കാസർകോട് ബോക്സൈറ്റ് നിക്ഷേപം: പരിശോധന തുടങ്ങി
text_fieldsകാസർകോട്: കാസർകോട്ടെ ബോക്സൈറ്റ് നിക്ഷേപത്തെക്കുറിച്ച് പരിശോധന തുടങ്ങി. ബദിയടുക്ക, എൻമകജെ പഞ്ചായത്തുകളിലെ ഉക്കിനടുക്ക ബ്ലോക്കിലും മുളിയാറിലെ നാർളം ബ്ലോക്കിലുമാണ് ജില്ലയിലെ ബോക്സൈറ്റ് നിക്ഷേപം സ്ഥിരീകരിച്ചിട്ടുള്ളത്. ഉക്കിനടുക്കയിൽ 2.8 ചതുരശ്ര കിലോമീറ്റർ ഉൾപ്പെടുന്ന സ്ഥലത്താണ് ബോക്സൈറ്റ് നിക്ഷേപമുള്ളത്.
മൈനിങ് ആൻഡ് ജിയോളോജി വകുപ്പ് അഡീഷനൽ ഡയറക്ടർ എം.സി കിഷോറിന്റെ നേതൃത്വത്തിലാണ് പരിശോധന തുടങ്ങിയത്. രാജ്യത്തെ ഏറ്റവും ഗുണനിലവാരമുള്ള ബോക്സൈറ്റാണ് കാസർകോടുള്ളത് എന്നാണ് ജി 1, ജി 2, ജി 3 പരിശോധന ഘട്ടങ്ങൾ പൂർത്തിയായപ്പോൾ വ്യക്തമായിരിക്കുന്നത് എന്ന് മൈനിങ് ഉദ്യോഗസ്ഥർ പറയുന്നു. ജില്ല ജിയോളജി വകുപ്പിനാണ് പരിശോധനയുടെ മേൽനോട്ടം. മുള്ളേരിയയിലെ 1.5 ചതുരശ്ര കിലോമീറ്റർ സ്ഥലം ഉൾപ്പെടുന്ന നാർളം ബ്ലോക്കിൽനിന്ന് 0.2113 ദശലക്ഷം ടൺ ഹൈ ഗ്രേഡ് ബോക്സൈറ്റും 5.1417 ദശലക്ഷം ടൺ അലുമിനിയം ലാറ്ററൈറ്റും ലഭിക്കുമെന്നാണ് കരുതുന്നത്. ഖനനം സാമ്പത്തികമായി ലാഭകരമാണെന്നാണ് കരുതുന്നത്. ഉക്കിനടുക്ക ബ്ലോക്കിൽ സിമന്റ് ഗ്രേഡ് ബോക്സൈറ്റ് ലഭ്യമാണെന്നാണ് സൂചന.
സിമന്റ് ഫാക്ടറികൾക്ക് ഇത് ഉപയോഗിക്കാൻ കഴിയും. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജി.എസ്.ഐ) നടത്തിയ പഠനങ്ങളിൽ വാണിജ്യപരമായി പര്യവേക്ഷണം ചെയ്യാവുന്ന തരത്തിൽ ധാതുക്കളുടെ സാന്നിധ്യം കാസർകോട്ടെ വിവിധ സ്ഥലങ്ങളിൽ കണ്ടെത്തിയിരുന്നു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഗവേഷണത്തിനു തുടർച്ചയായാണ് സംസ്ഥാന ജിയോളജി വകുപ്പും പരിശോധന നടത്തുന്നത്. ഇതിനു ശേഷം ഖനനം ലേലത്തിനുവെക്കും. സംസ്ഥാന സർക്കാറിന് വലിയ വരുമാന സാധ്യതയാണ് ബോക്സൈറ്റ് നിക്ഷേപം കൊണ്ടുണ്ടാവുന്നത്. ഖനനം അനുവദിക്കണമെങ്കിൽ വേറെയും ചട്ടങ്ങൾ പാലിക്കേണ്ടതുണ്ട്. പരിസ്ഥിതി ആഘാതം ഉണ്ടാവില്ല എന്ന് ഉറപ്പുവരുത്തുകയാണ് മുഖ്യം.
ബോക്സൈറ്റ്
അലൂമിനിയം, സിമന്റ് എന്നിവയുൾപ്പെടെ വ്യവസായങ്ങൾക്ക് ഉപയോഗിക്കുന്നതാണ് ബോക്സൈറ്റ്. അടുത്ത കാലത്ത് രാജ്യത്ത് എവിടെയും ബോക്സൈറ്റ് കണ്ടെത്തിയിട്ടില്ല. രാജ്യത്തു കാസർകോട് അടക്കം 30 സ്ഥലങ്ങളാണ് ധാതു പര്യവേഷണ കോർപറേഷൻ ലിമിറ്റഡ് ബോക്സൈറ്റ് ഖനനത്തിന് അനുകൂലമാണെന്ന് കണ്ടെത്തിയത്.
1970കളുടെ തുടക്കത്തിലാണ് കാസർകോട്ട് ബോക്സൈറ്റ് ധാതുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. 1980ൽ കൂടുതൽ പരിശോധനകൾ ആരംഭിച്ചു. 2017ൽ സംസ്ഥാന സർക്കാർ ബോക്സൈറ്റ് ഖനനത്തിന് അനുകൂലമല്ലാത്ത റിപ്പോർട്ട് സമർപ്പിച്ചതിനാൽ തുടർ നടപടി നിലച്ചു. ഖനന അവകാശം ലേലം ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെയാണ് പുനരാരംഭം കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

