വിവാദങ്ങളിൽ കുടുങ്ങി കുമ്പള; കുഴങ്ങി ലീഗ് നേതൃത്വം
text_fieldsകുമ്പള: പഞ്ചായത്ത് ഭരണസമിതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പരിഹരിക്കാനാവാതെ മുസ്ലിം ലീഗ് ജില്ല നേതൃത്വം. പഞ്ചായത്ത് കേന്ദ്രീകരിച്ച് അഴിമതി നടത്തുന്ന ഒരുവിഭാഗം പാർട്ടിയിലുണ്ട് എന്ന പരാതിയെ തുടർന്ന് ആറുപേർക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന കമ്മിറ്റി ശിപാർശ ചെയ്തിരുന്നു. ഈ തീരുമാനത്തിന് അംഗീകാരം ലഭിച്ചപ്പോൾ ആരോപണ വിധേയരുടെ പരാതിയുടെ അടിസ്ഥാനത്തിൽ തീരുമാനം മരവിപ്പിച്ചു.
കുമ്പള പഞ്ചായത്ത് ഭരണ സമിതിയിൽപെട്ടവരുടെ ബന്ധുക്കൾ ഉൾപ്പടെയാണ് ആരോപണ വിധേയർ. നേതാക്കളെ ഒന്നടങ്കം നടപടിക്ക് വിധേയരാക്കിയാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ദോഷം ചെയ്യുമെന്ന നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായത്തെ തുടർന്ന് സംസ്ഥാന കമ്മിറ്റി പാറക്കൽ അബ്ദുല്ലയെ അന്വേഷണത്തിന് നിയമിച്ചു. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി തീരുമാനം മാറ്റിവെച്ചത്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുശേഷം അന്തിമതീരുമാനം എടുക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇക്കാര്യം പരിശോധിക്കാനിരിക്കെയാണ് പഞ്ചായത്ത് സെക്രട്ടറിതന്നെ പഞ്ചായത്ത് പദ്ധതികളിൽ അഴിമതി നടക്കുന്നുവെന്ന സംശയം ഉന്നയിച്ചുകൊണ്ട് വാട്സ് ആപിൽ കുറിപ്പിട്ടത്. 40 ലക്ഷം രൂപ ചെലവിൽ നിർമിച്ച വെയിറ്റിങ് ഷെഡിന്റെ ബില്ല് പാസാക്കാൻ ഭീഷണിപ്പെടുത്തുന്നുവെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ കുറിപ്പ്. ഫയൽ കാണാതെ ബില്ല് പാസാക്കാൻ കഴിയില്ലെന്നാണ് സെക്രട്ടറി പറയുന്നത്. പദ്ധതി നിയമ പ്രകാരം പൂർത്തിയാക്കിയതാണോ എന്ന് പരിശോധിക്കാതെ ഒപ്പിടാനാകില്ല - സെക്രട്ടറി കുറിപ്പിൽ പറഞ്ഞു.
പദ്ധതി ടെൻഡർ വിളിച്ചത് തിരുവനന്തപുരത്തെ കരാറുകാരാണ്. എന്നാൽ ബില്ല് പാസാക്കാൻ ഭീഷണിപ്പെടുത്തുന്നത് പ്രാദേശിക നേതാക്കളും. കുമ്പളയിലെ ലീഗ് പ്രശ്നം സംബന്ധിച്ച് മുസ്ലിം ലീഗ് നേതൃത്വം അങ്കലാപ്പിലാണ്. ജില്ല നേതൃത്വത്തിൽ ഇതു സംബന്ധിച്ച് വിഭാഗീയത ഉണ്ടായിട്ടില്ല. കൂട്ടത്തോടെ പുറത്താക്കൽ നടപടി പാർട്ടിയെ ക്ഷീണിപ്പിക്കും എന്ന അഭിപ്രായം ചില നേതാക്കൾക്കുണ്ട്. ഇതാണ് കുമ്പള വിഷയത്തിൽ ജില്ല ലീഗ് നേരിടുന്ന പ്രതിസന്ധി.
