സ്ഥാനാര്‍ഥിയെ മനസ്സിലാക്കാന്‍ നോ യുവര്‍ കാന്‍ഡിഡേറ്റ് ആപ്ലിക്കേഷന്‍
text_fieldsകാസർകോട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെക്കുറിച്ച് നോ യുവര്‍ കാന്‍ഡിഡേറ്റ് (കെ.വൈ.സി ) എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ കൂടുതല്‍ അറിയാം. അതത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍, നാമനിർദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്തെ അവരുടെ പശ്ചാത്തലം, സത്യവാങ്മൂലം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിനായി വോട്ടര്‍മാര്‍ക്ക് ഉപയോഗിക്കുന്ന ഉപഭോക്തൃ സൗഹൃദ മൊബൈല്‍ ആപ് ആണ് കെ.വൈ.സി. വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ഥികളുടെ പേരുകള്‍ ഉപയോഗിച്ച് ആപ്ലിക്കേഷനില്‍ നിന്നും വിവരങ്ങള്‍ മനസ്സിലാക്കാനാകും. സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുള്ള ക്രിമിനല്‍ കേസുകളും, കേസിന്റെ നിലവിലെ സ്ഥിതിയും ആപ്ലിക്കേഷനിലൂടെ അറിയാം. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളില്‍ നിന്നും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.
രാജ്യത്ത് ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്ത് ലക്ഷത്തിലധികം പോളിങ് സ്റ്റേഷനുകളാണ് വോട്ടര്‍മാര്‍ക്കായി സജ്ജീകരിക്കുന്നത്. വോട്ടര്‍മാര്‍ക്ക് അവരുടെ ബൂത്ത് ഇലക്ഷന് കമ്മീഷന്റെ electoralsearch.eci.gov.in എന്ന വെബ്സൈറ്റിലൂടെ അറിയാന്‍ സാധിക്കും. ഓരോ വോട്ടര്‍മാര്‍ക്കും തൊട്ടടുത്തുള്ള ബൂത്തുകള്‍ കണ്ടെത്തി വോട്ട് ചെയ്യാം. വെബ്സൈറ്റില്‍ ജനനത്തീയതി, ജില്ല, നിയമസഭ മണ്ഡലം എന്നീ വിവരങ്ങള്‍ നല്കിയാല് ബൂത്ത് ഏതെന്നു അറിയാന്‍ കഴിയും. കൂടാതെ വോട്ടര്‍ ഐ.ഡി കാര്‍ഡ് നമ്പര്‍ മാത്രം നല്കി സെര്‍ച്ച് ചെയ്താല്‍ പോളിങ് ബൂത്ത് കണ്ടെത്തുന്നതിനുള്ള സംവിധാനവും വെബ്സൈറ്റിലുണ്ട്.
വോട്ടര്‍ ഐ.ഡിക്കൊപ്പം രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ നല്കി ഒ.ടി.പി നല്കിയാലും വിവരം ലഭിക്കും. മൂന്ന് രീതിയിലൂടെയും പോളിംഗ് ബൂത്ത് കണ്ടെത്തുമ്പോഴും ഫലം ലഭിക്കാന്‍ സ്ക്രീനില്‍ കാണിക്കുന്ന ക്യാപ്ച്ച കോഡ് കൃത്യമായി നല്‍കണം. പോളിങ് ബൂത്ത് കണ്ടെത്തിയാല്‍ ഗൂഗിള്‍ മാപ്പ് വഴി ബൂത്തിന്റെ ലൊക്കേഷന്‍ മനസിലാക്കാം. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമില്‍ വരുന്ന വോട്ടര്‍ ഹെൽപ് ലൈന്‍ ആപ്പ് വഴിയും 1950 എന്ന ഹെല്പ് ലൈൻ നമ്പര്‍ മുഖേനയും പോളിങ് ബൂത്ത് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

