കെ.എസ്.ആർ.ടി.സി എ.ടി.ഒ കേസ്; ഉദ്യോഗാർഥികളെ പി.എസ്.സി വഞ്ചിച്ചെന്ന്
text_fieldsകാസർകോട്: കെ.എസ്.ആർ.ടി.സിയിൽ അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫിസർമാരായി 21പേരെ പി.എസ്.സി റാങ്ക് പട്ടികയിൽനിന്ന് നിയമിക്കണമെന്ന ഹൈകോടതി വിധിക്കെതിരെയുള്ള അപ്പീലിൽ പി.എസ്.സി എടുക്കുന്നത് വഞ്ചനപരമായ നിലപാടെന്ന് ആരോപണം.
2024 ഫെബ്രുവരി 19നാണ് നാലു മാസത്തിനകം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് നിയമനം നൽകണമെന്ന ഉത്തരവ് ഹൈകോടതി പുറപ്പെടുവിച്ചത്. അപ്പോഴേക്കും 15 പേർക്ക് അനധികൃതമായി കെ.എസ്.ആർ.ടി.സി പ്രമോഷൻ നൽകിയിരുന്നു. തുടർന്ന് മറ്റൊരു 15 പേർക്കുകൂടി പ്രമോഷൻ നടപടി പുരോഗമിക്കവെയാണ് കോടതിവിധിയുണ്ടായത്. തുടർന്ന് പ്രമോഷൻ തടസ്സപ്പെട്ട് നാലു മാസത്തിനുശേഷവും നിയമനം ലഭിക്കാതെവന്നപ്പോൾ ഉദ്യോഗാർഥികൾ കോടതിയലക്ഷ്യ ഹരജി സമർപ്പിക്കുകയായിരുന്നു. ഇത് മറികടക്കാനും സ്റ്റേ സമ്പാദിച്ച് അനർഹർക്ക് പ്രമോഷൻ നൽകാനും കെ.എസ്.ആർ.ടി.സി ഹൈകോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിച്ചുവെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്.
2024 ആഗസ്റ്റിൽ സമർപ്പിച്ച അപ്പീലിൽ ഹൈകോടതി സ്റ്റേ അനുവദിച്ചില്ല. 2024 സെപ്റ്റംബറിൽ റാങ്ക് ലിസ്റ്റ് റദ്ദാകുന്നതിനുമുമ്പ് 21 ഒഴിവുകൾ താൽക്കാലികമായി റിപ്പോർട്ട് ചെയ്യണമെന്ന ഹൈകോടതി ഉത്തരവിന് മറുപടിയായി കെ.എസ്.ആർ.ടി.സി ഒഴിവുകൾ അറിയിച്ചിട്ടില്ല എന്ന വാദവുമായി പി.എസ്.സി ഹൈകോടതിയിൽ അപ്പീൽ സമർപ്പിച്ചത് തികച്ചും തെറ്റായിട്ടാണെന്നും ഒഴിവുകൾ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്തതിന്റെ വിവരാവകാശ രേഖകൾ ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നുണ്ട്. അതേസമയം, സ്റ്റേയുടെ മറവിൽ 15 പേരെ കെ.എസ്.ആർ.ടി.സി എ.ടി.ഒമാരായി പ്രമോഷൻ നൽകിയെന്നുള്ള ആക്ഷേപവും ശക്തമാണ്. അനർഹർക്ക് പ്രമോഷൻ ലഭിക്കാൻ പി.എസ്.സി കൂട്ടുനിന്നതാണോ എന്ന് ഉദ്യോഗാർഥികൾ സംശയം പ്രകടിപ്പിക്കുന്നു.
കേസ് കോടതിയിൽ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഈ മേഖലയിലെ ഉദ്യോഗാർഥികൾ ആരോപിക്കുന്നു. വാട്ടർ അതോറിറ്റി എൽ.ഡി.സി നിയമനത്തിൽ സുപ്രീംകോടതിയിൽനിന്ന് പി.എസ്.സി നേരത്തെ വിമർശനമേറ്റുവാങ്ങിയിരുന്നു. ഇത്തരം നടപടി അവസാനിപ്പിച്ച് അർഹതപ്പെട്ടവർക്ക് നിയമനം നൽകണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

