കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് ഓണത്തിനുമുമ്പ്
text_fieldsകാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് യാർഡ് കോൺക്രീറ്റ് അവസാനഘട്ട ജോലി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് ഓണത്തിനുമുമ്പ് തുറക്കാൻ ശ്രമം നടക്കുന്നതായി നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത പറഞ്ഞു. പഴയ ബസ് സ്റ്റാൻഡ് യാർഡിന്റെ കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയാകാനുണ്ടെന്ന് ചെയർപേഴ്സൻ പറഞ്ഞു. യാർഡ് നിർമാണത്തിന്റെ അന്തിമഘട്ടം പൂർത്തിയാക്കാനായി വെള്ളിയാഴ്ച മുതൽ ബസ് സ്റ്റാൻഡിന്റെ വടക്കുഭാഗത്തുള്ള റോഡ് അടച്ചിട്ടത് മൂന്നു ദിവസത്തിനുള്ളിൽ തുറക്കുമെന്ന് സുജാത പറഞ്ഞു. റോഡിന്റെ പ്രവേശനഭാഗമാണ് അടച്ചത്. നിലവിൽ കുന്നുമ്മൽ ഭാഗത്തുനിന്ന് ബസ് സ്റ്റാൻഡിന്റെ പിറകുവശംവരെ വാഹനങ്ങൾക്ക് വരാനാകുന്നുണ്ട്.
രണ്ടാഴ്ചത്തേക്ക് അടച്ചിടുകയാണെന്നാണ് നഗരസഭ സെക്രട്ടറിയുടെ അറിയിപ്പിലുണ്ടായിരുന്നത്. ഈ കാലയളവിലാണ് ഓണം വരുന്നതെന്നതിനാൽ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് റോഡ് വേഗത്തിൽ തുറക്കാൻ തീരുമാനമായത്. ഓണദിവസംതന്നെ നബിദിനവും വരുന്നതിനാൽ ഓണത്തിന് ഒരാഴ്ചമുമ്പുതന്നെ നഗരം തിരക്കിലമരും. സ്റ്റാൻഡിന്റെ മുൻവശം ഇതോടെ ഗതാഗതക്കുരുക്കിൽപെടും.
തിരുവോണത്തിന് മൂന്നു ദിവസങ്ങൾ മുമ്പെങ്കിലും സ്റ്റാൻഡ് തുറന്നുകൊടുത്താൽ ഗതാഗതക്കുരുക്ക് വലിയതോതിൽ ഒഴിവാക്കാൻ കഴിയുമെന്നാണ് വ്യാപാരികളും യാത്രക്കാരും പറയുന്നത്. വിഷു-പെരുന്നാൾ കാലത്ത് അനുഭവപ്പെട്ടതിനെക്കാൾ കൂടുതൽ തിരക്ക് അനുഭവപ്പെടാനിരിക്കെ വ്യാപാരികളും കടുത്ത ദുരിതത്തിലാകും. ഇത് മുൻകൂട്ടിക്കണ്ടാണ് സ്റ്റാൻഡ് നിർമാണം ധ്രുതഗതിയിൽ പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

