കാസർകോട് റവന്യൂ ജില്ല സ്കൂൾ കലോത്സവം
text_fieldsലിറ്റിൽ കൈറ്റ്സ് കൂട്ടികൾ വേദികളിൽ റെക്കോഡ് ചെയ്യുന്നു
ഏണിയും പാമ്പും കളിച്ച് ബോധവത്കരണം
മൊഗ്രാൽ: ഏണിയും പാമ്പും കളിപ്പിച്ച് കുട്ടികളിൽ ശുചിത്വ ബോധവത്കരണം നടത്തി കഴിഞ്ഞ മൂന്നുനാൾ കലോത്സവനഗരിയിൽ ശ്രദ്ധേയമായി ജില്ല ശുചിത്വമിഷൻ പ്രവർത്തകർ.
കലോത്സവനഗരിയിൽ ഹരിത പ്രോട്ടോകോൾ പാലിക്കാൻ ജാഗരൂകരായി പ്രവർത്തിച്ച ശുചിത്വമിഷൻ പ്രവർത്തകർ മാലിന്യനിർമാർജനത്തിന്റെ മൂന്നു രീതികളെപ്പറ്റി വിദ്യാർഥികൾക്ക് വിശദീകരിച്ചുകൊടുത്തു. ഏണിയും പാമ്പും കളിക്കിടെ ശുചിത്വവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരംനൽകിയവർക്ക് സമ്മാനവും നൽകി.
കലോത്സവനഗരിയിലെ ജില്ല ശുചിത്വ മിഷന്റെ പവിലിയനിൽ സംഘടിപ്പിച്ച ശുചിത്വ അവബോധം
സ്റ്റാർട്ട്... ആക്ഷൻ, കാമറ; കലോത്സവത്തിന് ലിറ്റിൽ കൈറ്റ്സ്...
മൊഗ്രാൽ: കലോത്സവത്തിന് ഇക്കുറി ഡി.എസ്.എൽ.ആർ കാമറയും ട്രൈപോഡും വെബ് കാമും ലാപ്ടോപ്പുമായി സ്റ്റേജുകൾക്ക് മുന്നിൽ മുഴുവൻ മത്സരങ്ങളും റെക്കോഡ് ചെയ്ത ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കാണികൾക്ക് കൗതുകമായി. ചരിത്രത്തിലാദ്യമായി ലക്ഷങ്ങൾ ചെലവഴിച്ച് പ്രഫഷനൽ ടീം ചെയ്യുന്ന കലോത്സവം റെക്കോഡിങ് വർക്ക് മുഴുവൻ ഇപ്രാവശ്യം ഏറ്റെടുത്തിരിക്കുന്നത് മൊഗ്രാൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്. അവർക്ക് പിന്തുണ നൽകി ലിറ്റിൽ കൈറ്റ്സ് പൂർവവിദ്യാർഥി സംഘമായ കൂരിയോസിറ്റി വീക്കെന്റും കൂടെയുണ്ടായിരുന്നു.
കലോത്സവ ദിനങ്ങളിൽ രാവിലെ ഒമ്പതിന് റെക്കോഡിങ്ങ് ഉപകരണങ്ങടങ്ങിയ കിറ്റുമായി സ്റ്റേജ് മാനേജറോടൊപ്പം വിവിധ സ്റ്റേജുകളിലേക്ക് യാത്രയാകുന്ന കുട്ടികൾ രണ്ടു ഷിഫ്റ്റുകളിലായി മുഴുവൻ പ്രോഗ്രാമുകളും കാമറയിൽ ഒപ്പിയെടുക്കുകയായിരുന്നു.
ജില്ല കലോത്സവത്തിന്റെ ചരിത്രത്തിലാദ്യമായാണ് പ്രധാന വേദിയടക്കം മുഴുവൻ വേദികളുടേയും റെക്കോഡിങ് ലിറ്റിൽ കൈറ്റ്സ് ഏറ്റെടുക്കുന്നത്. ലിറ്റിൽ കൈറ്റ്സ് പരിശീലനപദ്ധതിയുടെ ഭാഗമായി കിട്ടിയ മീഡിയ ട്രെയ്നിങ്ങിന്റെ പരീക്ഷണവേദികൂടിയായി മൊഗ്രാലിലെ ലിറ്റിൽ കൈറ്റ്സ് യൂനിറ്റിന് ഈ വർഷത്തെ ജില്ല കലോത്സവം.
റെക്കോഡറിനാവശ്യമായ കാമറ, ട്രൈ പോഡ്, വെബ് കാം എന്നിവ സമീപ സ്കൂളുകളിൽനിന്ന് ശേഖരിച്ചെങ്കിലും റെക്കോഡിങ് വർക്കുകൾ മുഴുവൻ ചെയ്തത് മൊഗ്രാൽ ടീമിനോടൊപ്പം കൂരിയോസിറ്റി വിക്കെന്റ് ടീമും കൂടിയാണ്. സ്കൂൾ എസ്.ഐ.ടി.സി ഷമീമ ടീച്ചറും കൈറ്റ് മെന്റർമാരായ രമ്യ ടീച്ചറും നസ്റുൽ മാഷും കുട്ടികൾക്ക് പിന്തുണയുമായി മുഴുവൻ സമയവും കൂടെയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

