കാഞ്ഞങ്ങാട്ടെ ക്ഷേത്ര കവർച്ച: പൊതുജന സഹായം തേടി പൊലീസ്
text_fieldsകാഞ്ഞങ്ങാട്: കാട്ടുകുളങ്ങര കുതിരക്കാളിഅമ്മ ദേവസ്ഥാനത്തും കോട്ടച്ചേരി കുന്നുമ്മൽ ക്ഷേത്രത്തിലും നടന്ന കവർച്ചാ കേസുകളിൽ പൊതുജന സഹായം തേടി ഹോസ്ദുർഗ് പൊലീസ്. രണ്ടു പ്രതികളുടെ സി.സി.ടി.വി ചിത്രം പുറത്തുവിട്ടാണ് പൊലീസ് സഹായം തേടിയത്. രണ്ടു സ്ഥലങ്ങളിലും ഭണ്ഡാരം തകർത്ത് പണം കവർന്നതിനിടെ ക്ഷേത്രത്തിലെ സി.സി.ടി.വിയിൽ പ്രതികളുടെ ചിത്രം പതിയുകയായിരുന്നു. ഇതാണ് പൊലീസ് പുറത്തുവിട്ടത്.
സി.സി.ടി.വി തകർത്തതിന് ശേഷമാണ് കവർച്ച നടത്തിയതെങ്കിലും മറ്റൊരു കാമറയിൽ കവർച്ച നടത്തിയ പ്രതി കളുടെ ചിത്രം പതിഞ്ഞു. വ്യക്തമായ ചിത്രം ലഭിച്ച സാഹചര്യത്തിൽ പൊതുജന സഹായത്തോടെ പ്രതികളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. തിരിച്ചറിയുന്നവർ വിവരം ഹൊസ്ദുർഗ് പോലീസിന് കൈമാറണം. കാട്ടുകുളങ്ങര ക്ഷേത്രത്തോടു ചേർന്നുള്ള കിഴക്കേ സ്ഥാനത്തിനു മുന്നിലുള്ള ഭണ്ഡാരമാണ് തകർത്തത്.
ആയിരം രൂപ നഷ്ടപ്പെട്ടിരുന്നു. കുതിരക്കാളി അമ്മ ക്ഷേത്രനടയിലേയും സമീപത്തെ കോരച്ചൻ തറവാട്ടിലെയും ഭണ്ഡാരം പൊളിക്കാനാണ് ശ്രമം നടന്നത്. കാട്ടുകുളങ്ങര ക്ഷേത്രത്തിലേക്കുള്ള കമാനത്തിനു സമീപത്തെ കെട്ടിടത്തിലെ കാമറ തല്ലിയുടക്കുന്ന ദൃശ്യം പതിഞ്ഞിരുന്നു.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ജയൻ പാലക്കാലിെന്റ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു.

