കാസർകോട് നഗരസഭ ബജറ്റ്; ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സുകൾ പുനരുദ്ധരിക്കും
text_fieldsബജറ്റിൽ പുനരുദ്ധാരണം നിർദേശിക്കുന്ന കാസർകോട് ടൗൺ ഹാളിന്റെ രൂപരേഖ
കാസർകോട്: ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സുകൾ നവീകരിക്കുന്നതടക്കമുള്ള വികസന നിർദേശങ്ങളടങ്ങിയ നഗരസഭ ബജറ്റ് വൈസ് ചെയർമാൻ കെ.എം. ഹനീഫ് അവതരിപ്പിച്ചു. ടൗൺഹാൾ, മൽസ്യമാർക്കറ്റ്, മുനിസിപ്പൽ സ്റ്റേഡിയം, ഓപൺ എയർ തിയറ്റർ എന്നിവയുടെ പുനരുദ്ധാരണവും പുതിയ ബജറ്റിന്റെ സവിശേഷതയായി.
പുതിയ ബസ് സ്റ്റാൻഡ് കോംപ്ലക്സ് നവീകരണ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 10 കോടി രൂപ നീക്കിവെച്ചു. പാർക്കിങ് ആൻഡ് ഷോപ്പിങ് കോംപ്ലക് നിർമിക്കാൻ നടപടിയെടുക്കും. പുതിയ ബസ് സ്റ്റാൻഡ് മുതൽ ജനറൽ ആശുപത്രിവരെ ഫ്ലൈ ഓവർ നിർമിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സഹായംതേടും.
മൽസ്യ മാർക്കറ്റ് ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നതിന് 10കോടി രൂപ വകയിരുത്തി. എല്ലാ വാർഡുകളിലും അടിസ്ഥാന സൗകര്യം വികസിപ്പിക്കും. ഇതിന് 3.12കോടി വകയിരുത്തി. മുനിസിപ്പൽ ടൗൺ ഹാൾ നവീകരിക്കാൻ എം.പിയുടെയും എം.എൽ.എയുടെയും സഹായം തേടും. മുനിസിപ്പൽ സ്റ്റേഡിയം നവകരണത്തിന് ആദ്യഘട്ടത്തിൽ ഏഴുകോടി രൂപ നീക്കിവെക്കും.
നഗരത്തിലെ വിദ്യാലയങ്ങളുടെ നിലവാരം ഉയർത്തും. ഭൗതിക സാഹചര്യങ്ങൾ വർധിപ്പിക്കും. എസ്.എസ്.എൽ.സി, പ്ലസ് വിജയികളെ അനുമോദിക്കുന്ന പ്രത്യേക പദ്ധതി സംഘടിപ്പിക്കും. തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ വിദ്യാർഥിനികൾക്കായി ഷീ ടോയ്ലറ്റ് നിർമിക്കും. മാർക്കറ്റ് റോഡ്, നായക്സ് റോഡ്, കരിപ്പോടി റോഡ് എന്നിവ നവീകരിക്കും. ബസ് സ്റ്റാൻഡ് ക്രോസ് റോഡ് വാക്കിങ് സ്ട്രീറ്റായി മാറ്റും. മുനിസിപ്പൽ ബീച്ച് പാർക്ക്, സീവ്യൂ പാർക്ക്, തളങ്കര പടിഞ്ഞാർ ചിൽഡ്രൻസ് പാർക്ക്, തെരുവത്ത് പുഴക്കര പാർക്ക് എന്നിവ നവീകരിക്കും.
നെല്ലിക്കുന്നിൽ നാല് വിനോദ സഞ്ചാര ഹബ്ബുകൾ സ്ഥാപിക്കും. മഡോണ സ്കൂളിനു സമീപത്തെ പാർക്ക് വയോജന പാർക്കായി മാറ്റും. ചെന്നിക്കരയിലെ കബഡി കോർട്ട് പ്രവർത്തന സജ്ജമാക്കും. ബഡ്സ് സ്കൂളിനും ആരോഗ്യ കേന്ദ്രങ്ങൾക്കും സ്വന്തമായി കെട്ടിടം നിർമിക്കും.
കാസർകോട് ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കും. വിദ്യാനഗർ-ഉളിയത്തടുക്ക റോഡിനെ മാനവീയം റോഡാക്കിമാറ്റും. മ്യൂസിയവും ആർട്ട് ഗ്യാലറിയും സ്ഥാപിക്കും.
പുതിയ ബസ് സ്റ്റാൻഡിൽനിന്ന് പ്രസ് ക്ലബിലേക്കുള റോഡിന് മാധ്യമ പ്രവർത്തകൻ കെ.എം. അഹമ്മദിന്റെ പേര്നൽകും. എല്ലാവർക്കും കുടിവെള്ളം ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കും. 143 കോടി രൂപ വരവും 126 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. 'പോക പോക നാം മുന്നോട്ട്, പോക നാം വൈകിടല്ലാ, വേഗവേഗം പോക പോക നാം' എന്ന മഹാകവി ടി.ഉബൈദിന്റെ വരികളുമായാണ് കെ.എം. ഹനീഫ് ബജറ്റ് പ്രസംഗം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

