Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപെണ്‍കുട്ടികള്‍ക്ക്...

പെണ്‍കുട്ടികള്‍ക്ക് 'ധീര'പദ്ധതി ജില്ലയിലും; ലക്ഷ്യം സ്വയം സുരക്ഷയും ആത്മവിശ്വാസം വളര്‍ത്തലും

text_fields
bookmark_border
girls
cancel

കാസർകോട്: ആയോധന വിദ്യകള്‍ അഭ്യസിപ്പിച്ച് പെണ്‍കുട്ടികളെ 'ധീര'കളാക്കാന്‍ പദ്ധതിയൊരുക്കി വനിത ശിശുവികസന വകുപ്പ്. അതിക്രമ സാഹചര്യങ്ങളില്‍ വനിതകള്‍ക്ക് സ്വയം സുരക്ഷ ഉറപ്പാക്കാനായി പ്രതിരോധ പരിശീലനം നല്‍കുന്നതിനും അവരില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനുമായാണ് 'ധീര' പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ പൈവളിഗെ, കുറ്റിക്കോല്‍, അജാനൂര്‍ പഞ്ചായത്തുകളിലാണ് ധീരപദ്ധതി ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്. 10 മുതല്‍ 15 വയസ്സുവരെയുള്ള 30 പെണ്‍കുട്ടികളെ വീതം ഓരോ പഞ്ചായത്തിലും പരിശീലനത്തിനായി തിരഞ്ഞെടുക്കും. ജില്ലതലത്തില്‍ തിരഞ്ഞെടുത്ത 90 പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധ മാര്‍ഗങ്ങള്‍ ആർജിക്കാനുള്ള 10 മാസത്തെ പരിശീലനം ഉറപ്പാക്കും.

അതത് തദ്ദേശ സ്ഥാപനങ്ങളിലെ അംഗൻവാടികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൗമാര ക്ലബുകള്‍ വഴി പ്രാഥമികാന്വേഷണം നടത്തി തയാറാക്കിയ പട്ടികയില്‍നിന്ന് ജില്ല വനിത ശിശുവികസന ഓഫിസറുടെ നേതൃത്വത്തിലുള്ള സമിതിയാണ് പരിശീലനത്തിന് പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുന്നത്. രക്ഷിതാക്കളെ നഷ്ടമായവര്‍, അതിക്രമങ്ങള്‍ക്ക് ഇരയായവര്‍, അരക്ഷിത സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന. ജില്ലതലത്തിലോ പ്രാദേശിക തലത്തിലോ ആയോധനകലകള്‍ അഭ്യസിപ്പിക്കുന്ന പരിശീലകര്‍, സംഘടനകള്‍, പൊലീസ് വകുപ്പില്‍ പരിശീലനം ലഭിച്ചവര്‍ തുടങ്ങിയവരില്‍നിന്ന് ധീരയിലേക്ക് പരിശീലകരെ കണ്ടെത്തി.

അതത് തദ്ദേശ സ്ഥാപനങ്ങളിലെ സൗകര്യപ്രദമായ സ്ഥലങ്ങളില്‍ പരിശീലനം നല്‍കും. സംസ്ഥാനത്ത് പദ്ധതിക്കായി ആകെ 68 ലക്ഷം രൂപ സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസുകളോടെ ആഴ്ചയില്‍ നാല് മണിക്കൂര്‍ ക്ലാസ് നല്‍കും. മാനസിക-ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, അതിക്രമങ്ങളെക്കുറിച്ച് ബോധവത്കരണം നല്‍കുക, സ്വയരക്ഷ ഉറപ്പാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. കുട്ടികളെയും പരിശീലകരെയും കണ്ടെത്തിക്കഴിഞ്ഞതിനുശേഷം ആയോധനകലക്ക് അനുയോജ്യമായ യൂനിഫോം വിതരണം ചെയ്യും. കരാട്ടേ, തൈക്വാൻഡോ എന്നീ ആയോധനകലകളാണ് ജില്ലയില്‍ അഭ്യസിപ്പിക്കുക. ഓരോ ദിവസത്തെയും പരിശീലനത്തിനുശേഷം പോഷകസമൃദ്ധമായ ആഹാരങ്ങള്‍ കുട്ടികള്‍ക്ക് നല്‍കും. കുട്ടികളെ തിരഞ്ഞെടുത്തതിനുശേഷം ജൂണ്‍ 18ഓടെ മൂന്ന് പഞ്ചായത്തുകളിലും പരിശീലന പരിപാടികള്‍ ആരംഭിക്കുമെന്ന് ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ സി.എ. ബിന്ദു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GirlsDeera project
News Summary - Kasargod also has a 'Deera' project for girls
Next Story