Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാസർകോട് ഗവ. മെഡിക്കൽ...

കാസർകോട് ഗവ. മെഡിക്കൽ കോളജിന് കിട്ടുമോ? ഒരു പ്രിൻസിപ്പൽ ഇൻചാർജിനെ

text_fields
bookmark_border
kasaragod medical college
cancel
Listen to this Article

കാസർകോട്: ഉക്കിനടുക്കയിലെ കാസർകോട് ഗവ. മെഡിക്കൽ കോളജിന് ഇൻചാർജ് പ്രിൻസിപ്പൽ എങ്കിലും കിട്ടാൻ ഇനിയും എത്ര കാത്തിരിക്കണം? പ്രിൻസിപ്പലോ സൂപ്രണ്ടോ ഇല്ലാത്തതിനാൽ മെഡിക്കൽ കോളജിന്‍റെ ആവശ്യങ്ങൾ ഉന്നയിക്കാൻപോലും ആളില്ല. കോളജ് നിർമാണം തുടങ്ങി ഒമ്പതാം വർഷത്തിലെത്തിയിട്ടും ഇത്തരം തസ്തികകൾപോലും സൃഷ്ടിച്ചിട്ടില്ല. മെഡിക്കൽ കോളജിന്‍റെ അക്കാദമികവും ഭരണപരവുമായ കാര്യങ്ങളുടെ മേൽനോട്ടമാണ് പ്രിൻസിപ്പലിനും സൂപ്രണ്ടിനുമുള്ളത്. പ്രിൻസിപ്പൽ ഇല്ലെങ്കിൽ സൂപ്രണ്ട് എങ്കിലും നിർബന്ധമാണ്.

സംസ്ഥാനത്തെ മുഴുവൻ കോളജുകൾക്കും ഇരുതസ്തികകളിലും ആളുണ്ടായിരിക്കെ കടുത്ത അവഗണനയാണ് കാസർകോടിനോട് കാണിക്കുന്നത്. കാസർകോട് മെഡിക്കൽ കോളജിനുശേഷം പ്രഖ്യാപിച്ച വയനാട് മെഡിക്കൽ കോളജിനുവരെ പ്രിൻസിപ്പലിനെ നിയമിച്ചിട്ടുണ്ട്. കോളജ് പ്രഖ്യാപിക്കുകയോ തറക്കല്ലിടുകയോ കഴിഞ്ഞാൽതന്നെ ഇത്തരം നിയമനം നടത്തുകയാണ് കീഴ്വഴക്കം.

കോളജ് യാഥാർഥ്യമാക്കുക ലക്ഷ്യമിട്ടാണ് ഇങ്ങനെ നിയമിക്കുന്നത്. ഒപ്പം പ്രഖ്യാപിച്ച കോളജുകളിൽ എം.ബി.ബി.എസ് ബാച്ചുകൾ പുറത്തിറങ്ങിയിട്ടും ഇവിടെ കെട്ടിടം പണിപോലും പൂർത്തിയാവാത്തതിന്‍റെ കാരണങ്ങളിലൊന്ന് നാഥനില്ലാത്തതാണ്.

പൂർണ ചുമതല ആർക്കുമില്ല

മൊത്തം 11 ഡോക്ടർമാരാണ് കാസർകോട് മെഡിക്കൽ കോളജിലുള്ളത്. സൂപ്രണ്ടിന്‍റെ ചുമതല പൂർണമായും ആർക്കും നൽകിയിട്ടില്ല. താരതമ്യേന ജൂനിയർ ഡോക്ടർമാരായ ഈ 11പേർക്ക് ഭരണപരമായ ഏതാനും കാര്യങ്ങളുടെ ചുമതല വീതിച്ചുനൽകുകയാണ് ചെയ്തത്. ഒ.പിയിലേക്ക് ആവശ്യമായ ചെറിയ സാധനങ്ങൾ വാങ്ങൽ, ശമ്പള ബിൽ കൈകാര്യം ചെയ്യൽ തുടങ്ങിയ അധികാരങ്ങളേ നൽകിയിട്ടുള്ളൂ. വലിയ തുകയുടെ സാധനങ്ങൾ വാങ്ങാൻ അധികാരമില്ല. ഇത്തരം കാര്യങ്ങൾക്ക് തിരുവനന്തപുരത്തെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിനെ സമീപിക്കണം. സർവിസിൽ പ്രവേശിച്ചിട്ട് രണ്ടും മൂന്നും വർഷം കഴിഞ്ഞ ഡോക്ടർമാർക്ക് ഡയറക്ടറേറ്റുമായി ബന്ധപ്പെടുന്നതിന് പരിമിതികളേറെ.

