കാസർകോട് ജില്ല വികസന സമിതി; വിവിധ പ്രശ്നങ്ങളിൽ പരിഹാരം
text_fieldsകാസർകോട്: ചെറുഡാം നിര്‍മാണത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്നും സർവേ പൂര്‍ത്തിയായതിനുശേഷം മാത്രമേ ചെറുഡാം ആണോ ചെക്ക് ഡാം ആണോ നിര്‍മിക്കാന്‍ സാധിക്കുക എന്നകാര്യത്തില്‍ വ്യക്തത വരുകയുള്ളൂവെന്നും ജില്ല വികസന സമിതി യോഗം വിലയിരുത്തി. പദ്ധതി തീരുമാനിക്കുന്നതിന് സർവേ പൂർത്തിയാക്കേണ്ടത് അനിവാര്യമാണ്. വികസന സമിതിയിൽ അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എയാണ് വിഷയം ഉന്നയിച്ചത്.
പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കാതെ പദ്ധതി നടപ്പിലാക്കരുതെന്ന് എം.എൽ.എ പറഞ്ഞു. നിലവില്‍ സര്‍വേ 50 ശതമാനം മാത്രമാണ് പൂര്‍ത്തിയായതെന്നും സര്‍വേ തുടരുന്നതിന് പ്രദേശവാസികള്‍ തടസ്സംനില്ക്കരുതെന്നും കലക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാന്‍ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരാന്‍ തീരുമാനിച്ചു.
രാമങ്കയം പദ്ധതിയില്‍ വെള്ളം ലഭിക്കാതെ കേരള വാട്ടര്‍ അതോറിറ്റിയുടെ ബില്ല് വരുന്ന പ്രശ്നം അന്വേഷിച്ച് ഉടന്‍ പരിഹാരം കാണണമെന്ന് വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയറോട് സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ആവശ്യപ്പെട്ടു. മാണിമൂല എസ്.ടി കോളനിയില്‍ അടിയന്തരമായി കുടിവെള്ളസൗകര്യം ലഭ്യമാക്കണമെന്നും താമസയോഗ്യമല്ലാത്ത വീടുകൾക്കുപകരം പുതിയ വീട് നിർമിക്കുന്നതിന് പട്ടികവർഗ വികസനവകുപ്പ് നടപടിയെടുക്കണമെന്നും എം.എൽ.എ പറഞ്ഞു.
കുടിവെള്ളം ലഭ്യമാക്കാൻ എം.എല്‍.എ ഫണ്ടില്‍നിന്ന് തുക അനുവദിക്കാമെന്നും അദ്ദേഹം പറഞ്ഞു. ബേഡകം ആട് ഫാം നിര്‍മാണ പ്രവൃത്തി പുനരാരംഭിച്ചതായി വികസന പാക്കേജ് സ്പെഷല്‍ ഓഫിസര്‍ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥനെ സ്പെഷല്‍ ഓഫിസറായി നിയോഗിച്ച് പദ്ധതി പുരോഗമിക്കുകയാണെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു. ടാറ്റ ആശുപത്രിയിലെ ഒരു കണ്ടെയ്നര്‍ വേര്‍പെടുത്തി മൂല്യം നിശ്ചയിച്ച് തുടര്‍നടപടികള്‍ നടത്താന്‍ പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടിവ് എൻജിനീയറെ ചുമതലപ്പെടുത്തി.
വന്യമൃഗശല്യം രൂക്ഷമാകുന്നു; ജാഗ്രത ആവശ്യം
ജില്ലയുടെ വനമേഖലയോട്ചേര്ന്നുകിടക്കുന്ന ജനവാസ മേഖലകളില്‍ വന്യമൃഗശല്യം രൂക്ഷമാകുന്നുണ്ടെന്നും വിഷയം കൂടുതല്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും ഇ. ചന്ദ്രശേഖരന് എം.എല്‍.എ പറഞ്ഞു. വന്യമൃഗശല്യം കൂടിയ പ്രദേശങ്ങളില്‍ സോളാര്‍ വേലി സ്ഥാപിച്ച് സംരക്ഷണം തീര്‍ക്കണം. കാട്ടിനകത്ത് വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും അളവ് കുറയുന്നത് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതിന് കാരണമാകുന്നുണ്ടെന്നും ഇത് പരിശോധിച്ച് വന്യമൃഗങ്ങള്‍ക്ക് ഭക്ഷണമുറപ്പാക്കി പ്രശ്നപരിഹാരം കാണണമെന്നും എം.എല്‍.എ ജില്ല വികസനസമിതി യോഗത്തിൽ പറഞ്ഞു.
