കുടുംബശ്രീയുടെ യാത്രാശ്രീ; ആദ്യ യാത്ര നാളെ
text_fieldsകാസർകോട്: ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് യാത്ര ഇടങ്ങള്‍ പരിചയപ്പെടുത്തി വഴികാട്ടിയാവാന്‍ ഇനി കുടുംബശ്രീയുടെ യാത്രാശ്രീയും. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ജില്ല മിഷന്റെ കീഴില്‍ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലയിലെ വിവിധ സി.ഡി.എസുകളില്‍ നിന്നായി 18 യുവ വനിതകളെയാണ് യാത്രാശ്രീ അംഗങ്ങളായി തെരഞ്ഞെടുത്തത്. ട്രാവല്‍ ആൻഡ് ടൂറിസം കോഴ്സ് കഴിഞ്ഞവരടക്കമുള്ള അംഗങ്ങള്‍ എല്ലാവരും ബിരുദധാരികളാണ്. കുടുംബശ്രീയുടെയും ബി.ആര്.ഡി.സിയുടെയും ആഭിമുഖ്യത്തില്‍ ഇവര്‍ക്കായി പരിശീലനം നല്കി. ജില്ലക്ക് അകത്തും പുറത്തുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുകയും വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തുകയുമാണ് യാത്രാശ്രീയിലൂടെ ലക്ഷ്യം വെക്കുന്നത്. വിനോദസഞ്ചാര മേഖലയിലെ കാസര്‍കോടന്‍ വൈവിധ്യങ്ങളെ പരിചയപ്പെടുത്താനും സപ്തഭാഷ സംഗമഭൂമിയുടെ വിനോദസഞ്ചാരത്തിന് പുതിയ മുഖം നല്‍കാനും യാത്രാശ്രീക്ക് കഴിയും. നാട്ടുകാരെ കൂടി ഉള്‍പ്പെടുത്തി അവര്‍ക്കടക്കം വരുമാനം ഉണ്ടാക്കാന്‍ സാധിക്കുന്ന തരത്തില്‍ ഉത്തരവാദിത്ത ടൂറിസമാണ് യാത്രാശ്രീ നടപ്പാക്കുക.
നവംബര്‍ 10ന് യാത്രാശ്രീയുടെ നേതൃത്വത്തില്‍ 75 അംഗ മൈസൂര്‍ - ഊട്ടി ആദ്യ യാത്ര നടത്തും. വലിയ പറമ്പ, പള്ളിക്കര എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് രണ്ട് ഗ്രൂപ്പുകളായാണ് യാത്രാശ്രീയുടെ പ്രവര്‍ത്തനം. ബേക്കല്‍ കോട്ടക്കുന്ന് ബി.ആര്.ഡി.സിയുടെ ഓഫിസിനോട് തൊട്ടടുത്താണ് യാത്രാശ്രീ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഫോണ്‍: 9188842937 ഇമെയില്‍ yathrasreebekaltourism@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

