വെയിലത്തു നിന്ന് ‘കിക്കായി’...!; ‘കിക് ഡ്രഗ്സി'ൽ കുട്ടികളടക്കം പൊരിവെയിലിൽ നിന്നത് ഒരുമണിക്കൂറോളം
text_fields‘കിക് ഡ്രഗ്സ്’ ലഹരിവിരുദ്ധ യാത്ര വാക്കത്തൺ കാസർകോട് പുതിയ സ്റ്റാൻഡിൽ എത്തിയപ്പോൾ. വെയിലിൽ കുട ചൂടി നിൽക്കുന്നവരെ കാണാം
കാസർകോട്: കായിക വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ‘കിക് ഡ്രഗ്സ്’ ലഹരി വിരുദ്ധ യാത്രയിൽ വെയിലത്തുനിന്ന് ‘കിക്കായി’ കുട്ടികളടക്കമുള്ള പൊതുജനങ്ങൾ ബുദ്ധിമുട്ടി. ലഹരിക്കെതിരെയുള്ള സംസ്ഥാനതല യാത്ര കാസർകോട് കലക്ടറേറ്റിൽ കായികമന്ത്രി വി. അബ്ദുറഹ്മാൻ ഫ്ലാഗ് ഓഫ് ചെയ്ത് നാലു കിലോമീറ്ററോളം നടന്ന് പുതിയ ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് പൊരിവെയിലിൽ കുട്ടികൾക്ക് ഒരുമണിക്കൂറോളം നിൽക്കേണ്ടിവന്നത്.
റോഡിൽ നടന്ന് ക്ഷീണിച്ച് അവശരായിവന്നപ്പോൾ കാസർകോട് പുതിയ സ്റ്റാൻഡിൽ ഒന്നു ക്ഷീണം തീർക്കാമെന്ന് വിചാരിച്ചാൽ കത്തുന്ന വെയിലിൽ നിൽക്കേണ്ടിവന്നത് ചെറിയ കുട്ടികളടക്കമുള്ളവർക്ക് വലിയ ബുദ്ധിമുട്ടായെന്നാണ് ആക്ഷേപം. കൂടാതെ, വെയിലിൽതന്നെയായിുന്നു വേദിയും. അവിടെ വിദ്യാർഥികളുടെ പരിപാടിയുമുണ്ടായി. വാക്കത്തൺ പുതിയ സ്റ്റാൻഡിൽ എത്തുന്നതിന് മുന്നേ ഒഴിഞ്ഞ കസേരയിൽ പൂരക്കളി നടത്തിയതും സംഘാടനത്തിലെ പിഴവായി.
കളരിപ്പയറ്റും സൂംബാ ഡാൻസിലുമെല്ലാം സംഘാടനപിഴവുണ്ടായി. ഒരുവശത്ത് സ്വാഗത പ്രസംഗം നടത്തുമ്പോൾ മറുവശത്ത് വേദിയിൽ പരിപാടി നടത്തിയതും പരിപാടിക്ക് സംവിധാനമില്ലാത്തതിന്റെ പോരായ്മയായി.
തുറന്ന വാഹനത്തിൽ മന്ത്രിക്കും എം.എൽ.എക്കും മറ്റ് ഉദ്യോഗസ്ഥർക്കും വേദി ഒരുക്കിയെങ്കിലും ഇതും പൊരിവെയിലത്തായിരുന്നു. ലഹരിവിരുദ്ധ പ്രതിജ്ഞ വേദിയിൽ ചൊല്ലുമ്പോൾ അപ്പുറത്ത് എൽ.ഇ.ഡി വാളിൽ മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നതും കാണാമായിരുന്നു.
ഇത് സംഘാടകരുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ അത് റെക്കോഡ് ചെയ്തതാണെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. അതേസമയം, മുഖ്യമന്ത്രി ഓൺലൈനായി സംസാരിക്കുന്നതിന് ശബ്ദവുമില്ലായിരുന്നു. പിന്നീട് മന്ത്രിതന്നെ നേരിട്ട് പോയി ശബ്ദംകൂട്ടാൻ നിർദേശം നൽകുകയായിരുന്നു. എന്നാൽ, അതും ജനങ്ങൾക്ക് കേൾക്കുന്നുണ്ടായിരുന്നില്ല.
കുട്ടികൾക്ക് ഭക്ഷണവും വെള്ളവുമൊരുക്കിയെങ്കിലും വെയിലത്തുനിർത്തിയതിൽ പലർക്കും അതൃപ്തിയുണ്ടായിരുന്നു. പുതിയ ദേശീയപാത മേൽപാലത്തിന് അടിയിലായി പരിപാടി നടത്തിയിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കാനാകുമായിരുന്നെന്ന് ജനങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

