മുഖംമിനുക്കി കാസർകോട് റെയിൽവേ സ്റ്റേഷൻ; എട്ടുമാസത്തിനകം പൂർത്തിയാവും
text_fieldsപണി പൂർത്തിയാവുന്ന കാസർകോട് റെയിൽവേ സ്റ്റേഷൻ
കാസർകോട്: വികസനവഴിയിൽ ചൂളംവിളി ഉച്ചത്തിലാക്കി കാസർകോട് റെയിൽവേ സ്റ്റേഷൻ. റെയിൽവേ സ്റ്റേഷൻ നവീകരണവുമായി ബന്ധപ്പെട്ട ‘അമൃത് ഭാരത്’ പദ്ധയിലുൾപ്പെടുത്തി നിർമാണപ്രവൃത്തിയാരംഭിച്ച റെയിൽവേ സ്റ്റേഷൻ നിർമാണം 80 ശതമാനത്തോളം പൂർത്തിയായെന്ന് റെയിൽവേയുടെ കരാർ ഏറ്റെടുത്ത എൻജിനീയർ ‘മാധ്യമ’ത്തോട് പറഞ്ഞു.
യാത്രക്കാർക്കായി വിപുലമായ സൗകര്യങ്ങളാണ് റെയിൽവേ ഒരുക്കുന്നത്. 5938 സ്ക്വയർ മീറ്റർ പാർക്കിങ് കേന്ദ്രം, ലൈറ്റിങ്, ഇലക്ട്രോണിക് ട്രെയിൻ ഇൻഡിക്കേറ്റർ ബോർഡ്, കോച്ച് ഗൈഡൻസ് ഡിസ്പ്ലേ ബോർഡ്, രണ്ടു കാറ്റിങ് യൂനിറ്റ്, നടപ്പാലം, ലിഫ്റ്റ്, രണ്ട് എസ്കലേറ്റർ എന്നിവയാണ് കാസർകോട് റെയിൽവേ സ്റ്റേഷനിൽ അനുവദിച്ചതും നിർമാണപ്രവൃത്തി നടക്കുന്നതുമായ സൗകര്യങ്ങൾ. ഒന്നാം പ്ലാറ്റ് ഫോമിൽ ഐ.ആർ.സി.ടി.സിയുടെ വെജ്-നോൺ വെജ് റസ്റ്റാറന്റ് മേയ് ഒമ്പതിന് യാത്രക്കാർക്കായി തുറന്നുകൊടുത്തിരുന്നു.
റെയിൽവേ സ്റ്റേഷൻ നിർമാണപ്രവൃത്തി തുടങ്ങിയപ്പോൾ (ഫയൽ പടം)
എ.സി കാത്തിരിപ്പുകേന്ദ്രത്തിന്റെ നിർമാണപ്രവൃത്തി വെള്ളിയാഴ്ചക്കകം ഏകദേശം പൂർത്തിയാകുമെന്നും ടെൻഡർ ഏറ്റെടുത്തിരിക്കുന്ന വ്യക്തിക്ക് ഉടൻ കൈമാറുമെന്നും അവരത് ഏറ്റെടുത്താൽ ഇന്റീരിയർ വർക്കും എ.സിയും മറ്റും സ്ഥാപിക്കേണ്ട ജോലി മാത്രമേയുള്ളൂവെന്നും ഇത് അടുത്ത മാസം ഒന്നാം തീയതിക്കകം തുറക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
എ.സി കാത്തിരിപ്പുകേന്ദ്രത്തിൽ മണിക്കൂറിന് 30 രൂപയാണ് പൊതുജനങ്ങളിൽനിന്ന് ഈടാക്കുക. ഇവിടെ സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക ശുചിമുറി സൗകര്യമടക്കമുണ്ടാകും.
കൂടാതെ, ദീർഘദൂര യാത്രക്കാർക്കും മറ്റും വേണ്ടി ജനറൽ കാത്തിരിപ്പുകേന്ദ്രവുമുണ്ടാകും. ഇതിന്റെ അറ്റകുറ്റപ്പണി മാത്രമേ ഇനി ബാക്കിയുള്ളൂ. യാത്രക്കാരുടെ വാഹനപാർക്കിങ് കേന്ദ്രത്തിന്റെ ടെൻഡർ മേയ് ഒമ്പതിന് പൂർത്തിയായിരുന്നു. റെയിൽവേ സ്റ്റേഷനിലുള്ള ഓട്ടോ പാർക്ക് ചെയ്യാൻ പ്രത്യേക ബേ സിസ്റ്റവും തയാറാക്കി അതിന്റെ പ്രവർത്തനം അന്തിമഘട്ടത്തിലാണ്.
രണ്ട് പ്ലാറ്റ് ഫോമിന്റെയും നീളംകൂട്ടൽ പണിയാണ് ഇനി അവശേഷിക്കുന്നത്. രണ്ടാമത്തെ പ്ലാറ്റ് ഫോമിൽ പാർക്കിങ് കേന്ദ്രം നിർമാണവും ലിഫ്റ്റിന്റേയും പാലത്തിന്റെയും പണി കൂടി ഇനി നടക്കാനുണ്ടെന്നും റെയിൽവേയുടെ നിർമാണപ്രവൃത്തി ഏറ്റെടുത്ത എൻജിനീയർ ‘മാധ്യമ’ത്തോട് പറഞ്ഞു.
