കാസർകോട് @ 40
text_fieldsദേശീയപാത ആറുവരി നിർമാണത്തിന്റെ ഭാഗമായി കാസർകോട് നഗരത്തിൽ പുരോഗമിക്കുന്ന ഒറ്റത്തൂൺ പാലം
കാസർകോട് ജില്ലക്ക് ഇന്ന് 40 വയസ്സ് തികയുകയാണ്. കേരളമോ കർണാടകയോ എന്ന കാസർകോട്ടുകാരന്റെ സന്ദേഹം അവസാനിപ്പിക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തിൽനിന്നാണ് 1984 മേയ് 24ന് കാസർകോട് ജില്ല പിറക്കുന്നത്. ഈ നീണ്ടയാത്രയിൽ അർഹമായത് ലഭിക്കാത്തതിന്റെ രോദനം ഇപ്പോഴും തുടരുകയാണ്. ജില്ല രൂപവത്കരിച്ചുവെന്നല്ലാതെ മുന്നോട്ടുപോകുന്നതിനാവശ്യമായ പദ്ധതികളും പണവും അനുവദിച്ചില്ല. 40 വർഷമായി സെക്രട്ടേറിയറ്റിന്റെ തിണ്ണനിരങ്ങുന്ന നിവേദനങ്ങൾ ജരാനര ബാധിച്ച പരിഹാസങ്ങളായി പരിണമിച്ചു. സർക്കാർ ഓഫിസുകൾ ഇതര ജില്ലകളിലുള്ളവർക്ക് പി.എസ്.സി പരീക്ഷയെഴുതി ജോലി നേടാനുള്ള ഉപാധിയായി മാറി. 40 ശതമാനം സർക്കാർ ജീവനക്കാർ ഈ ജില്ലക്കാരല്ല. സ്വന്തമായി മെഡിക്കൽ കോളജ് ഇല്ല. ജില്ല ജനറൽ ആശുപത്രികളിൽ സ്പെഷലിസ്റ്റ് ഡോക്ടർമാരില്ല. ഹയർ സെക്കൻഡറി കഴിഞ്ഞവർക്കെല്ലാം പഠിക്കാനുള്ള കോളജുകളില്ല. ആവശ്യത്തിന് തീവണ്ടികളോ ഉള്ളതിന് മതിയായ സ്റ്റോപ്പുകളോ ഇല്ല. പാവപ്പെട്ടവന്റെ യാത്രാമാർഗമായ ബസുകൾ പകുതിയായി കുറഞ്ഞുവരുന്നു. എന്നു തീരും ഈ ബാലാരിഷ്ടതകൾ എന്ന കാത്തിരിപ്പിലാണീ ജില്ലക്കാർ.
അടിസ്ഥാന വിവരങ്ങൾ
- 1984 മേയ് 24ന് രൂപവത്കൃതമായി
- വിസ്തൃതി - 1992 ചതുരശ്ര കിലോമീറ്റർ
- ജനസംഖ്യ - 13,07,375 (2011 സെൻസസ്)
- പുരുഷൻമാർ - 628613
- സ്ത്രീകൾ - 678762
- റവന്യൂ ഡിവിഷൻ -രണ്ട്
- താലൂക്കുകൾ -നാല്
- വില്ലേജുകൾ -128
- വില്ലേജ് ഓഫിസുകൾ - 83
- ജില്ല പഞ്ചായത്ത് -ഒന്ന്
- മുനിസിപ്പാലിറ്റികൾ -മൂന്ന്
- ബ്ലോക്ക് പഞ്ചായത്തുകൾ -ആറ്
- ഗ്രാമപഞ്ചായത്തുകൾ -38
- പോസ്റ്റ് ഓഫിസുകൾ -234
- ടെലിഫോൺ എക്സ്ചേഞ്ചുകൾ -46
- ടി.വി റിലേ സെന്ററുകൾ -രണ്ട്
- റെയിൽവേ സ്റ്റേഷനുകൾ -ഒമ്പത്
- ദേശീയപാത - എൻ.എച്ച് 66 -86.9 കി.മീ
- സംസ്ഥാനപാത 141.8 കി.മീ
- . സംസ്ഥാന പൊതുമരാമത്ത് റോഡുകൾ -1320 കി.മീ
- തദ്ദേശ സ്വയംഭരണ റോഡുകൾ - 7055 കി.മീ
- കാർഷിക മേഖല -19,758 ഹെക്ടർ
- നദികൾ - ഒമ്പത്
- പാർലമെന്റ് മണ്ഡലം- ഒന്ന്
- നിയമസഭ മണ്ഡലം- അഞ്ച്
