ചട്ടങ്ങൾ മുറുകെ പിടിച്ചും വിമർശനം ഏറ്റുവാങ്ങിയും ഇമ്പശേഖരന് പടിയിറക്കം
text_fieldsകാസർകോട്: സാധാരണക്കാരിൽ സാധാണക്കാരനായി വളർന്ന് ഐ.എ.എസ് എത്തിപിടിച്ച ഇമ്പശേഖരനു മുന്നിൽ രാഷ്ട്രീയ പരിഗണനകളുണ്ടായിരുന്നില്ല. എല്ലാം ഫയലുകളിൽ നീക്കിയ ഇമ്പശേഖരൻ ഭരിക്കുന്ന പാർട്ടിക്കും പ്രതിപക്ഷത്തിനും തുല്യപരിഗണന നൽകി. ബി.ജെ.പിക്കുവരെ സ്പേസ് നൽകി. ലോക്സഭ തെരഞ്ഞെടുപ്പിൽ മുഹൂർത്തം നോക്കി പത്രിക നൽകാനെത്തിയ രാജ്മോഹൻ ഉണ്ണിത്താന്റെ മുഹൂർത്തം തെറ്റിച്ചത് ശ്രദ്ധേയമായി. സ്ഥാനാർഥിയായ ഉണ്ണിത്താൻ കലക്ട്രേറ്റിൽ കുത്തിയിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനെത്തിയ മുസ്‍ലിംലീഗ് അംഗം സമയക്രമം പാലിക്കാത്തതിനാൽ പുറത്തുനിർത്തി. വോട്ടുചെയ്യാനനുവദിച്ചില്ല എന്നത് ഇമ്പശേഖരന്റെ നടപടിയായിരുന്നു. ആരിക്കാടി ടോൾ വിഷയത്തിൽ കലക്ടറെ കാണാനെത്തിയ എ.കെ.എം. അഷ്റഫ് എം.എൽ.എയെയും സി.പി.എം കുമ്പള ഏരിയാ സെക്രട്ടറി സി.എ. സുബെറിനെയും കലക്ട്രേറ്റിൽനിന്ന് പുറത്താക്കിയ വിഷയവും ശ്രദ്ധേയമായി. സർവിസ് ചട്ടങ്ങൾ സദാസമയവും തുറന്നുവെച്ചുകൊണ്ട് സേവനം നടത്തുന്നതിനൊപ്പം പാവപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിനും ജില്ലയുടെ വികസന പ്രവർത്തനങ്ങൾ സാധ്യമാക്കുന്നതിലും ഇമ്പശേഖരൻ ശ്രദ്ധിച്ചു.
നിരവധി ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ ജില്ലക്കുവേണ്ടി ഏറ്റുവാങ്ങി. 2023 മേയ് 19നാണ് ജില്ലയുടെ ഇരുപത്തിയഞ്ചാമത് കലക്ടറായി കെ. ഇമ്പശേഖര്‍ ചുമതലയേറ്റത്. പരപ്പ ആസ്പിറേഷനല്‍ ബ്ലോക്കിന് പ്രധാനമന്ത്രിയുടെ സദ്ഭരണ പുരസ്‌കാരം ലഭിച്ചത് കലക്ടറുടെ മികവിനുള്ള അംഗീകാരമായി. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ മികച്ച ഇലക്ഷന്‍ ജില്ലക്കുള്ള പുരസ്‌കാരം രാഷ്ട്രപതിയിൽനിന്ന് ഏറ്റുവാങ്ങി. ഡിജിറ്റല്‍ സർവേ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച ജില്ല കലക്ടര്‍ പുരസ്‌കാരം ലഭിച്ചു. മികച്ച ഭിന്നശേഷി സൗഹൃദ ജില്ലക്കുള്ള സംസ്ഥാന സാമൂഹികനീതി വകുപ്പിന്റെ പുരസ്‌കാരവും ജില്ലക്ക് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

