ഉദുമ: വയനാട്ടിലെ പനമരത്ത് പ്രളയദുരിതത്തിൽ വീട് നഷ്ടപ്പെട്ട 20 കുടുംബങ്ങൾക്ക് കെട്ടുറുപ്പുള്ള വീട് നിർമിച്ചുനൽകാനുള്ള കൂട്ടായ്മയിൽ ജില്ലയിൽനിന്ന് കോട്ടിക്കുളം ഇസ്‍ലാമിക് സോഷ്യൽ വെൽഫെയർ അസോസിയേഷനും (കിസ്വ) അംഗമായിരുന്നു. ഒരേക്കർ സ്ഥലം അതിനായി ഈ കൂട്ടായ്മ വാങ്ങി അതിൽ 20 വീടുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പണിതീർത്തു. കഴിഞ്ഞ ദിവസം ആ ഗൃഹസമുച്ചയത്തിന്റെ ഉദ്‌ഘാടനത്തിൽ പങ്കെടുക്കാൻ കോട്ടിക്കുളത്തുനിന്ന് വയനാട്ടിലേക്ക് കിസ്വയിലെ 14 പേരാണ് യാത്ര തിരിച്ചത്.
കോഴിക്കോട്ടെ പ്രവാസി ഫുട്ബാൾ അസോസിയേഷൻ, പേരാമ്പ്രയിലെ മുഹൈസ്, നൊച്ചോടിലെ ഇൻസൈറ്റ് പറച്ചോല, കോഴിക്കോട്ടെ ഹെൽപിങ് ഹാൻഡ്‌സ് എന്നീ സംഘടനകളോടൊപ്പം കോട്ടിക്കുളത്തെ കിസ്വയും കൈകോർത്താണ് ഇങ്ങനെയൊരു സാമൂഹിക പ്രതിബദ്ധതക്ക് വ്യത്യസ്ത മാനം നൽകിയത്.
ഒരു കോടിയിലേറെ രൂപ ചെലവിട്ടാണ് പാവങ്ങൾക്ക് കിടന്നുറങ്ങാൻ 80 സെന്റ് ഭൂമിയിൽ കെട്ടുറപ്പുള്ള വീടുകൾ ഈ കൂട്ടായ്മ പണിതുനൽകിയത്. ബാക്കി വന്ന 20 സെന്റ് സ്ഥലത്ത് വിനോദ വിജ്ഞാന സൗകര്യങ്ങൾ ഒരുക്കാനാണ് ഈ കൂട്ടായ്മ ഉദ്ദേശിക്കുന്നത്. 'ആസ്റ്റർ ടെഫ' എന്ന് പേരിട്ട ഈ വില്ലേജ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. 20 വീടുകളുടെ ആധാരം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ വിതരണം ചെയ്തു. ഷാഫി പള്ളിക്കാൽ , കെ.ബി. അബ്ദുൽ ഖാദർ, ഹനീഫ പാലക്കുന്ന്, ജംഷീർ എന്നിവർ നയിച്ച കിസ്വ സംഘത്തിന് മടക്കയാത്രയിൽ സ്വീകരണം നൽകി.