വിവരം സമയബന്ധിതമായി നല്‍കുന്നില്ല -വിവരാവകാശ കമീഷണര്‍
text_fieldsസംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി.കെ. രാമകൃഷ്ണന് പി.ആര് ചേംബറില്‍
സിറ്റിങ് നടത്തുന്നു
കാസർകോട്: വിവരാവകാശ അപേക്ഷകള്‍ക്ക് സമയബന്ധിതമായി വിവരങ്ങള്‍ നല്‍കാതെ കമീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെടുമ്പോള്‍ മാത്രം വിവരം നല്കുന്ന പ്രവണത കാണുണ്ടെന്നും ഇത് ശരിയായ നടപടിയല്ലെന്നും സംസ്ഥാന വിവരാവകാശ കമീഷണര്‍ ടി.കെ രാമകൃഷ്ണന്. ജില്ല പബ്ലിക് റിലേഷന്‍സ് ഓഫിസിലെ പി.ആര് ചേംബറില്‍ നടന്ന കമീഷന്റെ ജില്ലതല സിറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു കമീഷണര്‍.
വിവരം ലഭിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നല്കുന്ന ആര്‍ട്ടിക്കിള്‍ 21 അഥവ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമായതിനാല്‍ അത് നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണ്. വിവരം നല്‍കാനുള്ള ചുമതല ആ ഓഫിസിലെ പൊതു വിവരാവകാശ ഓഫിസര്‍ക്ക് മാത്രമല്ല. ഓഫിസിലെ മുഴുവന്‍ ജീവനക്കാരും ഇക്കാര്യത്തില്‍ കൂട്ടത്തരവാദിത്വമുണ്ട്. വിവരാവകാശ നിയമം വകുപ്പ് 4(1) പ്രകാരം ഒരു കാര്യാലയത്തിലെ ഫയലുകളും വിവരങ്ങളും രേഖകളും പട്ടിക തിരിച്ച്, ക്രമപ്പെടുത്തി വെക്കേണ്ടത് ആ ഓഫിസിലെ വകുപ്പുമേധാവിയുടെ ഉത്തരവാദിത്വമാണ്. സ്വമേധയ വെളിപ്പെടുത്തുന്ന വിവരങ്ങള്‍ അപ്രകാരം ചെയ്യേണ്ടതുമാണ്. പൊതുവിവരാവകാശ ഓഫിസര്‍ വിവരം നല്കിയിട്ടില്ലെങ്കില് ഒന്നാം അപ്പീല്‍ അധികാരി കാര്യക്ഷമമായി ഇടപെടേണ്ടതാണ്. വിവരം നല്കാന് നിയമമനുവദിച്ചിരിക്കുന്ന പരമാവധി സമയപരിധി മാത്രമാണ് 30 ദിവസമെന്നും ഏറ്റവും വേഗത്തില്‍ വിവരാവകാശ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ തന്നെയാണ് നിയമം അനുശാസിക്കുന്നതെന്നും കമീഷണര്‍ പറഞ്ഞു.
വിവരം നല്കാന് ചുമതലയുള്ള പൊതു വിവരാവകാശ ഓഫിസര്‍ വീഴ്ച വരുത്തുമ്പോഴാണ് ഒന്നാം അപ്പീല്‍ അധികാരിക്ക് അപ്പീന്‍ പോകുന്നതെന്നും അവിടെയും തൃപ്തികരമായ മറുപടി ലഭിക്കാതിരിക്കുമ്പോള്‍ രണ്ടാം അപ്പീല്‍ അധികാരിയായ വിവരാവകാശ കമീഷനിലേക്ക് അപ്പീല്‍ ലഭിക്കുന്നതെന്നും കാര്യങ്ങള്‍ അവിടെ വരെ വലിച്ചു നീട്ടേണ്ട ആവശ്യമില്ലന്നും എത്രയും വേഗം വിവരം ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും കമീഷണര്‍ പറഞ്ഞു. വകുപ്പുകളുടെയും ഓഫിസുകളുടെയും വെബ്സൈറ്റുകള്‍ വിവരങ്ങളുടെ സ്രോതസ്സ് ആകണം.
വെബ്സൈറ്റുകള്‍ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. അപ്രകാരം ചെയ്യാത്തതിനാല്‍ വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ പലപ്പോഴും വിളിച്ചാല്‍ കിട്ടാത്ത അവസ്ഥയാണുള്ളത്. സിറ്റിങ്ങില്‍ പരിഗണിച്ച 17 ഹര്‍ജികള്‍ തീര്‍പ്പാക്കി. ചില അപേക്ഷകളില്‍ വിവരം നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ അപേക്ഷകളും പഞ്ചായത്ത്, റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

