തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നല്‍; ജില്ലയില്‍ 12 ക്രിയേറ്റിവ് കോര്‍ണറുകള്‍ സജ്ജം
text_fieldsപൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ജില്ലയിലെ ക്രിയേറ്റിവ് കോര്ണറുകളിലൊന്ന്
കാസർകോട്: കുട്ടികളുടെ സർഗാത്മകതക്ക് ചിറകുകള് നല്‍കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയില 12 ക്രിയേറ്റിവ് കോര്‍ണറുകള്‍ ആരംഭിച്ചു. പഠനരീതികളെ കാലാനുസൃതമായി പരിഷ്കരിക്കുന്നതിനാണ് കോർണറുകൾ. പരമ്പരാഗത ലബോറട്ടറി പഠനത്തിന്റെ പരിമിതികള്‍ക്കപ്പുറത്തേക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം ഇടുന്നത്. കേരള പൊതുവിദ്യാഭ്യാസ വകുപ്പ്, കൊച്ചിന് ശാസ്ത്ര സാങ്കേതിക സര്‍വകലാശാല എന്നിവയുടെ സഹകരണത്തോടെ അഞ്ചുലക്ഷം രൂപ വീതം ചെലവഴിച്ച് പൊതുവിദ്യാലയങ്ങളിലെ അറുന്നൂറ് ക്ലാസ് മുറികളാണ് ഈ പദ്ധതി വഴി ക്രിയേറ്റിവ് കോര്‍ണറുകളായി മാറുന്നത്.
വയറിങ്, പ്ലംബിങ്, കൃഷി, ഫാഷന്‍ ടെക്നോളജി, പാചകം തുടങ്ങിയ മേഖലകളില്‍ നേരിട്ടുള്ള പരിശീലനം ലഭ്യമാക്കുന്ന പുതിയ അധ്യാപന രീതിയാണ് സജ്ജീകരിച്ചിരിക്കുന്നത്. 2023-24 അധ്യയന വര്‍ഷത്തിലെ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ പദ്ധതി സംസ്ഥാനത്തെ 300 അപ്പര്‍ പ്രൈമറി സ്കൂളുകളില്‍ നടപ്പാക്കും. വിദ്യാലയങ്ങളിലെ പ്രവൃത്തി പരിചയ ക്ലബിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രിയേറ്റിവ് കോര്‍ണറുകളിലൂടെ വിവിധ തൊഴിൽബന്ധിത പ്രവര്‍ത്തനങ്ങളിലൂടെ പാഠപുസ്തകത്തിലെ ആശയങ്ങളെ രസകരവും ക്രിയാത്മകവുമായി കുട്ടികളിലേക്ക് എത്തിക്കാനും തൊഴിലും വിജ്ഞാനവും രണ്ടായി നില്‍ക്കേണ്ടതല്ലെന്ന ബോധ്യം കുട്ടികളിലുണ്ടാക്കി അതിലൂടെ വിവിധ തൊഴില്‍ മേഖലകളെക്കുറിച്ചുള്ള ശരിയായ മനോഭാവവും ധാരണയും വളര്‍ത്താനും സഹായിക്കും.
നിലവില്‍ ബേക്കല്‍, ചിറ്റാരിക്കാല്‍, കാസര്‍കോട്, ചെറുവത്തൂര്‍, ഹോസ്ദുര്‍ഗ് ഉപജില്ലകളില്‍ രണ്ടു വീതവും മഞ്ചേശ്വരം കുമ്പള ഉപജില്ലകളില്‍ ഒന്നും ഉള്‍പ്പെടെ ജില്ലയില്‍ 12 വിദ്യാലയങ്ങളിലാണ് ക്രിയേറ്റിവ് കോര്‍ണറുകള്‍ ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷം 21 വിദ്യാലയങ്ങള്‍കൂടി കോര്‍ണറുകള്‍ സജ്ജീകരിക്കും. ജില്ല പ്രോജക്ട് കോഓഡിനേറ്റര്‍ വി.എസ്. ബിജുരാജ്, ജില്ല പ്രോഗ്രാം ഓഫിസര്‍ പി. പ്രകാശ്, റിസോഴ്സ് പേഴ്സന്മാരായ യു. സതീശന്, എം. സുമയ്യ, ഷീന മാത്യു, വി. മോഹനന് എന്നിവരടങ്ങിയ സംഘമാണ് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കൂടുതല്‍ സ്കൂളുകളില്‍ ക്രിയേറ്റിവ് കോര്‍ണറുകള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

