ഗവ. മെഡിക്കല്‍ കോളജ്; പ്രവേശനത്തിന് വിദ്യാർഥികൾ 22 മുതൽ എത്തും
text_fieldsമെഡിക്കൽ കോളജ് പ്രവര്‍ത്തനമാരംഭിക്കുന്നതിന്റെ ഭാഗമായി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കലക്ടർ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗം
കാസര്‍കോട്: ഗവ. മെഡിക്കല്‍ കോളജിന് ഇന്ത്യൻ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാനുള്ള ഒരുക്കങ്ങളായി. കോളജിൽ 50 എം.ബി.ബി.എസ് വിദ്യാർഥികള്‍ക്ക് ഈ വര്‍ഷം പ്രവേശനം ലഭിക്കും. വിദ്യാർഥികള്‍ സെപ്റ്റംബര്‍ 22 മുതൽ എത്തിത്തുടങ്ങും. മെഡിക്കൽ കോളജ് പ്രവര്‍ത്തനമാരംഭിക്കുന്നതിന്റെ ഭാഗമായി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കലക്ടർ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു.
മെഡിക്കൽ കോളജിൽ പഠനം നടത്തുന്നതിനായുള്ള ക്ലാസ് മുറികൾ സജ്ജമാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ചെര്‍ക്കളയില്‍ താൽക്കാലികമായി ഹോസ്റ്റല്‍ സൗകര്യം ഒരുക്കും. വിദ്യാർഥികള്‍ക്കുള്ള ഹോസ്റ്റലിന്റെ ഇലക്ട്രിഫിക്കേഷന് പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെയാണ് ഹോസ്റ്റല്‍ സംവിധാനം. വിദ്യാർഥികൾക്ക് ഭക്ഷണ സൗകര്യം ഒരുക്കാനും മെഡിക്കൽ കോളജില്‍ മിനി കഫ്റ്റേരിയ ആരംഭിക്കാനും കുടുംബശ്രീ മിഷന് നിർദേശം നല്കി.
കാമ്പസില്‍ പൊലീസ് എയ്ഡ്പോസ്റ്റ് ഉറപ്പാക്കുമെന്ന് പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി യോഗത്തിൽ അറിയിച്ചു. മെഡിക്കല്‍ കോളജിലേക്കും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാൻഡ് വരെയും കൂടുതല്‍ സർവിസുകള്‍ അനുവദിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പിനെ ചുമതലപ്പെടുത്തി.
24ന് വൈകീട്ട് നാലിന് ജില്ലയിലെ ബസ് ഉടമകളുടെ യോഗം ചേരും. സ്ഥലത്ത് ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കും. രണ്ട് ഹരിത കര്‍മസേനാംഗങ്ങളെ മാലിന്യനിർമാർജനത്തിന് ചുമതലപ്പെടുത്തും. കാമ്പസില്‍ മിനി എം.സി.എഫ്, വേസ്റ്റ് ബിന്നുകള്‍, തുമ്പൂര്‍മുഴി സൗകര്യങ്ങള്‍ സജ്ജമാക്കും. ചെര്‍ക്കള മുതല്‍ ഉക്കിനടുക്ക റോഡ് നവീകരിക്കും. മെഡിക്കല്‍ കോളജിലെ വൈദ്യുതി പ്രശ്നം പരിഹരിക്കും. യോഗത്തിൽ മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഡോ. കെ.വി. വിശ്വനാഥന് ഓണ്‍ലൈനായി പങ്കെടുത്തു.
ഡി.എം.ഇ സ്പെഷല്‍ ഓഫിസര്‍ ഡോ. പ്രേമലത, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഡോ. പി.എസ്. ഇന്ദു, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. പ്രവീണ്‍, വൈസ് പ്രിന്‍സിപ്പൽ ഡോ. ടി.ജി. സിന്ധു, പി.ടി.എ സെക്രട്ടറി ഡോ. ശാലിനി കൃഷ്ണന്, എല്‍.എസ്.ജി.ഡി ജോ. ഡയറക്ടർ ഷൈനി, ജില്ല പ്ലാനിങ് ഓഫിസര്‍ ആര്. രാജേഷ്, ജില്ല നിർമിതി കേന്ദ്രം ജനറൽ മാനേജർ ഇ.പി. രാജ്മോഹൻ കിറ്റ്കോ പ്രതിനിധി ടോം ജോസ്, കുടുംബശ്രീ മിഷൻ ജില്ല കോഓഡിനേറ്റർ രതീഷ് വിവിധ വകുപ്പുകളുടെ ജില്ല മേധാവികൾ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

