കാസർകോട്ട് പുതിയ കോളജ്; തുടർ നടപടിക്കുള്ള സ്റ്റേ നീട്ടി
text_fieldsകൊച്ചി: കാസർകോട് പടന്നയിൽ ടി.കെ.സി എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ പുതിയ ആർട്സ് ആൻഡ് സയൻസ് കോളജ് തുടങ്ങാനുള്ള നടപടിക്കുള്ള ഹൈകോടതിയുടെ സ്റ്റേ തുടരും. യു.ജി.സി മാർഗനിർദേശങ്ങൾ പാലിക്കാതെയാണ് കണ്ണൂർ സർവകലാശാല വി.സി പുതിയ കോളജിന് അനുമതി നൽകിയതെന്ന് ചൂണ്ടിക്കാട്ടി ഷറഫ് ആർട്സ് ആൻഡ് സയൻസ് കോളജ് കമ്മിറ്റി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സ്റ്റേ ഉത്തരവ് നീട്ടിയത്.
നേരത്തേ കേസ് പരിഗണിക്കുമ്പോഴാണ് തുടർ നടപടികൾ സ്റ്റേ ചെയ്തത്.സ്വാശ്രയ കോളജ് തുടങ്ങാൻ യു.ജി.സി നിബന്ധനപ്രകാരം അഞ്ചേക്കർ വേണമെന്നുണ്ടെങ്കിലും പുതിയ കോളജിന് ഇത്രയും സ്ഥലമില്ലെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. ടി.കെ.സി എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ അപേക്ഷയിൽ ചില ന്യൂനതകളുണ്ടായിരുന്നെന്നും അഞ്ചേക്കർ ഭൂമി ഉള്ളതായി കാണിച്ചിരുന്നില്ലെന്നും സർവകലാശാല കോടതിയെ അറിയിച്ചു. മതിയായ സ്ഥലമില്ലെന്ന് പ്രഥമദൃഷ്ട്യ കോളജ് അധികൃതർ അംഗീകരിച്ചതായി കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ, രജിസ്ട്രാർക്ക് ലഭിച്ച കത്ത് സിൻഡിക്കേറ്റിന് കൈമാറാനും കോളജ് പരിശോധനക്കായി രണ്ടംഗ കമ്മിറ്റിയെ നിയോഗിക്കാനും വൈസ് ചാൻസലറുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായി. യോഗ്യത പൂർണമല്ലെന്ന് വ്യക്തമായിട്ടും രജിസ്ട്രാറുടെ എതിർപ്പ് മറികടന്ന് വി.സി വിഷയത്തിൽ ഇടപെട്ടിട്ടുണ്ടോയെന്നത് സംശയകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ തുടർ നടപടികൾക്ക് വേണ്ടി വി.സി ഇടപെടൽ നടത്താനുണ്ടായ സാഹചര്യം വിശദീകരിക്കണമെന്ന് കോടതി നിർദേശിച്ചു. വീണ്ടും കേസ് പരിഗണിക്കുന്ന സെപ്റ്റംബർ രണ്ടിന് വിശദീകരണം നൽകാനാണ് നിർദേശം. തുടർന്നാണ് മറ്റൊരു ഉത്തരവ് വരെ സ്റ്റേ തുടരുമെന്ന് കോടതി വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

