ഫണ്ടില്ല; കുമ്പള കഞ്ചിക്കട്ട-കൊടിയമ്മ പാലം നവീകരണം നീളും
text_fieldsഅപകടാവസ്ഥയിലായ കുമ്പള കഞ്ചിക്കട്ട-കൊടിയമ്മ പാലം
കാസർകോട്: സംസ്ഥാന ബജറ്റിൽ ഫണ്ട് നീക്കിവെക്കാത്തത് കാരണം കുമ്പള കഞ്ചിക്കട്ട-കൊടിയമ്മ പാലം നവീകരണം നീളും. കാലപ്പഴക്കംമൂലം ജില്ല റോഡ് സേഫ്റ്റി അതോറിറ്റി നിർദേശപ്രകാരം ഒരുവർഷമായി റോഡ് അടച്ചിട്ടിരിക്കുകയാണ്. ഇതുമൂലം വിദ്യാർഥികൾ അടക്കമുള്ള നാട്ടുകാർ വലിയ പ്രയാസമാണ് നേരിടുന്നത്. മൈനർ ഇറിഗേഷൻ വകുപ്പിന്റെ അധീനതയിലാണ് കഞ്ചിക്കട്ട-കൊടിയമ്മ വി.സി.ബി കം ബ്രിഡ്ജ്.
പാലം അടച്ചിട്ടപ്പോൾ തന്നെ പുതിയ പാലത്തിനുള്ള ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കുകയും ഡിസൈൻ ലഭ്യമാക്കുകയും ചെയ്തിരുന്നു. എന്നാൽ, അപ്രോച്ച് റോഡിനാവശ്യമായ സ്ഥലലഭ്യത തടസ്സം സൃഷ്ടിച്ചത് തുടർനടപടികൾ വൈകാനിടയാക്കി. തുടർന്ന് എ.കെ.എം. അഷ്റഫ് എം.എൽ.എയും ജനകീയ ആക്ഷൻ കമ്മിറ്റിയും കുമ്പള പഞ്ചായത്തും ചേർന്ന് കഴിഞ്ഞമാസം സ്ഥലലഭ്യത ഉറപ്പുവരുത്തി. ഇതോടെ, പദ്ധതിക്കായുള്ള ഡി.പി.ആർ തയാറാക്കി നബാർഡിൽ സമർപ്പിച്ചു. 27 കോടിയുടെ പദ്ധതി നബാർഡിന്റെ പരിഗണനയിലാണ്.
സംസ്ഥാന സർക്കാറിന്റെ ഗുരുതര സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഫണ്ട് അനുവദിക്കാത്തതെന്നാണ് വിശദീകരണം. പാലം പുനർനിർമാണം ആവശ്യപ്പെട്ട് നാട്ടുകാരും ജനകീയ ആക്ഷൻ കമ്മിറ്റിയും കലക്ടറേറ്റ് ധർണയടക്കമുള്ള സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. സർക്കാർ ഫണ്ട് അനുവദിക്കാത്ത സാഹചര്യത്തിൽ വീണ്ടും പ്രക്ഷോഭ പരിപാടികൾക്ക് ഒരുങ്ങുകയാണ് നാട്ടുകാരും ആക്ഷൻ കമ്മിറ്റിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