ശ്രദ്ധവേണം
വേനല്‍ക്കാലമായതിനാല്‍ ജില്ലയിൽ പലയിടങ്ങളിലും തീപിടിത്തം കൂടുന്നുണ്ടെന്നും അതിജാഗ്രത ആവശ്യമുണ്ടെന്നും ഇ. ചന്ദ്രശേഖരൻ എം.എല്‍.എ പറഞ്ഞു. ദേശീയപാത വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഭാഗങ്ങളിൽ അപകടങ്ങള്‍ വര്‍ധിക്കുന്നുണ്ട്. ദേശീയപാതയില്‍ വഴിതിരിച്ചുവിടുന്നത് കൃത്യമായി അടയാളപ്പെടുത്തിക്കാണിക്കണമെന്നും എം.എല്‍.എ പറഞ്ഞു.
പുഞ്ചാവി സൂനാമി കോളനിയില്‍ വീടുകളുടെ ചോര്‍ച്ച പരിഹരിക്കും. 2023-24 മത്സ്യത്തൊഴിലാളി അടിസ്ഥാന സൗകര്യ വികസനവും മാനവ വിഭവശേഷി വികസനവും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഫിഷര്‍മെന്‍ കോളനിയിലെ വാസയോഗ്യമല്ലാത്ത വീടുകളുടെ പുനര്‍ നിര്‍മാണത്തിന് ഫിഷറീസ് വകുപ്പ് മുഖേന നാലുലക്ഷം രൂപ അനുവദിക്കുന്ന പദ്ധതിയിലേക്ക് പരിഗണിക്കും. തീരദേശ മണ്ഡലങ്ങളിലുള്ള ഫിഷറീസ് കോളനികള്‍ കണ്ടെത്തി ഏറ്റവും അര്‍ഹതയുള്ളവരെ പുനരുദ്ധീകരിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കുന്നതിനായി അവസ്ഥാ റിപ്പോര്‍ട്ട് സംബന്ധിച്ച് സംസ്ഥാന തീരദേശ വികസന കോര്‍പറേഷനും ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പിനും കത്ത് നല്‍കിയെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
കള്ളാര്‍ പഞ്ചായത്തിലെ കെ.എസ്.ഇ.ബി രാജപുരം സെക്ഷനിലെ കൊട്ടോടി ട്രാന്‍സ്ഫോമറില്‍നിന്ന് ചീമുള്ള് ഭാഗത്തേക്കുള്ള പഴക്കംചെന്ന വൈദ്യുതിക്കമ്പികള്‍ മാറ്റുകയും മൂന്ന് വൈദ്യുതി തൂണുകള്‍ പുതിയതായി സ്ഥാപിക്കുകയും ചെയ്ത് അപകടാവസ്ഥ മാറ്റിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ അറിയിച്ചു.
കെ.എസ്.ആര്.ടി.സി പുനഃസ്ഥാപിക്കണം
കാസർകോട്: കോവിഡിൽ നിര്‍ത്തിയ മല്ലം- മംഗളൂരു കെ.എസ്.ആര്.ടി.സി ബസ് സര്‍വിസ് പുനഃസ്ഥാപിക്കണമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് സിവില്സ്റ്റേഷനിലേക്കും പി.ഡബ്ല്യു.ഡി ഓഫിസിലേക്കും സര്‍വിസ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജലവിതരണം കാര്യക്ഷമമാക്കണം
എന്മകജെ: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്കും ഉക്കിനടുക്ക മെഡിക്കല്‍ കോളജിലേക്കും അട്ക്കസ്ഥലയിലെ ജലസംഭരണിയില്‍നിന്നുള്ള ജലവിതരണ സംവിധാനം കാര്യക്ഷമമാക്കണമെന്ന് എ.കെ.എം. അഷറഫ് എം.എല്‍.എ. നിലവില്‍ രണ്ട് ഷിഫ്റ്റ് പമ്പിങ് നടത്തുന്ന എന്മകജെ പഞ്ചായത്തിലെ ജലവിതരണ പദ്ധതിയില്‍ വേനല്‍ക്കാലത്ത് ശുദ്ധജല വിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വോള്‍ട്ടേജ് ക്ഷാമം കാരണം പമ്പിങ് സമയത്തുള്ള കുറവ് പരിഹരിക്കുന്നതിനുമായി ഒരു അധിക ഷിഫ്റ്റ് കൂടി പമ്പിങ് നടത്തിവരുന്നുണ്ടെന്ന് വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
മൈലാട്ടി- വിദ്യാനഗര്‍ ഡബിള്‍ സര്‍ക്യൂട്ട് ലൈൻ പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കപ്പെടുമെന്നും സബ്സ്റ്റേഷനുകളിലേക്കുള്ള വൈദ്യുതി പ്രവാഹത്തിന്റെ അളവ് വര്‍ധിക്കുമെന്നും കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

