രേഖകളില്ലാത്ത 41.78 ലക്ഷം രൂപയുമായി കർണാടക സ്വദേശി അറസ്റ്റിൽ
text_fieldsകാസർകോട്: രേഖകളില്ലാത്ത 41.78 ലക്ഷം രൂപയുമായി കർണാടക സ്വദേശിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ ബുധനാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് കർണാടക ഹോന്നവർ ആരോളി സ്വദേശി പ്രകാശ് വിനായക് ഷെട്ടി (45) അറസ്റ്റിലായത്. മംഗളൂരുവിൽനിന്ന് കാസർകോട് ഭാഗത്തേക്കുവരികയായിരുന്ന കർണാടക ട്രാൻസ്പോർട്ട് ബസിലെ യാത്രക്കാരനായിരുന്നു ഇയാൾ.
എക്സൈസ് ഇൻസ്പെക്ടർമാരായ എം. യൂനസ്, വി.വി. പ്രസന്നകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫിസർമാരായ ജനാർദനൻ, സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫിസർമാരായ മുഹമദ് ഇജാസ്, മഞ്ജുനാഥൻ, അഖിലേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെയും പിടികൂടിയ തുകയും മഞ്ചേശ്വരം പൊലീസിനു കൈമാറി.