കോളജുകൾ വർധിച്ചിട്ടും വിദ്യാർഥികൾ പുറത്തേക്ക്
ജില്ല രൂപവത്കരിക്കുമ്പോൾ കാസർകോട് ഗവ. കോളജ്, മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക കോളജ്, എളേരിത്തട്ട് ഇ.കെ. നായനാർ ഗവ. കോളജ്, കാഞ്ഞങ്ങാട് നെഹ്റു കോളജ് (എയ്ഡഡ്), 1940കൾ മുതൽ മതവിദ്യാഭ്യാസം ഉൾപ്പെടെ നൽകി പ്രവർത്തിച്ചുവരുന്ന ചെമ്മനാട് ദേളി ജാമിയ: സഅദിയ, ചെമ്മനാട് പരവനടുക്കം ആലിയ അറബിക് കോളജ് തുടങ്ങിയവയായിരുന്നു ആശ്രയം. പിന്നീട് കേന്ദ്ര സർവകലാശാല കേരള, എൽ.ബി.എസ് എൻജിനീയറിങ് കോളജ്, മുന്നാട് പീപ്ൾസ്, ഉദുമ ഗവ., കിനാനൂർ ഗവ., ബജെ എയ്ഡഡ്, ചീമേനി അപ്ലൈഡ് സയൻസ് തുടങ്ങി 30 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ജില്ലയായി കാസർകോട് മാറി. മായിപ്പാടി ഡയറ്റ്, കണ്ണിവയൽ ടി.ടി.ഐ, എസ്.എൻ.ടി.ടി.ഐക്ക് പുറമെ 100 സീറ്റുകളോടെ നായൻമാർമൂലയിൽ സ്വകാര്യ മേഖലയിൽ പുതിയ ടി.ടി.ഐ വന്നു. എന്നാൽ, ഉന്നത വിദ്യാഭ്യാസത്തിന് അർഹരാകുന്ന വിദ്യാർഥികൾ ആഗ്രഹിക്കുന്ന കോഴ്സുകളും ഗുണനിലവാരവും പഠന സൗകര്യങ്ങളും ഇല്ലാത്ത പ്രതിസന്ധി തുടരുകയാണ്. ഈ വർഷം ഹയർ സെക്കൻഡറിയിൽ വിജയിച്ചത് 11,374 പേരാണ്. ഓപൺ പരീക്ഷയിൽ 737 പേരും. വി.എച്ച്.എസ്.ഇ യിൽ 751 പേർ. മൊത്തം 12,862 പേർ ജില്ലയിൽ നിന്നും ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയപ്പോൾ ജില്ലയിൽ സർക്കാർ - എയ്ഡഡ് കോളജുകളിൽ 1048, 796 എന്നിങ്ങനെ ആകെ 1844 സീറ്റുകൾ മാത്രമാണുള്ളത്. അൺ എയ്ഡഡ് മേഖലയിൽ 344 ഉം സ്വാശ്രയ സീറ്റുകൾ 3,264മാണ്. അൺ എയ്ഡഡ്, സ്വാശ്രയ സീറ്റുകൾ അടക്കം 5,452 സീറ്റുകൾ മാത്രം. ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയ 7,410 വിദ്യാർഥികൾക്ക് ജില്ലയിൽ ഉപരിപഠനത്തിന് സീറ്റ് ലഭിക്കില്ല.
പെരിയയിലെ കേന്ദ്ര സർവകലാശാല കേരള
കാഞ്ഞങ്ങാട് ഓപൺ സ്റ്റേഡിയം ഓർമ മാത്രം
കാഞ്ഞങ്ങാട്: ജില്ല പിറവിയെടുത്ത് നാലു പതിറ്റാണ്ടായിട്ടും കാഞ്ഞങ്ങാടിന് ഒരു കളിസ്ഥലമെന്ന ആവശ്യം യാഥാർഥ്യമായില്ല. സ്ഥലമില്ലെന്ന കാരണത്താലാണ് ഓപൺ സ്റ്റേഡിയം ഇന്നും നിർമിക്കപ്പെടാതെ പോകുന്നത്. അലാമിപ്പള്ളിയിൽ നിർമിക്കാനായിരുന്നു ആലോചന. ഇവിടെ പുതിയ നഗരസഭ ബസ് സ്റ്റാൻഡ് വന്നു.
റോഡുകൾ വളർന്നു; ബസുകൾ കുറഞ്ഞു
പൊതുഗതാഗതം പിന്നിലേക്ക് പോകുകയാണ് ജില്ലയിൽ. മലയോര, ഗ്രാമീണ മേഖലകളിലെ പാവപ്പെട്ട തൊഴിലാളികൾക്ക് കൂടണയാനുള്ള സൗകര്യം കുറഞ്ഞുവരുകയാണ്. സ്വന്തം വാഹനങ്ങൾ ഉള്ളവർ വർധിക്കുന്നുവെന്ന ന്യായത്തിൽ ദരിദ്രരുടെ സഞ്ചാരസൗകര്യം എടുത്തുകളയുന്ന സ്ഥിതി ജില്ലയിൽ മാത്രമാണുള്ളത്. ജില്ല രൂപവത്കൃതമായ ശേഷം 2010 വരെ പ്രധാന ഹ്രസ്വ യാത്രാമാർഗം സ്വകാര്യ ബസുകളായിരുന്നു. 800 എണ്ണമായിരുന്നു തലങ്ങും വിലങ്ങും പാഞ്ഞത്. ഇന്ന് ജില്ലയിൽ 447 ബസുകളാണുള്ളത്. കെ.എസ്.ആർ.ടി.സിയാണെങ്കിൽ കാസർകോട് ഡിപ്പോയിൽ 116 ബസുകൾ സർവിസ് നടത്തിയിരുന്നു. ഇന്ന് 75 മാത്രമാണുള്ളത്. കാഞ്ഞങ്ങാട് ഡിപ്പോ വന്നുവെങ്കിലും 50 ബസുകളാണുള്ളത്. 76 സർവിസ് നടത്തിയിരുന്നു. കാസർകോടുനിന്നും കാഞ്ഞങ്ങാട്ടേക്ക് രാത്രിവണ്ടികളില്ല. ചന്ദ്രഗിരി വഴി 8.40 കഴിഞ്ഞാൽ ബസില്ല. ദേശീയപാതവഴിയും ഇതുതന്നെ അവസ്ഥ. ആറുവരിയിൽ വികസിക്കുന്ന ദേശീയപാത സാധാരണക്കാരനുവേണ്ടിയുള്ളതല്ല. ചരക്കുവണ്ടികളും ദീർഘദൂര കാർ യാത്രക്കാർക്കുമാണ് ഉപകാരപ്പെടുക.
മെഡി. കോളജ്, എയിംസ്, കേന്ദ്ര സർവകലാശാല പി.ജി ഇൻസ്റ്റിറ്റ്യൂട്ട് ഗതിപിടിച്ചില്ല
ഉദുമ: ഒരു മെഡിക്കൽ കോളജുപോലും ഇല്ലാത്ത ജില്ലയിൽ 12 വർഷം മുമ്പ് തീരുമാനിച്ച ഗവ. മെഡിക്കൽ കോളജ് ഇപ്പോഴും പൂർത്തിയായില്ല. ജില്ലയുടെ ആരോഗ്യ പിന്നാക്കാവസ്ഥ ഒരു സർക്കാറിനും പ്രശ്നമല്ല എന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണിത്. ഇതിനൊപ്പം തുടങ്ങിയ മഞ്ചേരി, വയനാട് മെഡിക്കൽ കോളജുകൾ പ്രവൃത്തിപഥത്തിലാണ്. മെഡിക്കൽ കോളജുകളെയും സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളെയുംകൊണ്ട് നിറഞ്ഞ കോഴിക്കോട് ജില്ലയിലേക്കാണ് എയിംസിനായി പരിഗണിച്ചത്. കേന്ദ്ര സർവകലാശാല പി.ജി ഇൻസ്റ്റിറ്റ്യൂട്ട് എന്നറിയപ്പെടുന്ന മെഡിക്കൽ കോളജ് ഇപ്പോൾ കേന്ദ്രം അനുവദിക്കുന്നുമില്ല.
