പുലിപ്പേടി; ബേഡകത്ത് ചെറിയൊരാശ്വാസം; ഒടയംചാലിൽ ആശങ്ക
text_fieldsബേഡകത്ത് ഞായറാഴ്ച രാത്രി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ പുലി
കാസർകോട്: ബേഡകത്ത് വനംവകുപ്പിന്റെ കൂട്ടിൽ ഞായറാഴ്ച രാത്രിയോടെ അകപ്പെട്ട പുലിയെ കാട്ടിൽ വിട്ടു. ജില്ലയിൽ തന്നെയുള്ള റിസർവ് വനത്തിലാണ് തുറന്നുവിട്ടത്. നിടുവോട്ടെ എം. ജനാർദനന്റെ റബർതോട്ടത്തിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. കൂട്ടിൽ കെട്ടിയിരുന്ന നായുടെ കരച്ചിൽ കേട്ട് പ്രദേശവാസികൾ നോക്കിയപ്പോഴാണ് പുലി കുടുങ്ങിയ വിവരമറിയുന്നത്.
ഉടനെ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതേത്തുടർന്ന് രാത്രി നൂറുകണക്കിന് ആളുകളാണ് ഇതിനു സമീപത്തെത്തിയത്. വനപാലകർ രാത്രിതന്നെ എത്തി പുലിയെ പച്ച നെറ്റ് വിരിച്ച് മറച്ചിരുന്നു. നാട്ടുകാരുടെ ആവശ്യപ്രകാരം അത് മാറ്റി കാണിച്ചതിനുശേഷം വകുപ്പിന്റെ പള്ളത്തുങ്കാൽ ഓഫിസിലേക്ക് കൊണ്ടുപോയി നടപടിക്രമങ്ങൾക്കുശേഷം വനത്തിലേക്ക് തുറന്നുവിടുകയായിരുന്നു. കൂട്ടിലകപ്പെട്ടത് അഞ്ചു വയസ്സുള്ള പെൺപുലിയാണെന്നും കണ്ണിന് ചെറിയ പരിക്കുണ്ടെങ്കിലും അത് സാരമുള്ളതല്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഈമാസം നാലിന് ഗുഹയിൽ അകപ്പെട്ട പുലി പിന്നീട് കടന്നുകളഞ്ഞിരുന്നു. ഇതിൽ പ്രദേശവാസികൾ ആശങ്കയിലായിരുന്നു. അതിനിടെ കൂട് സ്ഥാപിക്കുകയും ചെയ്തു.
നിരവധി സ്ഥലങ്ങളിൽ പിന്നീട് പുലിയെ കണ്ടതായ വാർത്ത പരന്നിരുന്നു. വനംവകുപ്പ് അധികൃതർ ഇതുമായി ബന്ധപ്പെട്ട് നിരവധി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. മലയോര മേഖലയിൽ പ്രത്യേകിച്ച് വന്യമൃഗശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഞായറാഴ്ച ഇതിൽ ഒരു പുലിയെ കൂടുവെച്ച് പിടിക്കാനായതിൽ ജനങ്ങൾക്കും വനംവകുപ്പിനും കുറച്ച് ആശ്വസിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

