കല്ലളി ഹൈടെക് ആട് ഫാമിന് ഒരു വയസ്സ്; പുതുതായി പിറന്നത് 30 ആട്ടിന്‍കുട്ടികള്‍
text_fieldsപുതുതായി പിറന്ന ആട്ടിന്‍കുട്ടികളുമായി ജീവനക്കാര്‍
ബേഡഡുക്ക: ഒരു വര്‍ഷം പിന്നിടുമ്പോള്‍ പ്രജനനത്തിലും വളര്‍ച്ചയിലും ശ്രദ്ധേയമായ നേട്ടവുമായി ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ കല്ലളി ഹൈടെക് ആട് ഫാം. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ഹൈടെക് ആട് ഫാമായ ഇവിടെ പുതുതായി 30 മലബാറി ആട്ടിന്‍കുട്ടികളാണ് പിറന്നത്. തദ്ദേശീയ മലബാറി ആടുകളുടെ പ്രജനനവും സംരക്ഷണവും ലക്ഷ്യമിട്ട് ആരംഭിച്ച ഫാം മൃഗസംരക്ഷണ മേഖലയിലെ ശ്രദ്ധേയമായ മാതൃകയായി മാറുകയാണ്.
2025 ഒക്ടോബര്‍ 30ന് 81 ആടുകളുമായാണ് ഫാം പ്രവര്‍ത്തനം ആരംഭിച്ചത്. 2026 ജനുവരി രണ്ടിനാണ് ഫാമില്‍ ആദ്യത്തെ ആട്ടിന്‍കുട്ടി പിറന്നത്. ഇതിന് 'കണ്മണി' എന്ന പേരും നല്കി. തുടര്‍ന്ന് പ്രജനന പ്രവര്‍ത്തനങ്ങള്‍ വിജയകരമായി മുന്നോട്ടുപോയി. എന്നാല്‍, ആട് വസന്ത ബാധയെ തുടര്‍ന്ന് 37 ആടുകള്‍ ചത്തുപോയത് വലിയ തിരിച്ചടിയായി. പ്രതിസന്ധികളെ അതിജീവിച്ച് ശാസ്ത്രീയ പരിചരണവും പ്രജനന പ്രവര്‍ത്തനങ്ങളും തുടര്‍ന്നതോടെയാണ് ഫാം വീണ്ടും സജീവമായത്. രണ്ട് വര്‍ഷത്തിനിടെ മൂന്ന് പ്രസവം എന്ന പ്രജനനക്രമം പാലിച്ചാണ് ഫാമിലെ ആടുകളെ പരിപാലിക്കുന്നത്. പ്രതിസന്ധിക്കിടയിലും കൃത്യമായ പരിചരണവും ശാസ്ത്രീയ പ്രതിരോധ നടപടികളും ഉറപ്പാക്കിയതിലൂടെ ആടുകളുടെ പ്രജനനം തുടരാനും തുടര്‍ന്നുള്ള മരണങ്ങള് പരിധിവരെ നിയന്ത്രിക്കാനും സാധിച്ചതായി ഫാം മുന്‍ സ്പെഷല്‍ ഓഫിസര്‍ ഡോ. എസ് രാജു പറഞ്ഞു. കേരളത്തിന്റെ കാലാവസ്ഥയോട് എളുപ്പത്തില്‍ പൊരുത്ത പ്പെടുന്നതും മികച്ച രോഗപ്രതിരോധശേഷിയുള്ളതുമായ തദ്ദേശീയ മലബാറി ആടുകളുടെ പ്രജനനവും സംരക്ഷണവുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡിന്റെ സാറ്റലൈറ്റ് യൂനിറ്റില്‍നിന്നാണ് മലബാറി ആടുകളെ ഫാമിലെത്തിച്ചത്.
മൃഗസംരക്ഷണ വകുപ്പും കാസര്‍കോട് വികസന പാക്കേജും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 22.6 ഏക്കര്‍ സ്ഥലത്താണ് ഫാം യാഥാര്‍ഥ്യമായത്. ആയിരം ആടുകളെ വളര്‍ത്താന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി. ആദ്യഘട്ടത്തില്‍ 200 ആടുകളെ പാര്‍പ്പിക്കാനുള്ള ഹൈടെക് ബ്ലോക്കാണ് കാസര്‍കോട് വികസന പാക്കേജിന്റെ സഹായത്തോടെ പൂര്‍ത്തീകരിച്ചത്.
മൂന്നര ഏക്കറിലാണ് തീറ്റപ്പുല്‍ കൃഷി നടത്തുന്നത്. നാല് തൊഴിലാളികളാണ് പരിപാലന ചുമതല നിര്‍വഹിക്കുന്നത്.