അവിടെ സമ്മർദം ചെലുത്താനോ വേഗത്തിലാക്കാനോ കഴിയാത്ത സ്ഥിതി. ബജറ്റ് വിഹിതം വിനിയോഗിക്കുന്നതിനും പാസാക്കിക്കിട്ടുന്നതിനുമെല്ലാം ഇത്തരം പ്രയാസം നേരിടുന്നു. എന്ത് ആവശ്യത്തിനുള്ള ഫയലുകൾ നീങ്ങിയാലും മാസങ്ങളും ചിലപ്പോൾ വർഷവും കഴിഞ്ഞശേഷമാണ് പരിഹാരമാവുന്നത്. സംസ്ഥാനത്ത് ഒരുമെഡിക്കൽ കോളജിനും ഇത്തരമൊരു അവസ്ഥയില്ലെന്നതാണ് ഏറെ ആശ്ചര്യകരം.

ഡെന്‍റൽ, ഇ.എൻ.ടി വകുപ്പുകൾ ഉടൻ

ഏറെ മുറവിളികൾക്കൊടുവിൽ ജനുവരി മൂന്നിനാണ് ഇവിടെ ഒ.പി തുടങ്ങിയത്. മെഡിക്കൽ കോളജിന്‍റെ അക്കാദമിക് ബ്ലോക്കിലാണ് താൽക്കാലികമായി ഒരുക്കിയത്. പ്രതിദിനം 70 മുതൽ 140 രോഗികൾ വരെ ഒ.പിയിലെത്തുന്നുണ്ട്. മെഡിസിൻ, പൾമനോളജി, ന്യൂറോളജി, പീഡിയാട്രിക് വിഭാഗങ്ങളിലെ സേവനം ഇപ്പോൾ ലഭ്യമാണ്. എൻഡോസൾഫാൻ ദുരിതബാധിതരുടെ ദീർഘകാല ആവശ്യമായിരുന്ന ന്യൂറോളജി ഡോക്ടറുടെ സേവനം ആദ്യമായാണ് ജില്ലക്ക് ലഭിക്കുന്നത്. മേയ് മാസത്തോടെ ഡെന്‍റൽ, ഇ.എൻ.ടി വകുപ്പുകൾകൂടി തുടങ്ങാൻ കഴിയും.

ആശുപത്രി വികസന സമിതിയുമില്ല

പ്രിൻസിപ്പലും സൂപ്രണ്ടുമില്ലാത്തതിനാൽ താൽക്കാലിക നിയമനങ്ങൾ നടത്തുന്നതിനും പരിമിതികളേറെ. മെഡിക്കൽ കോളജ് വികസന സമിതിയും രൂപവത്കരിച്ചില്ല. ജില്ല കലക്ടർ ചെയർമാനായുള്ള സമിതിക്ക്, താൽക്കാലിക നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയും. മെഡിക്കൽ കോളജ് വികസനത്തിൽ നിർണായക പങ്ക് ഈ സമിതിക്ക് വഹിക്കാനാവും. എന്നാൽ, കാസർകോട് മെഡിക്കൽ കോളജിന്‍റെ വിഷയത്തിൽ ഇത്തരം കാര്യങ്ങളിലെല്ലാം ആരും തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥയാണ്. സ്ഥലം എം.എൽ.എ എൻ.എ. നെല്ലിക്കുന്ന് നിയമസഭയിൽ ഉന്നയിക്കുന്ന കാര്യങ്ങൾക്ക് മാത്രമാണ് സർക്കാർ തലത്തിൽ എന്തെങ്കിലും നടപടികൾ വരുന്നുള്ളൂ. അല്ലെങ്കിൽ ആരോഗ്യ മന്ത്രിയെ പോയി ആരെങ്കിലും കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തണം.

ക്വാർട്ടേഴ്സ് നിർമാണത്തിന് ടെൻഡർ നടപടി പൂർത്തിയായി. ക്വാർട്ടേഴ്സുകൾ യാഥാർഥ്യമാക്കാത്തതും ഇങ്ങോട്ട് ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ വരാൻ വിമുഖത കാണിക്കുന്നു. നബാർഡിന്റെ 88.2 കോടിയുടെ സഹായത്തോടെയുള്ള ആശുപത്രി കെട്ടിടത്തിന്റെ പണി മുടങ്ങിയിട്ട് ദിവസങ്ങളായിട്ടും ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്താൻ കഴിയുന്നില്ല. 2018 സെപ്റ്റംബറിൽ തുടങ്ങിയ പ്രവൃത്തി 24 മാസത്തിനകം പൂർത്തിയാക്കാമെന്നാണ് കമ്പനി ലക്ഷ്യമിട്ടിരുന്നത്. ഇതാണ് അനിശ്ചിതമായി നീളുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasaragod NewsGovernment Medical CollegeKasaragod Govt medical college
News Summary - Kasaragod Govt medical college needs a principal in charge
Next Story