരിക്കെ ചീമേനി ജാനകി ടീച്ചർ വധക്കേസ്, പെരിയ സുബൈദ വധക്കേസ്, പെരിയാട്ടടുക്കം ദേവകി വധക്കേസ് തുടങ്ങിയവയുടെ അന്വേഷണത്തിന് മേൽനോട്ടം വഹിച്ചു.
20 ഓളം കൊലക്കേസുകൾ അന്വേഷിച്ചു. എല്ലാ കേസുകളിലും പ്രതികളെ അറസ്റ്റ് ചെയ്യാനും വിചാരണ പൂർത്തിയാക്കി, ഭൂരിപക്ഷ കേസുകളിലും പ്രതികൾക്ക് ശിക്ഷ ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.
വയനാട് ജില്ല ക്രൈംബ്രാഞ്ചിലായിരിക്കെ മണിചെയിൻ ആംവേ കേസിൽ വിദേശികൾ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായിരിക്കെയാണ്, മുസ്ലിം ലീഗ് നേതാവായ എം.സി. ഖമറുദ്ദീൻ പ്രതിയായ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്. ഈ കേസും അറസ്റ്റും കാഞ്ഞങ്ങാട്ടെ അബ്ദുറഹിമാൻ ഔഫ് വധക്കേസും ഏറെ ശ്രദ്ധേയമായിരുന്നു.
ഏറെക്കാലം ജനമൈത്രിയുടെ ജില്ല നോഡൽ ഓഫിസറായിരുന്നു. പരേതനായ തച്ചങ്ങാട് മക്കാക്കോടൻ കോരന്‍റെയും കെ. കമ്മാടത്തു അമ്മയുടെയും മകനാണ്.
ഭാര്യ: പി. സരിത. മക്കൾ: പി. സച്ചിൻ (പയ്യന്നൂർ ഗുരുദേവ് കോളജ് ഡിഗ്രി വിദ്യാർഥി), പി. സാരംഗ്, പി. ദേവിക (ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥികൾ).