ഇളകുമോ കാസർ‘കോട്ട’?
text_fieldsസ്ഥാനാർത്ഥികൽ വോട്ടർമാരെ കാണുന്നു
കാസർകോട്: എക്കാലവും യു.ഡി.എഫ് കോട്ടയാണ് കാസർകോട്. യു.ഡി.എഫിൽ മുസ്ലിം ലീഗും എൽ.ഡി.എഫിൽ ഐ.എൻ.എല്ലും എൻ.ഡി.എയിൽ ബി.ജെ.പിയുമാണ് മത്സരിക്കുന്നത്. യു.ഡി.എഫും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലമാണിത്. 2021ലെ തെരഞ്ഞെടുപ്പിൽ ഇവർ തമ്മിലുള്ള അന്തരം 12901 വോട്ടാണ്. എൽ.ഡി.എഫിന് കിട്ടിയ വോട്ടുകൾ രണ്ടുതവണ ചേർത്തുവെച്ചാൽപോലും യു.ഡി.എഫിന് ആകെ കിട്ടിയവോട്ടിന്റെ അടുത്ത് എത്തുന്നില്ല.
ബി.ജെ.പി വോട്ട് ശതമാനത്തിലുണ്ടാകുന്ന വർധനയും എൽ.ഡി.എഫ് വോട്ടിലുണ്ടാകുന്ന വർധനയും യു.ഡി.എഫിന് ആശങ്കക്ക് വക നൽകുന്നുണ്ട്. 1982ൽ 17657 വോട്ടായിരുന്നു ബി.ജെ.പിക്ക് ലഭിച്ചത്. 2011 ആകുമ്പോഴേക്ക് അത് 43330 ആയി ഉയർന്നു. 29.58 ശതമാനത്തിൽനിന്ന് 37.02ശതമാനമായി ഉയർന്നു. 2016ൽ 38ശതമാനം.
2021ൽ 34.88. എൽ.ഡി.എഫ് വോട്ട് വർധിച്ചപ്പോൾ യു.ഡി.എഫ് ശതമാനം കുറയുന്നു. യു.ഡി.എഫ് വോട്ടും കൂടുന്നുണ്ട്. അത് 35-45 ശതമാനത്തിനിടയിൽ ചാഞ്ചാടുകയാണ്. ഈ ഘട്ടത്തിലാണ് ഐ.എൻ.എല്ലിനെ ഉപയോഗിച്ച് എൽ.ഡി.എഫ് പല പരീക്ഷണങ്ങളും നടത്തുന്നത്. അത് യു.ഡി.എഫിന് ഭീഷണിയും ബി.ജെ.പിയിൽ പ്രതീക്ഷയുമുണ്ടാക്കുന്നു. 1996ൽ എൻ.എ. നെല്ലിക്കുന്നിനെ വെച്ച് ഇടതുപക്ഷ പരീക്ഷിച്ചപ്പോൾ 3783 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് യു.ഡി.എഫിനുണ്ടായത്.
മുസ്ലിം ന്യൂനപക്ഷത്തിന്റെ ശക്തി കേന്ദ്രമായ കാസർകോട് മണ്ഡലത്തിൽ വിമത പരീക്ഷണങ്ങൾ ചങ്കിടിപ്പുണ്ടാക്കാറുണ്ട് എന്നതിന്റെ തെളിവാണിത്. അന്ന് മത്സരം യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണെന്ന പ്രതീതിയുണ്ടാക്കിയെങ്കിലും 30149 (32.90ശതമാനം) വോട്ട് നേടി ഇളകാതെ ബി.ജെ.പി അവരുടെ വോട്ട് ബാങ്ക് നിലനിർത്തിയിട്ടുണ്ട്. എൽ.ഡി.എഫിന് 24254(26.47ശതമാനം) വോട്ട് ലഭിച്ചു. പിന്നീട് 2006ൽ എൻ.എ. നെല്ലിക്കുന്ന് (എൽ.ഡി.എഫ്) ആണ് 27790 ആയി ഈ വോട്ട് വർധിപ്പിച്ചു. ശേഷം 2021ലാണ് എൽ.ഡി.എഫ് തങ്ങളുടെ വോട്ട് വർധിപ്പിക്കുന്നത്. ഇത്തവണ പുതിയ പരീക്ഷണമാണ് എൽ.ഡി.എഫ് നടത്തിയിരിക്കുന്നത്. ജനകീയനായ കോൺഗ്രസ് നേതാവ് പാദൂർ കുഞ്ഞാമു ഹാജിയുടെ മകൻ കോൺഗ്രസ് വിട്ട് ഇടതുപാളയത്തിൽ സ്വതന്ത്ര വേഷംധരിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്നു. ജില്ല പഞ്ചായത്തിൽ ലീഗ് കോട്ടയായ ചെങ്കളയെ അട്ടിമറിച്ചിരുന്നു. മണ്ഡലത്തിൽ ബന്ധുബലമുണ്ട്. യു.ഡി.എഫ് സ്ഥാനാർഥിയും മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് കല്ലട്ര മാഹിന്റെ ബന്ധുവുമാണ്.
ഇവയെല്ലാം ചിലയിടങ്ങളിൽ എൽ.ഡി.എഫ്- യു.ഡി.എഫ് ഏറ്റുമുട്ടൽ പ്രതീതി സൃഷ്ടിക്കുന്നു. ഈ ഏറ്റുമുട്ടലുകൾക്കിടയിൽ ബി.ജെ.പി സ്ഥാനാർഥി എം.എൽ. അശ്വനി ഏറെ പ്രതീക്ഷയും വച്ചുപുലർത്തുന്നു.
210000ആണ് മണ്ഡലത്തിലെ വോട്ടർമാർ. 2021ൽ ഇത് 201812 ആയി വർധിച്ചു. പുതിയ വോട്ടർമാർ, യുവതലമുറ ഷാനാവാസ് പാദൂരിനെ എങ്ങനെ പരിഗണിക്കുന്നുവെന്നത് വിധിനിർണായകമാണ്.
യു.ഡി.എഫിന്റെ പ്രതീക്ഷകൾ
വോട്ടുചേർക്കലിൽ മുന്നിലാണ്. പരമ്പരാഗത വോട്ടുകളുണ്ട്. സംഘടന സംവിധാനം ശക്തമാണ്. യു.ഡി.എഫ് കോട്ടയാണ്.
എൻ.ഡി.എ പ്രതീക്ഷകൾ
വോട്ടുവിഹിതം വർധിച്ചുകൊണ്ടിരിക്കുന്നു.
വനിത സ്ഥാനാർഥിയെന്ന പരിഗണനയിൽ എൻ.ഡി.എക്ക് പുറത്തുനിന്ന് വനിത വോട്ടുകൾ സമാഹരിക്കും. എൽ.ഡി.എഫ് സ്ഥാനാർഥി യു.ഡി.എഫ് വോട്ടുകൾ ചോർത്തും.
എൽ.ഡി.എഫ് പ്രതീക്ഷകൾ
ഏറ്റവും കൂടിയ വോട്ടാണ് 2021ൽ നേടിയത്. യു.ഡി.എഫ് വോട്ടുകൾ ഇടത്തേക്ക് വരുന്നുവെന്ന പ്രതീതിയാണ്. പൊതുസ്വീകാര്യനായ സ്ഥാനാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

