കാഞ്ഞങ്ങാട്ട് ചെണ്ടുമല്ലി കൃഷിക്ക് തുടക്കം
text_fieldsകാഞ്ഞങ്ങാട് നഗരസഭയിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചപ്പോൾ
കാഞ്ഞങ്ങാട്: ഇത്തവണത്തെ ഓണാഘോഷത്തിന് നഗരസഭയിൽ തന്നെ പൂക്കൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി. നഗരസഭ ജീവനക്കാരുടെയും ശുചീകരണ വിഭാഗം ജീവനക്കാരുടെയും കൂട്ടായ്മയായ 'ഒപ്പരം' സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിലാണ് കൃഷി ഇറക്കിയത്. ടൗൺ ഹാളിന് സമീപമുള്ള നെഹ്‌റു സ്‌മൃതി മണ്ഡപത്തിലെ (നെഹ്റു പാർക്ക്) ഒഴിഞ്ഞ സ്ഥലത്താണ് ചെണ്ടുമല്ലി തൈകൾ നട്ടത്.
പൊതു ഇടങ്ങൾ മാലിന്യമുക്തമാക്കി സൗന്ദര്യവത്കരിക്കുന്നതിനായി കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി. വരും ദിവസങ്ങളിൽ നഗരസഭയിലെ മികച്ച ശുചിത്വ വാർഡിനും വീടിനും പുരസ്കാരം നൽകുമെന്നും അധികൃതർ അറിയിച്ചു. ചെണ്ടുമല്ലി പൂവിന്റെ തൈ നട്ട് നഗരസഭ ചെയർപേഴ്സൻ വി.വി. രമേശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ലത ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഫൗസിയ ഷരീഫ്, കൗൺസിലർമാരായ സന്തോഷ് കുശാൽ നഗർ, രാജൻ അത്തിക്കോത്ത്, സെവൻസ്റ്റാർ അബ്ദുൾ റഹിമാൻ, മൊയ്തു പുഞ്ചാവി, സേതു കാഞ്ഞങ്ങാട്, എം. ബലരാജ്, 'ഒപ്പരം' കൂട്ടായ്മ പ്രസിഡൻറ് ദിവാകരൻ, സെക്രട്ടറി രാകേഷ് നാരായണൻ എന്നിവരും മറ്റ് കൗൺസിലർമാരും ജീവനക്കാരും തൈകൾ നട്ടു. വാർഡ് കൗൺസിലർ പി.വി. ചന്ദ്രൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

