എം.ജി റോഡ് വികസനത്തിന് സ്ഥലം കൈമാറി
text_fieldsപുതിയ ബസ് സ്റ്റാൻഡിൽനിന്ന് എം.ജി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം വീതികൂട്ടുന്നതിനായി ഡ്രീം സിറ്റി കെട്ടിട ഉടമ പി.എ. മഹ്മൂദ് സ്ഥലത്തിന്റെ രേഖ നഗരസഭക്ക് കൈമാറുന്നു
കാസർകോട്: നഗരത്തെ വർഷങ്ങളായി അലട്ടുന്ന എം.ജി റോഡിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കാണുന്നതിനുള്ള ശ്രമങ്ങൾക്ക് നിർണായക മുന്നേറ്റം. പുതിയ ബസ് സ്റ്റാൻഡിൽനിന്ന് എം.ജി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം വീതികൂട്ടുന്നതിനായി ഡ്രീംസിറ്റി കെട്ടിട ഉടമ പി.എ. മഹ്മൂദ് തന്റെ വസ്തുവിൽനിന്ന് 4.30 മീറ്റർ സ്ഥലം നഗരസഭക്ക് സ്വമേധയാ വിട്ടുനൽകി.
പഴയ പ്രസ് ക്ലബ് ജങ്ഷൻ മുതൽ മെട്രോ ഹോട്ടൽ, ഫുഡ് സ്ട്രീറ്റ്, കൃഷ്ണ ഹാർഡ്‌വെയേഴ്‌സ് വരെയുള്ള റോഡിന്റെ അതേനിലവാരത്തിൽ പുതിയ ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗവും വികസിപ്പിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. ഇതിനായി നാല് പ്രധാന കെട്ടിടങ്ങളിൽനിന്ന് 4.30 മീറ്റർ വീതം സ്ഥലം ലഭ്യമാക്കേണ്ടതുണ്ട്. ശോഭിക പ്രവർത്തിക്കുന്ന ഡ്രീം സിറ്റി, മൈജി പ്രവർത്തിക്കുന്ന മാൾ ഓഫ് കാസർകോട്, സുൽത്താൻ ഗോൾഡ്, സിറ്റി മാൾ എന്നിവയുടെ ഉടമകളുമായി ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. റോഡ് വികസനത്തിനായി സ്ഥലം വിട്ടുനൽകുന്നതിനുള്ള സമ്മതപത്രം നഗരസഭ ഓഫിസില്‍ നടന്ന ചടങ്ങിൽ ശോഭിക പ്രവർത്തിക്കുന്ന ഡ്രീം സിറ്റി കെട്ടിട ഉടമ പി.എ. മഹ്മൂദ് നഗരസഭ ചെയർപേഴ്സൺ ഷാഹിന സലീമിന് കൈമാറി. മറ്റ് കെട്ടിട ഉടമകളും സമാനമായ രീതിയിൽ സഹകരിക്കുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ.
കാസർകോട് എം.എൽ.എ കല്ലട്ര മാഹിനും ഈ വിഷയത്തിൽ നിരന്തരമായി ഇടപെടുകയും നിയമസഭയിൽ സബ്മിഷന്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ചടങ്ങില്‍ നഗരസഭ വൈസ് ചെയർമാൻ കെ.എം. ഹനീഫ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സമീന മുജീബ്, ജാഫർ കമാൽ, നഗരസഭാ സെക്രട്ടറി പി.ബി ഷാജു തുടങ്ങിയവർ സംബന്ധിച്ചു.

