ഇനി, സന്തോഷ നാളുകൾ: കെൽ ഇ.എം.എൽ കമ്പനി വെള്ളിയാഴ്ച നാടിന് സമർപ്പിക്കും
text_fieldsമുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്ന ബദ്രഡുക്കയിലെ കെല് ഇ.എം.എല്‍ കമ്പനി
കാസർകോട്: കാത്തിരുന്ന ആ നിമിഷം പുലരാൻ ഇനി ഇരുപത്തിനാല് മണിക്കൂറിെൻറ ദൂരം മാത്രം. രണ്ടുവർഷമായി പൂട്ടിക്കിടക്കുന്ന ബദ്രഡുക്കയിലെ പൊതുമേഖല സ്ഥാപനമായ കെൽ ഇ.എം.എൽ കമ്പനി വെള്ളിയാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. പൂട്ടിപ്പോയ പൊതുമേഖല സ്ഥാപനത്തിെൻറ പുനരുജ്ജീവനത്തിലൂടെ സർക്കാറിനും അഭിമാനിക്കാനേറെ. കേന്ദ്ര സർക്കാർ ഏറ്റെടുത്ത് പാതിവഴിയിൽ ഉപേക്ഷിച്ച കമ്പനി കൂടിയാണ് സംസ്ഥാനം ഏറ്റെടുത്തു നടത്തുന്നത്. പൊതുമേഖലസ്ഥാപനത്തോടുള്ള ഇരു സർക്കാറുകളുടെയും നിലപാടുകൾ കൂടി വ്യക്തമാക്കുന്നതാണിത്. കമ്പനി നവീകരിക്കാനും തൊഴിലാളികള്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും ലഭ്യമാക്കാനും 77 കോടിയുടെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചശേഷമാണ് കമ്പനി തുറക്കാൻ സർക്കാർ തീരുമാനിച്ചത്.
കെൽ യൂനിറ്റിൽനിന്ന് തുടക്കം
കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലെയ്ഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡ് (കെൽ) 1990ലാണ് കാസർകോട് തുടങ്ങിയത്. ട്രെയിനുകളിലെ ആൾട്ടർനേറ്ററുകൾ, പവർ കാറുകൾ തുടങ്ങിയവയാണ് ഇവിടെ ഉൽപാദിപ്പിച്ചത്. പൊതുമേഖലയിൽ ഇത്തരം യന്ത്രങ്ങൾ നിർമിക്കുന്ന രാജ്യത്തെ അപൂർവം കമ്പനികളിലൊന്നായിരുന്നു കെൽ. സ്ഥിരം, കരാർ വിഭാഗങ്ങളിലായി ഇരുനൂറിലേറെ ജീവനക്കാരുള്ള വലിയ സ്ഥാപനം. വിറ്റുവരവിെൻറ കാര്യത്തിലും തരക്കേടില്ലാത്ത സ്ഥാപനമായി ഇതുമാറി.
2011ലാണ് മഹാരത്ന കമ്പനിയായ ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡ് കമ്പനിയുടെ 51ശതമാനം ഏറ്റെടുത്തത്. അങ്ങനെ കെല്ലിെൻറ പേര് ഭെൽ ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡ് അഥവാ ഭെൽ ഇ.എം.എൽ എന്നായി. രാജ്യത്തെ തന്നെ പ്രമുഖ കമ്പനി ഏറ്റെടുക്കുകവഴി കമ്പനി കുതിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ, കുതിപ്പിനു പകരം കിതപ്പിലായി. കമ്പനിയെ നേരാംവണ്ണം നടത്തിക്കൊണ്ടുപോകാൻ ഭെല്ലിന് സാധിച്ചില്ല. ശമ്പളം മുടങ്ങിയതിനൊടുവിൽ 2020 മാർച്ചിലെ ലോക്ഡൗണിെൻറ മറവിൽ അടച്ചുപൂട്ടുകയും ചെയ്തു.
