കേന്ദ്രീയ വിദ്യാലയത്തിന്റെ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചുനൽകി
text_fieldsനീലേശ്വരം കേന്ദ്രീയ വിദ്യാലയം ഭൂമിയിൽ സ്വകാര്യ വ്യക്തി നിർമാണം ആരംഭിച്ചപ്പോൾ.
നീലേശ്വരം: നീലേശ്വരം നഗരസഭയിലെ പാലാത്തടത്ത് പ്രവർത്തിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിന് 2017ൽ 99 വർഷത്തേക്ക് ലീസിനു നൽകിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നൽകി. കേന്ദ്രീയ വിദ്യാലയത്തിനായി നീക്കിവെച്ച ലീസിസ് ഭൂമിയും റോഡും റവന്യൂ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് സ്വകാര്യ വ്യക്തിക്ക് പതിച്ച് നൽകി. പിന്നീട് ഈ സ്വകാര്യ വ്യക്തി ഈ സ്ഥലത്ത് ആദ്യഘട്ട നിർമാണ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
കലക്ടറുടെ നിർദേശപ്രകാരം ഒരു സ്വകാര്യ വ്യക്തിക്കാണ് ഭൂമി പതിച്ചു നൽകിയത്. കേരള മഹിളസമഖ്യ സൊസൈറ്റിയിലെ അന്തേവാസിക്കു വേണ്ടി സൊസൈറ്റിയുടെ ശിപാർശ പ്രകാരമാണ് ഭൂമി പതിച്ചു നൽകിയത്. ഇവർ അപേക്ഷ നൽകിയത് കേന്ദ്രീയ വിദ്യാലയത്തിന് പിറകിലുള്ള ഭൂമി നൽകണം എന്നാവശ്യപ്പെട്ടു കൊണ്ടാണത്രെ. എന്നാൽ റവന്യൂ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടാണ് പൊതുമരാമത്ത് വകുപ്പിന്റെയും കേന്ദ്രീയ വിദ്യാലയത്തിന്റെയും അധീനതയിലുള്ള ഭൂമി സ്വകാര്യ വ്യക്തി പതിച്ചു വാങ്ങിയത്.
കേന്ദ്രീയ വിദ്യാലയത്തിലേക്ക് റോഡ് നിർമ്മിക്കേണ്ട ഈ സ്ഥലത്താണ് സ്വകാര്യ വ്യക്തി നിർമാണ പ്രവർത്തനം ആരംഭിച്ചത്. ഈ ഭൂമി തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രീയ വിദ്യാലയം സ്പോൺസറിങ് കമ്മിറ്റി കൺവീനർ പി. സുനിൽകുമാർ കലക്ടർക്ക് നിവേദനം നൽകി. 2017 ഓഗസ്റ്റ് 25 ന് 298/2017 സർക്കാർ ഉത്തരവ് പ്രകാരമാണ് പേരോൽ വില്ലേജിലെ റിസ നമ്പർ 189/1 ൽപ്പെട്ട ഏഴ് ഏക്കർ ഭൂമി 2017 ഓഗസ്റ്റ് 30ന് നീലേശ്വരം രജിസ്ട്രാർ ഓഫിസിൽ വെച്ച് കേന്ദ്രീയ വിദ്യാലയത്തിന് പതിച്ചുനൽകിയത്. 100 രൂപക്ക് 99 വർഷത്തേക്കാണ് ജില്ല കലക്ടർ ചെയർമാനായ കേന്ദ്രീയ വിദ്യാലയത്തിന് ഭൂമി ലീസിന് നൽകിയത്.
ഇതിൽ നീലേശ്വരം ഇടത്തോട് റോഡിൽ നിന്നും 100 മീറ്റർ അകലെയുള്ള വിദ്യാലയം കോമ്പൗണ്ടിലേക്ക് 10 മീറ്റർ വീതിയിൽ റോഡും ഉൾപ്പെടുന്നു. അന്ന് കെട്ടിടവും മറ്റ് അനുബന്ധ സ്ഥാപനങ്ങളും നിർമിച്ചുവെങ്കിലും കേന്ദ്രീയ വിദ്യാലയം കോമ്പൗണ്ടിലേക്ക് റോഡ് നിർമിക്കേണ്ട ഉത്തരവാദിത്വം നീലേശ്വരം നഗരസഭക്കായിരുന്നു. എന്നാൽ നഗരസഭക്ക് അന്ന് ഫണ്ടില്ലാത്തതിനാലും നിർമാണം പൂർത്തിയായ കേന്ദ്രീയ വിദ്യാലയം ഉടൻ ഉദ്ഘാടനം ചെയ്യേണ്ടതിനാലും റോഡിനുവേണ്ടി മാറ്റിവെച്ച ഭൂമിയിൽ അഞ്ചു മീറ്റർ വീതിയിൽ താൽക്കാലിക റോഡ് ഉണ്ടാക്കുകയാണ് ചെയ്തത്. .കേന്ദ്രീയ വിദ്യാലയത്തിലേക്ക് റോഡ് നിർമിക്കേണ്ട ഈ സ്ഥലത്താണ് സ്വകാര്യ വ്യക്തി ഇപ്പോൾ നിർമാണ പ്രവർത്തനം ആരംഭിച്ചത്. കേന്ദ്രീയ വിദ്യാലയത്തിലേക്കും തൊട്ടടുത്ത സഹകരണ കോളജിലേക്കും പൊതു ജനങ്ങൾക്കും വേണ്ടി ഉപയോഗിക്കുന്ന റോഡ് പത്തു മീറ്റർ വീതിയിൽ നവീകരിക്കാൻ നീലേശ്വരം നഗരസഭ തീരുമാനിച്ചപ്പോഴാണ് ഭൂമി അന്യാധീന പെട്ടതായി അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

