കാപ്പ ചുമത്തി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു
text_fieldsഹബീബ്, അക്ഷയ്
കാസർകോട്: ജില്ലയിൽ നിരവധി ആക്രമണക്കേസുകളിൽ പ്രതികളായ രണ്ടുപേരെ പൊലീസ് കാപ്പ ചുമത്തി അറസ്റ്റു ചെയ്തു.
അഭിലാഷ് എന്ന ഹബീബ് (30), മുന്ന എന്ന അക്ഷയ് (33) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
2016 മുതൽ കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, മോഷണം, സ്ത്രീകൾക്കെതിരെയുള്ള ആക്രമണം, മയക്കുമരുന്നു കടത്തൽ, കൊലപാതകം എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതിയാണ് ഹബീബ്. സമൂസ റഷീദ് എന്നയാളെ തലക്ക് കല്ലിട്ട് കൊലപ്പെടുത്തിയത്, ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത് എന്നീ കേസുകൾ കുമ്പള പൊലീസ് സ്റ്റേഷനിലും സ്ത്രീയുടെ നഗ്നഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷത്തോളം രൂപ വാങ്ങിയതിന് ബേഡകം പൊലീസ് സ്റ്റേഷനിലും ഭാര്യയെ പെട്രോൾ ഒഴിച്ച് തീവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് കാസർകോട് വനിത പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്.
നീലേശ്വരം പൊലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് കേസ്, ജയിലിൽ കഞ്ചാവ് കടത്താൻ ശ്രമിച്ചതിന് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ കേസ് എന്നിവയിലും പ്രതിയാണ്. 2023ലും ഇയാൾക്കെതിരെ കരുതൽ തടങ്കൽ നടപടി സ്വീകരിച്ചതാണ്. ജില്ല പൊലീസ് മേധാവി ഡി. ശിൽപയുടെ ശിപാർശയിൽ കലക്ടർ കെ. ഇമ്പശേഖറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കുമ്പള ഇൻസ്പെക്ടർ പി.കെ. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. 2007 മുതൽ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, വർഗീയ-ക്രമസമാധാന പ്രശ്നങ്ങൾ എന്നീ കേസുകളിൽ പ്രതിയാണ് അക്ഷയ്.
2018ൽ വർഗീയസംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചതിനും 2023ൽ നരഹത്യ ശ്രമത്തിനും 2025 ജനുവരിയിൽ വർഗീയ വിരോധം വെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയായ ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കലക്ടർ കെ. ഇമ്പശേഖറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