ജീവനക്കാർക്ക് പട്ടിണിക്കാലം, സമര നാളുകൾ
മികച്ച രീതിയിൽ നടന്നുപോന്ന കമ്പനി അടച്ചുപൂട്ടിയതോടെ ജീവനക്കാർക്ക് പട്ടിണിക്കാലമായി. അമ്പതു വയസ്സ് പിന്നിട്ട പലരും മറ്റു പണിക്കൊന്നും പോവാനും കഴിയാത്തവർ. വിവിധ വായ്പ തിരിച്ചടവ് തെറ്റിയും കടക്കെണിയിലായും ജീവനക്കാർ കുടുങ്ങിയത് അന്ന് വലിയ ചർച്ചയായി. ഗത്യന്തരമില്ലാതെ ഇവർ സമരത്തിനിറങ്ങി. പിന്നെ നിയമയുദ്ധത്തിനുമിറങ്ങി. കാസർകോട്ടെ ഒപ്പുമരച്ചുവട്ടിലിരുന്ന് മാസങ്ങൾ ഇവർ സമരം നടത്തി. എല്ലാ യൂനിയനുകളും ഒന്നിച്ചായിരുന്നു സമരം. '51ശതമാനം ഓഹരിയും തരാം കമ്പനിയും നിങ്ങളെടുത്തോളൂ' എന്ന നിലപാട് ഭെൽ അറിയിച്ചതോടെ കാര്യങ്ങൾ എളുപ്പമായി. 2021 മേയ് 11 ന് കേന്ദ്ര സര്‍ക്കാര്‍ ഓഹരി കൈമാറ്റത്തിന് അനുമതി നല്‍കി. ഭെല്ലിന്റെ 51 ശതമാനം ഓഹരി ഏറ്റെടുത്ത് 2021 സെപ്റ്റംബര്‍ എട്ടിന് മുഖ്യമന്ത്രി കമ്പനി ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. അങ്ങനെ കമ്പനിയുടെ കെൽ ഇ.എം.എൽ എന്നാക്കി മാറ്റുകയും ചെയ്തു.
ധാരണപത്ത്രിൽ ഉടക്കി പിന്നെയും നീണ്ടു
രണ്ടാം പിണറായി സർക്കാരിെൻറ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കമ്പനി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്. കെൽ ഇ.എം.എൽ കമ്പനിയാക്കി കമ്പനി കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ തുറക്കാനായിരുന്നു സർക്കാറിെൻറ തീരുമാനം. എന്നാൽ, 'പുതിയ കമ്പനി പുതിയ വേതനം' എന്ന വിഷയത്തിൽ ജീവനക്കാരും കമ്പനിയും ഉടക്കി. പെൻഷൻ പ്രായം 58 ആയതിനാൽ മേയിനകം 37 ജീവനക്കാർക്ക് വിരമിക്കേണ്ടി വരും. ഇവർക്ക് കമ്പനി പ്രവർത്തിച്ച 2020 മാർച്ച് 31വരെയുള്ള ശമ്പള കുടിശ്ശികയും ശേഷം അടച്ചുപൂട്ടിയ കാലയളവിലെ ശമ്പള കുടിശ്ശികയും ഒരുമിച്ച് നൽകും. ഇത്തരം ഒത്തുതീർപ്പിൽ ധാരണപത്രത്തെ ചൊല്ലിയുള്ള തർക്കം പരിഹരിച്ചു. ഈവർഷം പുതുവത്സര ദിനത്തിലും പിന്നീട് ഫെബ്രുവരി 15നും നിശ്ചയിച്ച ഉദ്ഘാടനമാണ് ഏപ്രിൽ ഒന്നിലേക്ക് നീണ്ടത്. 2011ല്‍ ഇരുന്നൂറോളം ജീവനക്കാരുണ്ടായ കമ്പനിയില്‍ 2020 ആവുമ്പോഴേക്ക് 138 പേരായി കുറഞ്ഞു. 2022 ഫെബ്രുവരിയില്‍ 22 പേര്‍ വിരമിച്ചു. ഇനി 114 പേരാണ് ഉണ്ടാവുക.
സന്തോഷത്തോടെ ജീവനക്കാർ
കമ്പനിക്ക് പുതുജീവന്‍ നല്‍കിയ സംസ്ഥാന സര്‍ക്കാറിന് നന്ദി പറയുകയാണ് ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് വിഭാഗത്തിലെ ജീവനക്കാരൻ സുരേഷ് കുമാര്‍. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി സ്ഥാപനം ഇനിയും മുന്നോട്ടുപോകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഹ്ലാദകരമായ ദിവസമാണ് ഏപ്രില്‍ ഒന്ന് എന്ന് ഫിനാന്‍സ് വിഭാഗത്തിലെ വി. രത്നാകരന്‍ പറഞ്ഞു. കമ്പനി തുറക്കാൻ തൊഴിലാളികള്‍ വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചതിൽ സന്തോഷമുണ്ടെന്ന് മെഷീനിസ്റ്റ് ടി.വി. ബേബിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

