വസ്ത്രവ്യാപാര മേഖലയിൽ കൊറിയൻ-ചൈനീസ് ആധിപത്യം
text_fieldsട്രെൻഡായി മാറിയ കൊറിയൻ-ചൈനീസ് വസ്ത്രങ്ങൾ
കാസർകോട്: പുത്തൻ ട്രെൻഡുകൾ കേരളത്തിൽ ആദ്യമെത്തുന്നത് കാസർകോട്ടാണ്. വസ്ത്രത്തിന്റെ കാര്യത്തിലും അങ്ങനെയാണ്. വിവിധ മോഡലുകളിൽ കൊറിയൻ-ചൈനീസ് വസ്ത്രങ്ങൾക്ക് കാസർകോടിന് പ്രിയമേറുകയാണ്. വിദേശത്തുനിന്നെത്തുന്ന കുഞ്ഞുടുപ്പുകൾക്കാണ് ഏറെ പ്രിയം.
ഒന്നു മുതൽ 10വരെ പ്രായമുള്ള കുട്ടികളുടെ കൊറിയൻ-ചൈനീസ് ഡ്രസുകൾക്കാണ് വിപണിയിലിപ്പോൾ ഡിമാൻഡ്. വിശേഷ ദിവസങ്ങളിലെ ട്രെൻഡും ഇതുതന്നെയാണ്. വില അൽപം കൂടുതലാണെങ്കിലും കുട്ടികൾക്ക് ചേരുന്ന ട്രെൻഡായി കൊറിയൻ-ചൈനീസ് ഇറക്കുമതി വസ്ത്രങ്ങൾ മാറിയിട്ടുണ്ട്.
മോഡലുകളായി വിപണിയിലിറങ്ങുന്ന ഷർട്ടുകൾ, ടീ ഷർട്ടുകൾ, പാന്റുകൾ, ഫ്രോക്കുകൾ, ടോപ്പുകളെല്ലാം ഇപ്പോൾ ഇറക്കുമതി വസ്ത്രങ്ങളായാണ് അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ വസ്ത്രവ്യാപാര മേഖല ഇപ്പോൾ ഇവയോടാണ് താൽപര്യം കാണിക്കുന്നത്. മൊത്തവ്യാപാര വിൽപനക്കായി നഗരങ്ങളിൽ വലിയതോതിലുള്ള ഷോറൂമുകളാണ് ഇപ്പോൾ തുറന്നിട്ടുള്ളത്.
ഡൽഹി, മുംബൈ, സൂറത്ത്, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നാണ് ഈ കുഞ്ഞുടുപ്പുകൾ നാട്ടിലേക്കെത്തുന്നത്. വലിയതോതിലുള്ള നികുതിയും മറ്റും നൽകിയാണ് വൻകിടവ്യാപാരികൾ ഈ പുതിയ ആശയത്തിന് പുറകെ പോകുന്നത്. അതുകൊണ്ടുതന്നെ വസ്ത്രങ്ങൾക്കൊക്കെ വിലവർധനവുമുണ്ട്. അത് കാസർകോട്ടേക്ക് എത്തുമ്പോൾ വില ഇരട്ടിയാകും. അതേസമയം, ഉപഭോക്താക്കൾ വില കാര്യമാക്കുന്നുമില്ല.
കുഞ്ഞുടുപ്പുകൾക്ക് പുറമേ അവർക്കുവേണ്ട കാപ്, സോക്സ് ഷൂ, ഫാൻസി കണ്ണടയടക്കം കൊറിയൻ-ചൈനീസ് ഡ്രസിനോടൊപ്പം സ്ഥാനംപിടിച്ചിട്ടുണ്ട്. ചെറിയ കുട്ടികളുടെ ഷൂവിന് പോലും 1200 രൂപ മുതൽ വിലയുണ്ട്. കുഞ്ഞുടുപ്പുകളാകട്ടെ 500 രൂപ മുതൽ 1500 രൂപവരെയും. കഴിഞ്ഞ ചെറിയ പെരുന്നാളിന് കൊറിയൻ-ചൈനീസ് ഇറക്കുമതി വസ്ത്രങ്ങൾ വിപണി കൈയ്യടക്കിയതോടെ ബലിപെരുന്നാൾ ലക്ഷ്യംവെച്ച് കാസർകോട് വസ്ത്രവ്യാപാരികൾ വലിയ തോതിലുള്ള വസ്ത്രങ്ങൾ വിപണിയിലെത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

