കാസർകോട് ജില്ല ആശുപത്രിയിൽ രണ്ട് ഒ.പികൾ പൂട്ടിയിട്ട് മാസങ്ങൾ
text_fieldsജില്ല ആശുപത്രി
കാഞ്ഞങ്ങാട്: ജില്ല ആശുപത്രിയിൽ രണ്ട് ഒ.പികളുടെ പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായി. ഡോക്ടർമാർ കൂട്ടത്തോടെ അവധിയിൽ പോയതോടെ ശനിയാഴ്ച പകുതിയിലേറെ ഒ.പി. വിഭാഗവും പൂട്ടിക്കിടന്നു. 15 ഒ.പികൾ പ്രവർത്തിച്ചിരുന്ന
ജില്ല ആശുപത്രിയിൽ രണ്ട് ഒ.പി വിഭാഗത്തിന്റെപ്രവർത്തനം നിലച്ചിട്ട് ഏറെയായെങ്കിലും ജില്ല പഞ്ചായത്തിന്റെ ഇടപെടലുകളുണ്ടായില്ല. ഫിസിയോതെറാപ്പി, സ്കിൻ വിഭാഗം ഒ.പികളാണ് പൂട്ടി കിടക്കുന്നത്. ശനിയാഴ്ച എട്ട് ഒ.പികളുടെ പ്രവർത്തനം തടസ്സപ്പെട്ടപ്പോഴും ജില്ല പഞ്ചായത്ത് ഇടപെട്ടില്ല. നൂറുകണക്കിന് രോഗികളാണ് ഡോക്ടർമാരില്ലാത്തത് മൂലം കഷ്ടപ്പെട്ടത്.പനി ഉൾപ്പെടെ പ്രധാന ഒ.പികളുടെ പ്രവർത്തനം നിലക്കുന്നത് മലയോരമേഖലയിൽ നിന്നും ഉൾപ്പെടെയെത്തുന്ന രോഗികളെ വലക്കുന്നു. ജില്ല ആശുപത്രിയിലെ ഒ.പിയിൽ നിത്യവും വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. ഡോക്ടറെ കാണാനുള്ള ചീട്ട് തരപ്പെടുത്തണമെങ്കിൽ മണിക്കൂറുകൾ വരി നിൽക്കണം. വരി നിന്ന് ഡോക്ടറെ കാണാനെത്തുമ്പോഴാണ് ഒ.പി യിൽ ഡോക്ടറില്ലെന്നറിയുന്നത്. ഡോക്ടറുണ്ടെങ്കിൽ കാണാനും ഏറെ ക്യൂ നിൽക്കേണ്ട അവസ്ഥയാണ്.