തീവണ്ടികളും അപര്യാപ്തം
വന്ദേഭാരതിന്റെ ആശ്വാസമാണ് ഇപ്പോൾ ജില്ല അനുഭവിക്കുന്നത്. അതിനുമുമ്പ് തിരുവനന്തപുരത്തേക്ക് വൈകീട്ടുള്ള മലബാർ എക്സ്പ്രസും മാവേലി എക്സ്പ്രസും മാത്രമാണ് ജില്ലകാരുടെ തലസ്ഥാനത്തേക്കുള്ള വാഹനം. രണ്ട് വണ്ടികൾ കണ്ണൂരിൽ വന്നുനിൽക്കുന്നുണ്ട്. അവ കാസർകോട്ടേക്ക് നീട്ടാനുള്ള ആവശ്യം ഇതുവരെ ചെവിക്കൊണ്ടിട്ടില്ല.
പാഴായ വാഗ്ദാനങ്ങൾ
1. എയിംസ്
2. കേന്ദ്ര സർവകലാശാല മെഡിക്കൽ കോളജ്
3. ബേക്കൽ-കോവളം ജലപാത
4. ചീമേനി ഐ.ടി പാർട്ട്
5. ചീമേനി താപവൈദ്യുതി നിലയം
6. കശുമാങ്ങ ഫെനി ഫാക്ടറി
7. പെട്രോകെമിക്കൽ ഫാക്ടറി
8. ബേക്കൽ റാണിപുരം റോപ് വേ
9. എയർസ്ട്രിപ്
10. കിനാനൂർ യോഗ പ്രകൃതിചികിത്സ കേന്ദ്രം
11. ടാറ്റാ കോവിഡ് ഹോസ്പിറ്റൽ
12. കാഞ്ഞങ്ങാട് സ്റ്റേഡിയം
വിവേചനം രൂക്ഷം
40ാം വാർഷികം ആഘോഷിക്കുന്ന അവസരത്തിലും വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്ത് വലിയ വിവേചനമാണ് ജില്ല നേരിട്ടുകൊണ്ടിരിക്കുന്നത്. ഹയര്സെക്കന്ഡറി മേഖല നേരിടുന്ന പ്രശ്നങ്ങളുടെ പഠനം നടത്തിയ പ്രഫ. പി.ഒ.ജെ. ലബ്ബ അധ്യക്ഷനായ നാലംഗ സമിതി 2014 ഏപ്രിൽ 16ന് സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ ഒരു ബാച്ചില് 40 വിദ്യാര്ഥികള് എന്ന അനുപാതം പാലിക്കണമെന്നാണ് പറയുന്നത്. ജില്ലയിലെ ക്ലാസ് മുറികളിൽ 65 മുതൽ 70 വരെ വിദ്യാർഥികളുണ്ട്. ഈ വർഷം ജില്ലയിൽനിന്നും എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 20,547 പേരിൽ 20,473 പേർ ഉപരിപഠനത്തിന് അർഹത നേടി. പ്ലസ് വൺ സർക്കാർ-എയിഡഡ് മേഖലയിൽ 244 സ്ഥിരം ബാച്ചുകളിൽ 50 വിദ്യാർഥികൾ എന്ന കണക്കിൽ 12,200 സീറ്റുകളും, കഴിഞ്ഞ വർഷം അനുവദിച്ച 16 താൽക്കാലിക ബാച്ചുകളിൽ 50 വിദ്യാർഥികളുടെ കണക്കിൽ 800 സീറ്റടക്കം ആകെ 13,000 സീറ്റുകളാണുള്ളത്. വി.എച്ച്.എസ്.ഇ 1325, ഐ.ടി.ഐ 1730, പോളിടെക്നിക് 680 സീറ്റുകൾകൂടി ചേർത്താൽ 16,735 സീറ്റുകളാവും. എന്നാലും 3,738 വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് ജില്ലയിൽ അവസരം ലഭിക്കില്ല. പ്ലസ് വൺ സീറ്റ് അപര്യാപ്തത ചർച്ചയാകുമ്പോൾ 20 ശതമാനം മുതൽ 30 ശതമാനം വരെ സീറ്റ് വർധിപ്പിക്കാനാണ് ശ്രമം. ഇത് ബോധനനിലവാരം തകർക്കാനാണ് ഉപകരിക്കുക. സർക്കാർ, എയ്ഡഡ് കോളജുകളിൽ സീറ്റ് വർധിപ്പിക്കുക, ന്യൂജൻ കോഴ്സുകൾ അനുവദിക്കുക, കൂടുതൽ സർക്കാർ കോളജുകൾ ആരംഭിക്കുക, സർക്കാർ എൻജിനീയറിങ് കോളജ് അനുവദിക്കുക, മെഡിക്കൽ കോളജ് (എം.ബി.ബി.എസ്) പ്രവർത്തനം ഉടൻ ആരംഭിക്കുക തുടങ്ങിയവയാണ് ജില്ലയിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ചെയ്യേണ്ടത്.