ബില്ല് ഒപ്പിടാൻ ഭീഷണി; രണ്ടുപേർക്കെതിരെ കേസ്
കാസർകോട്: പദ്ധതി നടപ്പാക്കിയതിന്റെ ബില്ല് ഒപ്പിടാൻ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് കുമ്പള പഞ്ചായത്ത് സെക്രട്ടറി കെ. സുമേശൻ നൽകിയ പരാതിയിൽ രണ്ടുപേർക്കെതിരെ കേസെടുത്തു. റഫീഖ്, യൂസഫ് എന്നിവർക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. ജൂൺ 23ന് വൈകീട്ട് നാലരക്കും ഏഴിനുമിടയാിലാണ് പഞ്ചായത്ത് ഓഫിസിൽ സെക്രട്ടറിയുടെ കാബിനിൽ ഇരുവരും എത്തിയത്. ബസ് വെയിറ്റിങ് ഷെഡ് നിർമിച്ചതിന്റെ ബില്ല് പരിശോധനകൾ കൂടാതെ വേഗത്തിൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് സെക്രട്ടറി നൽകിയ പരാതിയിൽ പറയുന്നു.
അഴിമതിക്കെതിരെ നടപടി സ്വീകരിക്കണം -വെൽഫെയർ പാർട്ടി
കുമ്പള: ബസ് കാത്തിരിപ്പു കേന്ദ്രം നിർമാണത്തിൽ അഴിമതിയാരോപണം നേരിടുന്ന കുമ്പള പഞ്ചായത്ത് ഭരണസമിതിക്കെതിരെ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി.
വർഷങ്ങളായി ഉപയോഗിച്ചിരുന്ന ബസ് സ്റ്റാൻഡ് കെട്ടിടം തകർന്നതോടെ പകരം ബസ് സ്റ്റാൻഡ് നിർമിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും അത് നടപ്പാക്കാൻ ഇതുവരെയായിട്ടില്ല. ഇപ്പോൾ അശാസ്ത്രീയമായി ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നത് എന്നാണ് മനസ്സിലാക്കുന്നത്. നേരത്തെതന്നെ ഹൈമാസ്റ്റ്-മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതിലും അഴിമതിയാരോപണം നേരിട്ടിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പടുക്കുമ്പോൾ വാഗ്ദാനവുമായി വരാറാണ് പതിവ്.
ഇപ്പോൾ തെരഞ്ഞെടുപ്പ് അടുത്തഘട്ടത്തിൽപോലും അഴിമതിയിൽ മുങ്ങിനിൽക്കുകയാണ് കുമ്പള പഞ്ചായത്ത് ഭരണസമിതി. വെൽഫെയർ പാർട്ടി ജില്ല ട്രഷറർ അബ്ദുല്ലത്തീഫ് കുമ്പള, കെ. രാമകൃഷ്ണൻ, ഇസ്മായിൽ മൂസ, സഹീറ ലത്തീഫ്, സുധാകരൻ, അസ്ലം സൂരംബയൽ, ബീരാൻ മൊയ്തീൻ തുടങ്ങിയവർ സംബന്ധിച്ചു.
യു.ഡി.എഫ് നേതൃത്വം ഇടപെടണം –കോൺഗ്രസ്
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കെ കുമ്പള കാത്തിരിപ്പു കേന്ദ്രം നിർമാണവുമായി ബന്ധപ്പെട്ട വിവാദങ്ങളും അഴിമതിയാരോപണങ്ങളും ഉയർന്നുവന്ന സാഹചര്യത്തിൽ വിഷയത്തിൽ അടിയന്തരമായി യു.ഡി.എഫ് ജില്ല നേതൃത്വം ഇടപെടണമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും കുമ്പള മണ്ഡലം കോൺഗ്രസ്-ഐ ആവശ്യപ്പെട്ടു. വിഷയം കുമ്പളയിലെ യു.ഡി.എഫ് പ്രവർത്തകർക്കിടയിൽ നീരസമുണ്ടാക്കിയിട്ടുണ്ട്. ഇത് തദ്ദേശതെരഞ്ഞെടുപ്പ് ഒരുക്കത്തെ ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ യു.ഡി.എഫ് ജില്ല നേതൃത്വം അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് മണ്ഡലം കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