അമൃത് ഭാരത് സ്റ്റേഷൻ സ്കീമിൽ (എ.ബി.എസ്.എസ്) ഉൾപ്പെട്ടതാണ് കാസർകോട് റെയിൽവേ സ്റ്റേഷൻ. മൊത്തമായി സ്റ്റേഷൻ റീബിൽഡ് ചെയ്യാനായിരുന്നു കരാർ. അമൃത് ഭാരത് സ്റ്റേഷൻ സ്കീമിൽ ഉൾപ്പെട്ട് സംസ്ഥാനത്ത് 16 സ്റ്റേഷനുകളുടെ പ്രവൃത്തിയാണ് നടക്കുന്നത്.
അതിൽ ഒട്ടുമിക്കതിന്റെയും പണി പൂർത്തിയായെന്ന് സതേൺ റെയിൽവേ അറിയിച്ചു. കാസർകോട് റെയിൽവേ സ്റ്റേഷൻ റീബിൽഡ് പ്രവൃത്തിക്ക് നീക്കിവെച്ചത് 25.093 കോടി രൂപയാണ്. അമൃത് ഭാരത് പദ്ധതിവഴിയുള്ള ഓരോ സ്റ്റേഷന്റെയും പ്രവൃത്തിയിലും കരാറുകാർ പുറത്തുനിന്നുള്ള ഏജൻസിയാണ്.
ഇൻഫർമേഷൻ കൗണ്ടർ നിലവിലില്ല
‘അമൃത് ഭാരത്’ പ്രവൃത്തി തുടങ്ങിയതിനുശേഷം റെയിൽവേയിൽ ആളെ കുറക്കുന്നതിന്റെ ഭാഗമായിട്ട് ഇൻഫർമേഷൻ കൗണ്ടർ പൂട്ടിയിരിക്കുകയാണെന്നാണ് ആക്ഷേപം. ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ റെയിൽവേ കൗണ്ടറിൽ ഇരിക്കുന്ന ഉദ്യോഗസ്ഥൻ ടിക്കറ്റ് കൊടുക്കുകയും ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറയുകയും വേണമെന്നത് വലിയ ബുദ്ധിമുട്ടാണെന്നും പരാതിയുണ്ട്.
തിരക്കുള്ള സമയങ്ങളിലാണ് ഇതിന്റെ ബുദ്ധിമുട്ട് കൂടുതലുണ്ടാകുന്നത്. ഭിന്നശേഷിക്കാർക്കുള്ള വീൽചെയറും മറ്റ് സൗകര്യവും ഒരുക്കേണ്ടതിനും ആളില്ലാത്ത അവസ്ഥയാണ്. രാത്രിയിലും മറ്റുമായാൽ ഉദ്യോഗസ്ഥർ കുറയുമ്പോൾ എല്ലാകാര്യവും ഒരാൾതന്നെ നിർവഹിക്കേണ്ടിവരുന്നുണ്ടെന്നും ആരോപണമുണ്ട്.
ഡിജിറ്റൽ സൗകര്യം വിപുലമാക്കി
റെയിൽവേയിൽ വരുന്ന യാത്രക്കാരോട് പരമാവധി ഡിജിറ്റൽ-ഓൺലൈൻ പേമെന്റ് ചെയ്യാനാണ് റെയിൽവേയുടെ അനൗദ്യോഗിക നിർദേശം. അതിനായി ഒന്നിൽക്കൂടുതൽ എ.ടി.വി.എം മെഷീനുകൾ തയാറാക്കിയിട്ടുണ്ട്.
ഇത് സ്വകാര്യ ഏജൻസിയാണ് കൈകാര്യം ചെയ്യുന്നത്. അവിടെ യു.പി.ഐ സൗകര്യവുമൊരുക്കിയിട്ടുണ്ട്. കൂടാതെ, റെയിൽവേ ടിക്കറ്റ് കൗണ്ടർവഴി ടിക്കറ്റ് എടുക്കുന്നത് പരാമാവധി നിരുത്സാഹപ്പെടുത്താനും നിർദേശമുണ്ടെന്നാണ് ആക്ഷേപം.ഇതൊക്കെ ഭാവിയിൽ ആളെ കുറക്കാനുള്ള നീക്കമാണെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർതന്നെ പറയുന്നത്.
ടിക്കറ്റ് കൗണ്ടറുകളിലും ഇപ്പോൾ വ്യാപകമായി യു.പി.ഐ സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്തായാലും കാസർകോട് റെയിൽവേ സ്റ്റേഷൻ പണി പുരോഗമിക്കുമ്പോൾ ഇവിടത്തെ ജനങ്ങളും സ്ഥിരം യാത്രക്കാരും ആഹ്ലാദത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