- സി.എ. യൂസുഫ് ചെമ്പിരിക്ക (ജില്ല പ്രസിഡന്റ്, ഫ്രറ്റേണിറ്റി മൂവ്മെന്റ്)
ക്രമസമാധാനത്തിൽ വലിയ മാറ്റം
നേരത്തേ കാസർകോട്ടെ പൊലീസിനെക്കുറിച്ച് മോശമായ അഭിപ്രായമാണ് ജനങ്ങൾക്കിടയിലുണ്ടായിരുന്നത്. കള്ളക്കടത്ത്, കൊലപാതകം, വർഗീയ സംഘർഷം എന്നിങ്ങനെയുള്ള പേരുദോഷം ജില്ലക്കുണ്ടായിരുന്നു. ഇന്നതിൽനിന്നും ഒരുപാട് മാറി. കുറ്റകൃത്യങ്ങൾ പൊതുവായുള്ള നിലയിൽ മാത്രമാണിപ്പോൾ. കുറച്ചുകൂടി നല്ല അന്തരീക്ഷത്തിലേക്ക് കാസർകോട് മാറി. അതിനനുസരിച്ച് വികസന പ്രവർത്തനങ്ങളും ഉണ്ടാകേണ്ടിയിരിക്കുന്നു. മുമ്പ് സ്ഥലംമാറി വരുന്നത് ശിക്ഷാനടപടിയുടെ ഭാഗമാണ്. പണം ഉണ്ടാക്കുക എന്ന ഒറ്റലക്ഷ്യത്തോടെ സ്ഥലംമാറിയെത്തിയ ഉദ്യോഗസ്ഥർ ജോലി ചെയ്തിരുന്നു എന്നത് ഒരു യാഥാർഥ്യമായിരുന്നു. ഇന്നങ്ങനെയല്ല. കർണാടകയോട് തൊട്ടുകിടന്ന പ്രദേശങ്ങളിൽ വർഗീയമായ ചേരിതിരിവുണ്ടായിരുന്നു. പലപ്പോഴും പണവും സ്വാധീനവും ഉള്ളവരെ കേസിൽനിന്നും രക്ഷപ്പെടുത്താനുള്ള എളുപ്പവിദ്യകൾ പൊലീസിനു വശമുണ്ടായിരുന്നു. എന്നാൽ, പണമോ സ്വാധീനമോ ഇല്ലാത്ത ജനവിഭാഗത്തെ നിയമപരമായി നേരിടുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തപ്പോൾ മറ്റ് വിഭാഗങ്ങൾക്കാവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുമായിരുന്നു. ഇതായിരുന്നു ആദ്യകാലത്ത് കാസർകോട് വർഗീയത വളരുന്നതിന് കാരണമായത്. ഇന്ന് കാസർകോട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മയക്കുമരുന്നുകളുടെ വ്യാപനമാണ്. അതോടൊപ്പം തന്നെ ഏറ്റവും കൂടുതൽ വൈറ്റ് കോളർ ക്രൈം ചെയ്യുന്ന യുവാക്കളും നാടിന്റെ ശാപമായി. അതിനുള്ള പരിഹാരം മയക്കുമരുന്നുകളെ കുറിച്ചുള്ള കൃത്യമായിട്ടുള്ള ബോധവത്കരണവും കുറ്റകൃത്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കലുമാണ്. വിവേചനം കൂടാതെ നീതി നടപ്പാക്കുക എന്ന ദൗത്യം പൊലീസ് എടുത്താൽതന്നെ നമുക്കിടയിലുള്ള കുറ്റകൃത്യങ്ങൾ ഒരു പരിധിവരെ തടയാൻ കഴിയും.
-സി.എ. അബ്ദുറഹീം (റിട്ട. ഡിവൈ.എസ്.പി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

