ജനാർദന നായകിനെ എന്തിനാണ് മഴയത്ത് നിർത്തുന്നത്?
text_fieldsജനാർദന നായക് വീടിനു മുന്നിൽ
ബദിയടുക്ക: പട്ടികവർഗ കുടുംബത്തിലെ ജനാർദന നായകിന്റെ പൊളിഞ്ഞുവീണ വീട് സർക്കാറിന്റെ ലൈഫ് ഭവനപദ്ധതിയിൽ ഭവനരഹിതരുടെ പട്ടികയിൽ ഇടംപിടിക്കാത്തത് നിർധന കുടുംബത്തെ ദുരിതത്തിലാക്കി. അന്വേഷണം നടത്തിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ കണ്ണിൽ വാസയോഗ്യതയുള്ള വീടെന്ന റിപ്പോർട്ട് ലൈഫ് ഭവന പ്രതീക്ഷയും ഇല്ലാതാക്കി. ബദിയടുക്ക പഞ്ചായത്തിലെ പത്താം വാർഡ് ബാറഡുക്ക കനക്കപ്പാടിയിലെ ജനാർദന നായക്കാണ് മേൽക്കൂര തകർന്ന വീടിന്റെ വരാന്തയിൽ കഴിയുന്നത്.
36 വർഷം മുമ്പാണ് കുടുംബസ്വത്തായി ലഭിച്ച സ്ഥലത്ത് ഓടിട്ട മേൽക്കൂരയുള്ള വീട് കെട്ടിയത്. കഴിഞ്ഞ കാലവർഷത്തിലുണ്ടായ ശക്തമായ കാറ്റിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. ചുമരുകൾക്ക് വിള്ളലുണ്ടായി. റവന്യൂ വകുപ്പ് വഴി ലഭിക്കുന്ന ധനസഹായത്തിന് അപേക്ഷ നൽകിയെങ്കിലും ലഭിച്ചില്ല. നിലവിൽ പൂർണമായും നിലംപതിക്കുന്ന സ്ഥിതിയിലാണ്.
അകത്ത് ഉറങ്ങാൻ ഭയമുള്ളതിനാൽ വരാന്തയിലാണ് കഴിയുന്നത്. ലൈഫ് പദ്ധതിയിൽ വീട് ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ, അതും ലഭിക്കില്ലെന്ന് അറിഞ്ഞതോടെ ആരോടാണ് ഇനി പറയേണ്ടതെന്ന ചോദ്യമാണ് ഇവരുടെ മുന്നിലുള്ളത്. വാസയോഗ്യമായ വീടുകൾ പൊളിച്ച് പുതിയ വീട് കെട്ടാൻ തയാറായവർക്ക് അവസരമുണ്ടാക്കി കൊടുത്തെന്ന പരാതി അന്വേഷണ ഉദ്യോഗസ്ഥർക്കുനേരെ ബദിയടുക്കയിൽ ഉയർന്നുവരുന്നു. എന്നാൽ, ജനാർദന നായക് പട്ടികയിൽനിന്ന് പുറത്തായത് സമ്മർദം ഇല്ലാത്തതിനാലാണെന്നും പറയുന്നു. 65 വയസ്സുള്ള ഇയാൾക്ക് നാല് പെൺ മക്കളാണുള്ളത്. ഇവരെ കല്യാണം കഴിച്ചുകൊടുത്തിരുന്നു. കൂലിപ്പണി എടുത്താണ് കുടുംബം കഴിയുന്നത്. ഇപ്പോൾ അതിന് കഴിയുന്നില്ല. എട്ടു വർഷം മുമ്പ് ഭാര്യ ഗീത തീപൊള്ളലേറ്റ് മരിച്ചു. ഇതോടെ ജനാർദന ഒറ്റക്കായി. ശാരദ എന്ന മകളാണ് സഹായിക്കാനുള്ളത്. വൃക്കരോഗത്തിന് പ്രതിമാസം 2,000 രൂപ മരുന്നിന് വേണം. ആശുപത്രിയിൽ പോകാനും പണം കണ്ടെത്തണം. സർക്കാർ പെൻഷൻ 1,600 രൂപ മാത്രമാണ് വരുമാനം. മരിക്കുന്നതിന് മുമ്പ് അന്തിയുറങ്ങാൻ വീട് വേണമെന്നതാണ് ആഗ്രഹമെന്ന് ജനാർദന നായക് പറയുന്നു.
അതേസമയം, ഈ കുടുംബത്തിന്റെ ദുരിതം നേരിട്ട് അറിയാമെന്നും സാങ്കേതിക പ്രശ്നമാണ് നേരത്തെ പട്ടികയിൽ പെടാതെ പോയതിന് കാരണമെന്നും അധിക പട്ടികയിൽ ഉൾപ്പെടുത്താനുള്ള ശ്രമം നടത്തുന്നതായും വാർഡ് ജനപ്രതിനിധി കൂടിയായ പഞ്ചായത്ത് പ്രസിഡൻറ് ബി. ശാന്ത ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

